വടക്കേമുറ്റത്തഴയില്‍
അലക്കി വിരിച്ചസാരി
ഇളംകാറ്റത്തിടയ്ക്കെല്ലാം
ഇളകിയാടും

അതുകണ്ടാലെനിക്കാകെ
വിറയലാകും

അഴുക്കുവന്നടിയുന്നോ-
രുടുപ്പാണീയുടലെന്ന്
എഴുത്തച്ഛന്‍ കവിതയില്‍
കുറിച്ചിട്ടില്ലേ!

മരിച്ചിട്ടും തുണി 
കാറ്റത്തനങ്ങുന്നില്ലേ!

മഴചാറിത്തുടങ്ങുമ്പോള്‍
മണിയാറ് കഴിയുമ്പോള്‍
നനഞ്ഞപ്രേതങ്ങളെന്നെ
തുറിച്ചു നോക്കും

ഉടഞ്ഞാലും മുഷിഞ്ഞാലും
വെയിലേറ്റ് നരച്ചാലും
ഉടുത്താലും ഉരിഞ്ഞാലും
ഉപമിച്ചാലും

ജലം വാര്‍ന്നു തളര്‍ന്നാലും
ചുളിവുകള്‍ നിവര്‍ത്തിയി-
ട്ടലമാരയ്ക്കുള്ളില്‍ ജഡം
അടക്കിയാലും

തുണിയെന്നും തുണിതന്നെ
ഉടലെന്നുമുടല്‍ തന്നെ
മരിച്ചവര്‍ വിവസ്ത്രരായ്
ഒളിവില്‍ത്തന്നെ

പുറത്തപ്പോള്‍ മഴത്താളം
കനക്കും ഞാന്‍ പനിച്ചൂടില്‍
പുതപ്പുകള്‍ക്കകത്തെങ്ങോ
ചുരുണ്ടുകൂടും

തണുത്താലും വിറച്ചാലും
പനിച്ചാലും മഴക്കാലം
നിലയ്ക്കുംമുമ്പെനിക്കൊന്ന്
കുളിച്ചേ തീരൂ

അടിമുടി നനയേണം
അഴുക്കെല്ലാമൊഴിയേണം
കുളിക്കുമ്പോള്‍ കിളിപ്പാട്ടിന്‍
കുളിരു വേണം

വഴുക്കുന്ന കഴല്‍ മുതല്‍ 
കഴുത്തോളം വെളിച്ചെണ്ണ
മണക്കുന്ന മലയാളം 
മുഴങ്ങിക്കത്തും
വിളക്കിന്‍റെ വെളിച്ചത്തില്‍
നിലത്തിരുന്നെഴുത്തച്ഛന്‍
ഒഴുക്കോടേ രാമായണം
ഉരുവിടുമ്പോള്‍

അഴിച്ചിട്ട തുണിയെല്ലാം 
ശവശരീരങ്ങള്‍ പോലെ
ജലംതേടി വെയില്‍തേടി
ഇറങ്ങിയോടും

വലം കെെയ്യാല്‍ മുലക്കണ്ണും
ഇടം കെെയ്യാലരക്കെട്ടും
മറച്ചുഞാനുടുപ്പില്ലാതിരുട്ടില്‍
നില്ക്കും