pratheeshmp

പുറന്തോട്

ഒരു കടൽ ജന്തുവിന്റെ വലിയ പുറന്തോടായിരുന്നു അത്
ഇടങ്കാതിൽ ചേർത്തു വച്ചു.
മുപ്പതാമത്തെ വയസ്സിലൊരുത്തി,
കേൾവിയില്ലാത്തവൾ,
തനിച്ചു പാർക്കുന്ന വീട്ടിൽ.
ആ വീടിന്നിറയിൽ പാമ്പിഴഞ്ഞു വളയൂരിയിട്ടതും
വിരിച്ചിട്ടതുണികളിൽ ചീവീടിൻ
ചിറകുരഞ്ഞതും
ഭൂമിക്കടിത്തട്ടിൽ ചുട്ട ശ്വാസം വിങ്ങി നിൽപ്പതും
അവൾ കേട്ടു

വിരലറ്റങ്ങൾ കൊണ്ട്
അല്ലെങ്കിൽ ഉള്ളങ്കാലുള്ളം കൊണ്ട്
തൊലി കൊണ്ട്

ആ രാത്രിക്കിരുപുറവുമുണ്ടായി വന്നൂ
രണ്ടു കാതുകളെന്നും തോന്നി
കൂമന്റെ മൂളക്കം മുറിക്കകത്തു കുമിഞ്ഞു

നട്ടപ്പാതിരയ്ക്കവൾ
ഉണർന്നെഴുന്നേറ്റ്
അഴികളിൽച്ചാരി
പുറത്തേക്കു നോക്കുമ്പോൾ കണ്ടു

തോടിന്റെ ചുഴിച്ചുറ്റിനുള്ളിൽ നിന്നും
ആ ജീവി പുറത്തേക്കിഴഞ്ഞു പോരുന്നു