xjkennedy

പുരാവസ്തുമേളയിൽ

മൊഴിമാറ്റം: സച്ചിദാനന്ദന്‍

മൃതർ‍ക്കു പ്രിയങ്കരമീവിള കൊയ്യാനേതാ-
ണസുരഗണം വന്നൂ? നിശ്ശബ്ദമിഴഞ്ഞെത്തീ
അതിഥിമുറികളിലൂടവരവിരാമം,
അറ്റുവീണിടും വിരൽകളിൽനിന്നോരോന്നായി-
ച്ചുറ്റുമോതിരമൂരി; തട്ടിമാറ്റി പിന്നെല്ലാം:
പിരിച്ചു പണ്ടേ വിട്ട സേനകളുടെ പിഞ്ഞി-
ദ്ദ്രവിച്ച അണിവേഷം, വഴിയിലുപേക്ഷിച്ച
കുരുടന്‍മിഴികളാൽ തുറിച്ചു നോക്കും പാവ-
ക്കുട്ടികൾ, പിന്നെ മൂത്രപ്പാത്രങ്ങൾ, അരിപ്പകൾ,
തട്ടിമാറ്റിനാർ‍ അത്യപൂർ‍വ്വമായവ, എലി
മുറ്റുമേ കരണ്ടവ, കൊമ്പിന്റെ മകുടവു–
മേറ്റി നിന്നിടും മാനിന്നുന്നതശീർഷം പോലും.
ഒരിക്കൽ പണം വാരീ ബന്ധുക്കൾ, ഇപ്പോൾ നമ്മൾ
നടപ്പൂ തള,ർ‍ന്നാരും തേയ്ക്കാത്ത ലൈഫ്ബോയ്സോപ്പും
എൺപതു വർ‍ഷംചെന്ന, ചില്ലിട്ട, കുരങ്ങുകൾ
തന്‍ പടങ്ങളും, പിന്നെ സ്ത്രീധനമായ് കിട്ടിയ
മഞ്ഞച്ച വിരികളും നിറഞ്ഞ കളിവീട്ടിൽ.
നിറവേറാത്തോരാഗ്രഹങ്ങൾ തൂങ്ങിടുന്നു കാർ‍-
മുകിൽ പോൽ, ലാഭം തേടിത്തപ്പുന്നൂ പ്രയോജന-
രഹിതം കൊല്ലപ്പെട്ടോരുടെ സമ്പാദ്യം നമ്മൾ.
......


സച്ചിദാനന്ദനുമായി കവി നടത്തിയ അഭിമുഖം