പാതിരയ്ക്ക്
ബഹളങ്ങളൊക്കെ
ധൃതിയില്‍ അടുക്കിപ്പെറുക്കിവെച്ച്
ഒന്നു നടു നിവര്‍ത്താനുള്ള തിരക്കിലാണ്
തെരുവ്.

ഉറക്കം വരാത്ത ചില സൈക്കിള്‍ മണിയടികള്‍
പിടികൊടുക്കാതെ ചുറ്റിത്തിരിയുന്നുണ്ട്
നിര്‍ത്തിയിട്ട വയസ്സന്‍ ടാക്സികള്‍
അറിയാതെ കീഴ്ശ്വാസം വിടുന്നുണ്ട്
ദൂരെയെവിടെയോ
തമ്മില്‍ ഇടഞ്ഞ രണ്ടു തീവണ്ടികളുടെ 
സീല്‍ക്കാരങ്ങള്‍
റോഡരികില്‍ നിന്നുറങ്ങുന്ന ദൈവത്തിന്റെ
ചുവന്ന കിരീടം മാത്രം 
ഇരുട്ടത്ത് മിനുങ്ങുന്നു.

ഒറ്റയ്ക്കിരുന്നു മോങ്ങുന്ന
പഴഞ്ചന്‍ ഹാര്‍മോണിയത്തിനു ചുറ്റും
ഉറക്കം തൂങ്ങുന്ന വഴിക്കച്ചവടങ്ങള്‍
തീര്‍പ്പാകാതെപോയ പ്രണയം പോലെ
കീറിപ്പറിഞ്ഞ സംഗീതവീചികള്‍
തെരുവിന്റെ ശരീരമാകെ മണത്തു നടക്കുന്നു.