ആകാശമെന്നോട് 
ചിറകുകളില്ലാത്തൊരു പക്ഷിയാണ്
നീയെന്നു പറഞ്ഞു

മേഘങ്ങള്‍ക്കുമില്ലല്ലോ ചിറകുകള്‍
മേഘമാവുമോ നീ ?

ഞാനൊന്നും മിണ്ടിയില്ല
ആകാശം
മേഘങ്ങളിലൂടെ പരന്നൊഴുകുന്നത്
നോക്കി നില്‍ക്ക മാത്രം ചെയ്തു്

നിനക്ക് മേഘമാവണോ?
ആകാശമെന്നോട് ചോദിച്ചു
വീട് വിട്ടിറങ്ങുമോ?
അലയാന്‍ ഒരുക്കമാണോ?

ഞാനൊന്നും മിണ്ടിയില്ല
മേഘങ്ങള്‍
അകലേക്ക് നീങ്ങുന്നതും
മഞ്ഞാകുന്നതും
മഴയാകുന്നതും
നോക്കി നില്‍ക്ക മാത്രം ചെയ്തു്

ആകാശമെന്നോട് 
ചിറകുകളില്ലാത്തൊരു പക്ഷിയാണ്
നീയെന്ന് പറഞ്ഞു

ഞാനൊന്നും മിണ്ടിയില്ല
പക്ഷികള്‍
ദൂരങ്ങളിലേക്ക്
ചിറകടിക്കുന്നത്
നോക്കി നില്‍ക്ക
മാത്രം ചെയ്തു

എന്റെ തൂവലുകള്‍
കാറ്റില്‍
ആദ്യമായ് ഉയര്‍ന്നു.