rabindranathtagore

പന്ത്രണ്ടുമണി

മൊഴിമാറ്റം: കെ വി സുരേഷ്


അമ്മേ, 
എന്‍റെ പുസ്തകങ്ങള്‍ ഇപ്പോഴെടുത്തുപഠിക്കാന്‍
എനിക്കുതോന്നുന്നില്ല.
എല്ലാ പ്രഭാതങ്ങളിലും ഞാനവ വായിക്കാറുണ്ടല്ലോ!

അമ്മ പറയുന്നു, ഇപ്പോള്‍ പന്ത്രണ്ടുമണിയേ ആയിട്ടുള്ളൂ എന്ന്.
സമയം ഒട്ടുംതന്നെ വൈകുന്നില്ല എങ്കില്‍
മണി പന്ത്രണ്ടായിത്തന്നെ നില്‍ക്കെ
ഇതുവൈകുന്നേരമാണ് എന്ന് 
എപ്പോഴെങ്കിലും അമ്മക്ക് ചിന്തിക്കാനാവുമോ?

എന്നാല്‍,
ആ പാടത്തിന്‍റെ അറ്റത്തേക്ക് സൂര്യന്‍ ചാഞ്ഞെത്തി എന്നും
വൃദ്ധയായ ആ മുക്കുവ സ്ത്രീ
അത്താഴത്തിനായി കുളക്കരയില്‍നിന്ന്
പ്ലാവിലകള്‍ ശേഖരിച്ചുകൊണ്ടിരിക്കയാണെന്നും
നിസ്സാരമായി എനിക്ക് സങ്കല്‍പ്പിക്കാനാവുന്നുണ്ട്.

ആ മാതളത്തിന് താഴെ 
നിഴലുകള്‍ക്ക് കട്ടി കൂടിക്കൂടിവരുന്നുവെന്നും
കുളത്തിലെ വെള്ളം ഇരുണ്ടുതുടങ്ങി എന്നും
വെറുതെ കണ്ണടച്ചിരുന്ന് എനിക്ക് വിചാരിക്കാനാവുന്നുണ്ട്.

പന്ത്രണ്ടുമണിക്ക് രാത്രിയില്‍ വരാമെങ്കില്‍
ഇത് പന്ത്രണ്ടുമണിയായിരിക്കെ, ഇപ്പോള്‍
രാത്രിക്കെന്തുകൊണ്ട് വന്നുകൂടാ......?