adilmadathil

നിഴലുകള്‍ക്കിടയില്‍

ജനാലകള്‍ തുറന്നിട്ട്
കിടക്കാനായി വിരിപ്പു-
തട്ടിക്കുടയുമ്പോഴേക്കും
ഇറ്റിറ്റു പെയ്യും മഴ.

ഇതൊരു ശീലമോ
യാദ‍ൃശ്ചികതയോ ആവാം.
ജനാലകളടക്കുന്നു
മുറിയിലെ ഇരുളടക്കുന്നു.

ഉറങ്ങാനാവാതെ പെയ്യും-
മഴ കേട്ടുണര്‍ന്നു കിടക്കുമ്പോള്‍
നനയുന്നുണ്ട്
ജനാലകള്‍ തുറന്നിട്ടൊരിരുള്‍ മുറി.

മഴ നിലച്ചതെപ്പോള്‍
ഉറങ്ങിയതെപ്പോഴെന്നറിയാതെ
ഉണരും
വെയില്‍ വെളിച്ചം തഴമ്പിച്ച
ജനാലകള്‍ തുറന്നിടും.

ഉറക്കത്തില്‍
മഴപ്പാറ്റലേറ്റു കിടന്നതിന്‍
ഇരുണ്ടയോര്‍മകള്‍ തെളിയും.

യാഥാര്‍ത്ഥ്യമേതു സങ്കല്‍പ്പമേതെന്നു
തിരിയാതെ നില്‍ക്കുമ്പോള്‍
വെളിച്ചത്തിലടരും മഴ.

‍ജനാലകളടക്കും.