nasimudheenpa

ദൈവവും കളിപ്പന്തും

feature image

പ്രപഞ്ച ഭാവിയെക്കുറിച്ചുള്ള
ദുസ്തര സങ്കീർണമായ
ചിന്തകൾക്കു ശേഷം
ഒന്നുറങ്ങാൻ
ദൈവം പണിപ്പെടെ;
സ്വർഗവാതിലിലൂടെ -
ഒരു കൊച്ചു പയ്യൻ
ഭൂമിയിൽ
കളിപ്പന്തുമായോടുന്നതു കണ്ടു.

ദൈവമവന്റെ ശിരസ്സിൽ
ജ്ഞാനത്തിന്റെ ഒരു കണമേകി
വിധിയെഴുത്തുകൾ
മാറ്റിയെഴുതാനാരംഭിച്ചു

പെട്ടെന്നവൻ
കളിക്കളം വിട്ട്
ഏകാന്തതയിലേക്ക്
കേറിപ്പോയി.

അറിഞ്ഞതിലെല്ലാം
അവനറിയാത്തതിനെയറിഞ്ഞു
അറിയാത്തവയിൽ പിന്നെയും
അറിയാത്തതിനെയറിഞ്ഞു 

വായനശാലയുടെ
ഓരങ്ങളിൽ
അവൻ മുഷിഞ്ഞു വളരുന്നത്
ദൈവം സാകൂതം നോക്കിക്കണ്ടു.

ഒരിക്കലോർമ്മയില്ലാതെ
അവനലറി
ഈ പ്രപഞ്ചത്തിന്
എങ്ങോ ശൂന്യതയുണ്ട്!

ആർത്തെത്തിയ ജനം
അവനെ പരിഹസിച്ചു കൂവി 
അവൻ കുടിച്ച വിഷം
അവന്റെയുഷ്ണത്താൽ
നീരാവിയായ്പോയ്

അവൻ കെട്ടിയ കുരുക്ക്
അവന്റെ തന്നെ കൈകളാൽ
അഴിഞ്ഞു വീണു.

ഇരു കരങ്ങളും ചേർത്ത്
അവൻ ആകാശത്തേക്ക്
കേണു പറഞ്ഞു

ദൈവമേ, ദൈവമേ
ഈയിടെയായ്
എനിക്കെന്തോ സംഭവിക്കുന്നു!
കഴിയുമെങ്കിൽ ഉരുട്ടിക്കളിച്ചിരുന്ന
പഴയ കളിപ്പന്ത് തിരിച്ചു തരിക.

ആകാശത്തു നിന്ന്
അവന്റെ തുറന്ന കൈകളിലേക്ക്
ഒരു സ്വർണപ്പന്തുവന്നു വീണു.
അതുരുട്ടിയുരുട്ടി
അവൻ നിരത്തിലൂടെ പോകുന്നത്,
വർണശബളമായ ജനാവലികൾ
സ്വീകരിക്കുന്നത്,
ഉമ്മ വെക്കുന്നത്,
ഉറക്കമില്ലാതെ കണ്ട്
തന്റെ ദുസ്തര സങ്കീർണ്ണതകളിലേക്ക്
ദൈവം വീണ്ടും മടങ്ങിവീണു