kedarnathsingh

ദൈവം ഇല്ലാതിരുന്നിട്ടും

മൊഴിമാറ്റം: പി പി രാമചന്ദ്രന്‍

എത്ര വിചിത്രമായിരിക്കുന്നു
ദൈവം ഇല്ലാഞ്ഞിട്ടും
രാവിലെ പത്തുമണിയായപ്പോഴേക്കും
ലോകം അതിന്റെ പണികളിലേര്‍പ്പെട്ടുതുടങ്ങി

ബസ്സുകളെല്ലാം ആളുകളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു
ആളുകളാകട്ടെ, പതിവുപോലെ ധൃതിയിലും

ദൈവം ഇല്ലാതിരുന്നിട്ടും
തോളില്‍ ബാഗും തൂക്കി
ഈ പോസ്റ്റ്മാന്‍
പതിവുകറക്കത്തിന് ഇറങ്ങിയിരിക്കുന്നു

ബാങ്കുകളെല്ലാം സമയത്തിനു തുറക്കുന്നു
പുല്ല് വളര്‍ന്നുകൊണ്ടിരിക്കുന്നു
എല്ലാ കണക്കുകൂട്ടലുകളും - എത്ര സങ്കീര്‍ണ്ണമായാലും-
ഒടുക്കം ശരിപ്പെടുന്നു
ജീവിച്ചിരിക്കേണ്ടവന്‍ ജീവിച്ചിരിക്കുന്നു
മരിക്കേണ്ടവന്‍ മരിക്കുന്നു
ദൈവം ഇല്ലാതിരുന്നിട്ടും

എത്ര വിചിത്രമായിരിക്കുന്നു
തീവണ്ടികളെല്ലാം
ഒരു സ്റ്റേഷനിലല്ലെങ്കില്‍ മറ്റൊരു സ്റ്റേഷനില്‍
കൃത്യസമയത്തോ വൈകിയോ
എത്തുകയോ പുറപ്പെടുകയോ ചെയ്തുകൊണ്ടിരിക്കുന്നു
ദൈവമില്ലാതിരുന്നിട്ടും
ഇലക്ഷന്‍ നടക്കുന്നു
ആകാശത്ത് വിമാനങ്ങള്‍ പറക്കുന്നു

ദൈവമില്ലാതിരുന്നിട്ടും
കുതിരകള്‍ ചിനയ്ക്കുന്നു
കടലില്‍ ഉപ്പുണ്ടാകുന്നു
ഒരു കുരുവി
പകല്‍മുഴുവന്‍ പരിഭ്രമിച്ച്
അങ്ങിങ്ങലഞ്ഞ്
ഒടുക്കം എങ്ങനേയോ
കൂട്ടിലേക്കുള്ള വഴി കണ്ടെത്തുന്നു
ദൈവം ഇല്ലാഞ്ഞിട്ടും

ദൈവമില്ലാതിരുന്നിട്ടും
എന്റെ ദുഃഖം എന്നത്തേയുംപോലെ
അഗാധമായിരിക്കുന്നു
പത്തുവര്‍ഷം മുമ്പ്
ഞാന്‍ സ്‌നേഹിച്ച പെണ്ണിന്റെ തലമുടി
അപ്പോഴെന്നപോലെ കറുത്തിരിക്കുന്നു
ഈ വീടു വിട്ടുപോകുന്നതും
തിരിച്ചുവരുന്നതും
ഇപ്പോഴും പ്രിയങ്കരമായിത്തന്നെ തോന്നുന്നു

എത്ര വിചിത്രമാണിതെല്ലാം
വെള്ളം ഒഴുകിക്കൊണ്ടേയിരിക്കുന്നു
ഒഴുക്കിനു കുറുകെ
കൈകളുയര്‍ത്തിക്കൊണ്ട്
ആ പാലം നില്‍ക്കുന്നു
ദൈവം ഇല്ലാതിരുന്നിട്ടും