മുറ്റത്തു മണ്ണിൽക്കളിക്കുന്ന നേരത്തു  
മുതുകത്തു വന്നു വീണതാണ്  
കനമുള്ളതെന്തോ  
തണുപ്പോടെയെന്തോ  
നനയുന്നതെന്തോ  
ഒന്നിന്റെ തുമ്പ്   

പുറംകുപ്പായത്തിന്റെ 
മുതുകിലൊരു വട്ടത്തിൽ  
കുതിർന്ന് നീല,യിരുൾനീലയായി, 
കുഴിഞ്ഞിരിക്കുന്നു   

പിന്നിലേക്ക് കൈയെത്തിച്ച് 
അവൾ തൊട്ടു നോക്കി 
മരവിച്ച ഒരു പാൽക്കട്ടി  
അലിഞ്ഞുകൊണ്ടിരുന്നു  

അവൾ മീതേയ്ക്കു നോക്കി  
വാനമിരുട്ടിയിരുന്നു   
അത്രനേരവും തലക്കുമോളിൽ   
ചിരിച്ചോണ്ടിരുന്ന ചന്ദ്രനെ  
അവിടെങ്ങും കണ്ടില്ല   

അവളുടെ വിരലുകളിൽ വെളിച്ചം പുരണ്ടിരുന്നു