ammudeepa

ജമീലാത്ത

അപ്രത്തെ ബംഗ്ലാവു വീട്ടിലെ
ജമീലാത്ത ഒരിക്കലിറങ്ങി വന്നു.
‘മുകൾനിലയിലെ ജനൽ തുറന്നിട്ടു കൂടെ?’
സ്റ്റെയർ‍കെയ്സിന്റെ തിരിവിലെ
ഉയരത്തിലുള്ള ജനൽ ചൂണ്ടിക്കാട്ടി
ബുർ‍ഖയുടെ മൂടുപടം പുറകിലേക്കിട്ടു കൊണ്ട്
അവർ ‍ചോദിച്ചു.
‘മുന്‍പിവിടെ താമസിച്ചവർ‍
അത് തുറന്നിടുമായിരുന്നു.’
അങ്ങനെയൊരു ജനൽ
ഈ വാടക വീട്ടിലുള്ളത്
ആദ്യമായ് എന്റെ ശ്രദ്ധയിൽപ്പെട്ടു.
‘ഓ തുറന്നിടാം’
മുഖപടം താഴ്ത്തിയിട്ട് സന്തോഷത്തോടെ
അവർ‍ തിരിച്ചുപോയി.
പൊടിപിടിച്ചു കിടന്ന സ്റ്റെയർ‍കെയ്സ്
ശ്രമപ്പെട്ടു കയറി ഞാനാ ജനാലയ്ക്കരുകിലെത്തി.
ചെറുതും വർ‍ണച്ചില്ലുകൾ പതിച്ചതുമായ
ഭംഗിയുള്ള ജാലകം.
കുതികാൽ പൊക്കിനിന്ന്
കൈയ്യെത്തിച്ച് ഞാനതു തുറന്നു.
നിറയെ കായ്കൾ തൂങ്ങിക്കിടക്കുന്ന
പേരക്കൊമ്പുകൾക്കിടയിലൂടെ
ജമീലാത്ത കയറിപ്പോയ വീടു ഞാൻ കണ്ടു.
മുകൾനിലയിലെ ചെറിയ ജാലകത്തിലൂടെ
താത്തയോടു രൂപസാദൃശ്യമുള്ള ഒരു സ്ത്രീ
എന്നെത്തന്നെ ഉറ്റുനോക്കി നിൽക്കുന്നതായും.