rabindranathtagore

ചെമ്പകപ്പൂവ്

മൊഴിമാറ്റം: കെ വി സുരേഷ്

feature image



അമ്മേ,
ആ കാണുന്ന ചെമ്പകത്തിന്‍റെ നിറുകെയുള്ള കൊമ്പില്‍
ഞാന്‍, വെറുതെ രസത്തിന്, 
ഒരു പൂവായി വിരിഞ്ഞ്
ഇളംകാറ്റിനൊപ്പം തലകുലുക്കുകയും
തളിരിലകള്‍ക്കുമീതെ തുള്ളിച്ചാടി നൃത്തം വെക്കുകയും ചെയ്താല്‍
അമ്മക്കെന്നെ തിരിച്ചറിയാനാകുമോ?

അമ്മ വിളിക്കും:
"എന്‍റെ കുട്ടീ, നീ എവിടെയാണ്?"
അപ്പോള്‍ ഞാന്‍ ഇലകള്‍ക്കിടയിലേക്ക് ഒന്നുകൂടി പതുങ്ങുകയും
സ്വയം ഊറിച്ചിരിക്കുകയും ചെയ്യും.
എന്‍റെ ഇതളുകള്‍ പയ്യെ വിരുത്തി
അമ്മ ചെയ്യുന്നതെല്ലാം ഞാന്‍ നോക്കിക്കാണും.

കുളികഴിഞ്ഞ്, ഈറന്‍ മുടിയിഴകള്‍ ചുമലിലേക്ക് വിതുര്‍ത്തിയിട്ട്
ഈ ചെമ്പകത്തണലിലൂടെ, 
തൊടിയിലെ പ്രാര്‍ത്ഥനാലയത്തിലേക്ക് പോകുമ്പോള്‍
ഒരു പുതുപൂവിന്‍റെ മണം തീര്‍ച്ചയായും അമ്മ ശ്രദ്ധിക്കും;
അത് എന്നില്‍നിന്നാണ് വരുന്നത് എന്നറിയാതെ.

ഉച്ചയൂണുകഴിഞ്ഞ്,
തൊടിയിലേക്ക് തുറന്നിട്ട ജനല്‍പ്പടിയില്‍,
ശിരസ്സിലും മടിയിലും 
ഈ വന്‍മരത്തിന്‍റെ തണല്‍ പതിപ്പിച്ചുകൊണ്ട്
അമ്മ ഗ്രന്ഥം വായിച്ചിരിക്കുമ്പോള്‍,
ഞാന്‍ എന്‍റെ കുഞ്ഞുനിഴല്‍
അമ്മ അപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന ഏടിലെ
വരികള്‍ക്കിടയിലേക്ക് കൃത്യമായി വീഴ്ത്തിക്കൊണ്ടിരിക്കും.
തുള്ളിക്കളിക്കുന്ന ആ കൊച്ചുനിഴല്‍
അമ്മയുടെ കുട്ടിയുടേതാണെന്ന്
അമ്മക്ക് തിരിച്ചറിയാനാകുമോ?

കൊളുത്തിപ്പിടിച്ച കൈവിളക്കുമായി, സന്ധ്യക്ക് 
അമ്മ പശുത്തൊഴുത്തിലേക്ക് പോകുമ്പോള്‍
ഞാന്‍ പെട്ടെന്ന് ഞെട്ടറ്റ് മണ്ണില്‍ പതിക്കുകയും
അമ്മയുടെ പഴയ കുട്ടിയായി മാറി
ഒരു കഥ കേള്‍ക്കാനായി വാശിപിടിക്കയും ചെയ്യും.
അപ്പോഴും ഇതുമാത്രമായിരിക്കും നമ്മള്‍ പറയുക:
"വികൃതി, നീ ഇതുവരെ എവിടെയായിരുന്നു?"
"അയ്യോ! അതുമാത്രം പറഞ്ഞുകൂടാ അമ്മേ......."