ppramachandran

ചട്ടങ്ങളില്ലാത്ത ചിത്രങ്ങള്‍

1

"വിക്ടോറിയ ടെര്‍മിനസ്സിലെ പ്ലാറ്റ്ഫോമുകളിലൊന്നില്‍ ഒരു വണ്ടി വന്നുനിന്നു. താഴ്വരകളും മരുഭൂമികളും താണ്ടിയും നാട്ടിന്‍പുറങ്ങളെ മുറിച്ചും നഗരങ്ങളെ തുളച്ചും ദിവസങ്ങളോളം കിതച്ചോടിയ വണ്ടി. ഇപ്പോള്‍ ടെര്‍മിനസ്സിലെ ബഫറുകളില്‍ മുട്ടി അതു വിശ്രമിച്ചു."

ആനന്ദിന്റെ ആള്‍ക്കൂട്ടം എന്ന നോവല്‍ ആരംഭിക്കുന്നത് ഈ വാക്യങ്ങളോടെയാണ്. ഉപജീവനത്തിനായി ഗ്രാമങ്ങളുപേക്ഷിച്ച് മനുഷ്യര്‍ നഗരങ്ങളിലേക്ക് ചേക്കേറാന്‍ തുടങ്ങിയ കാലത്തിന്റെ വിഹ്വലതകളായിരുന്നു ആ നോവല്‍.

മലയാളികള്‍ മറുനാട്ടിലും വെളിനാട്ടിലുമുള്ള നഗരങ്ങളില്‍ പാര്‍ക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായെങ്കിലും കവിതയില്‍ ആ ജീവിതാനുഭവം പ്രതിഫലിച്ചുതുടങ്ങിയത് ഏറെ വൈകിയാണ്. 'നഗരത്തില്‍ ഒരു യക്ഷന്‍' എന്ന അവസ്ഥയിലുള്ള വീടോര്‍മ്മവിഷാദങ്ങളായിരുന്നു പ്രവാസികളായ അപൂര്‍വ്വം കവികളില്‍നിന്ന് നമുക്കു ലഭിച്ചുകൊണ്ടിരുന്നത്. ആധുനികതാകാലത്ത് ചെറുകഥയിലും നോവലിലും നഗരജീവിതാനുഭവങ്ങള്‍ തീവ്രതയോടെ ആവിഷ്കരിച്ചുവന്നപ്പോഴും കവിത അതിനു മടിച്ചുനിന്നു. എന്‍.വി.കൃഷ്ണവാരിയരുടേയും മാധവന്‍ അയ്യപ്പത്തിന്റേയും ഏതാനും മദിരാശിക്കവിതകളിലൊതുങ്ങി മലയാളകവിതയിലെ നഗരസാന്നിദ്ധ്യം.

നഗരങ്ങളില്‍ ജീവിക്കുമ്പോഴും ആ തിരക്കും വേഗതയും പശ്ചാത്തലവും എന്തുകൊണ്ട് നമ്മുടെ കവിത നേരിടാന്‍ മടിച്ചു എന്നതിന് കാരണമന്വേഷിക്കുമ്പോള്‍ കാവ്യശില്പത്തെക്കുറിച്ചു നിലനിന്ന പരമ്പരാഗത ധാരണകളില്‍ നാമെത്തിച്ചേരും.നിളയിലെ നീരൊഴുക്കിനെ വര്‍ണ്ണിക്കുന്ന കാവ്യഭാഷകൊണ്ട് നഗരത്തിലെ മനുഷ്യജീവിതപ്രവാഹത്തെ ആവിഷ്കരിക്കുക അസാദ്ധ്യമായിരുന്നു. ശീലംകൊണ്ട് ശിലയായും പിന്നീട് വിഗ്രഹമായും മാറിക്കഴിഞ്ഞ കാവ്യഭാഷയുടെ സങ്കേതങ്ങളെ തകര്‍ത്തുകൊണ്ടല്ലാതെ ചുറ്റുമുള്ള ലോകത്തെ നേരിടാന്‍ കഴിയുമായിരുന്നില്ല. ഗദ്യകാരന്മാരെ അപേക്ഷിച്ച് കവികള്‍ നേരിട്ട അധികബാധ്യതയായിരുന്നു ഈ പൊളിച്ചുപണി.
അപരിചിതദേശങ്ങളിലെ മനുഷ്യരോടും സംസ്കാരത്തോടും ഭൂപ്രകൃതിയോടും ഏറ്റുമുട്ടേണ്ടിവരുമ്പോള്‍ അവയെ ആവിഷ്കരിക്കുന്നതിന് പുതിയ പദച്ചേരുവകളും നിര്‍മ്മിതികളും ആവശ്യമായിവരിക സ്വാഭാവികം. അതിരുകളെ മായ്ച്ചുകൊണ്ടുള്ള കലര്‍പ്പുകളുടെ പുതുലോകം അനുഭവങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. നിര്‍വ്വചനങ്ങള്‍ക്കകത്ത് ഇടുങ്ങിപ്പോയ സങ്കേതങ്ങള്‍ക്ക് ഈ വ്യാപ്തിയെ പ്രകാശിപ്പിക്കാനാവുമായിരുന്നില്ല. അടിസ്ഥാനമേഖലയുടെ വികസനം എന്ന് സാമ്പത്തികശാസ്ത്രജ്ഞര്‍ ഉന്നയിക്കുന്നതുപോലെയുള്ള ഒരു മുന്നുപാധിയായിരുന്നു ഇത്.

ആഗോളവത്കരണവും കമ്പോളവ്യാപനവും തൊഴില്‍മേഖലയുടെ ഒഴുക്കും ത്വരിതഗതിയിലായതോടെ പുതുസഹസ്രാബ്ദം മലയാളസാഹിത്യത്തിന്റെ പ്രമേയത്തേയും രൂപത്തേയും പൊളിച്ചെഴുതാന്‍ തുടങ്ങി. ദേശാതിര്‍ത്തികള്‍ ഭേദിച്ച് മലയാളിജീവിതം വ്യാപിച്ചതിന്റെ അനുഭവലോകമാണ് ഇന്ന് നമ്മുടെ സാഹിത്യരചനകളെ പെരുപ്പിക്കുകയും പൊലിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. കാവ്യഭാഷയും വ്യവഹാരഭാഷയും ഒന്നായിത്തീരുന്ന ഒരുദാരത പുതിയ ആവിഷ്‌കാരങ്ങള്‍ക്ക് പ്രചോദകമായിത്തീര്‍ന്നു. ഇന്നോളം ആവിഷ്‌കരിക്കപ്പെടാതെപോയ അനുഭവങ്ങളുടെ അരികുകളും ഉള്ളറകളും കുത്തിയൊലിക്കുന്ന കാഴ്ചയാണ് കവിതയില്‍ ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്.

കവിതയിലെ ബഹുസ്വരതയുടേതായ ഈ ഉദാരഘട്ടത്തെ തന്റേതുമാത്രമായ രീതിയില്‍ പ്രതിനിധാനം ചെയ്യുന്ന കവിയാണ് ടി.കെ.മുരളീധരന്‍. രണ്ടുപതിറ്റാണ്ടിലേറെയായി മുംബൈ നഗരത്തില്‍ ജീവിക്കുന്ന മുരളീധരന്‍, താന്‍ നടക്കുന്ന തെരുവുകളിലൂടെയും ചേരികളിലൂടെയും തന്റെ കവിതയേയും കൊണ്ടുനടക്കുകയായിരുന്നു.
2
എഴുത്തില്‍ കൈവന്ന ഉദാരതയെ നിയന്ത്രണരഹിതമായ അരാജകത്വമായി കരുതുന്നവരുണ്ട്. വിശേഷിച്ച് അച്ചടിക്കു സമാന്തരമായി നവമാധ്യമങ്ങളുടെ പ്രകാശനസാദ്ധ്യത തുറന്നുകിട്ടിയപ്പോള്‍. അച്ചടിക്കുമാത്രമേ എഡിറ്റിങ് ആവശ്യമുള്ളു എന്നും സൈബര്‍പ്രകാശനം ഇത്തരം നിയന്ത്രണങ്ങള്‍ക്കതീതമായതുകൊണ്ട് എഴുത്തില്‍ ഏതു സാഹസികതയുമാവാം എന്നും ഒരു ധാരണ പരന്നു. എന്നാല്‍ കവിത എന്ന സാഹിത്യരൂപം അടിസ്ഥാനപരമായിത്തന്നെ ഭാഷയിലുള്ള ഒരു എഡിറ്റിങ് ആണ് എന്ന് മുരളീധരന്‍ വിശ്വസിക്കുന്നതായി അദ്ദേഹത്തിന്റെ രചനകളിലൂടെ കടന്നുപോകുമ്പോള്‍ മനസ്സിലാകും. സമകാലികരില്‍നിന്ന് ഈ കവിയെ വ്യത്യസ്തനാക്കുന്നതും രചനാശില്പത്തെക്കുറിച്ചുള്ള ഈ അവബോധമാണ്. വാക്കുകളെ തിരഞ്ഞെടുക്കുന്നതിലും വിന്യസിക്കുന്നതിലും മുരളീധരന്‍ പാലിക്കുന്ന മിതവ്യയവും സൂക്ഷ്മതയും ഉദാരതയെ ഉത്തരവാദിത്വമായി ഉയര്‍ത്തിപ്പിടിക്കുന്ന ഒരു കവിയുടേതാണ്.

ആദിമധ്യാന്തമില്ലാതെ ഒഴുകുന്ന അരികുജീവിതങ്ങളില്‍നിന്ന് തിരഞ്ഞെടുത്തു സന്നിവേശിപ്പിച്ച ആറു ചിത്രങ്ങളാണ് അഴല്‍നദികള്‍ എന്ന കവിതയിലുള്ളത്. തഴയപ്പെട്ട പെണ്‍മയാണ് ഈ ദൃശ്യങ്ങളെ കോര്‍ത്തുകെട്ടുന്ന ചരട്. എന്നാല്‍ ജീവിതദൈന്യതകളെ ചിത്രീകരിക്കുമ്പോള്‍ മുഖ്യധാരാകവികള്‍ പണ്ടു ചെയ്തിരുന്നതുപോലെ സഹാനുഭൂതി ഉണര്‍ത്താനോ വികാരം കൊള്ളിക്കാനോ ഈ കവി തയ്യാറാകുന്നില്ല.

"ദൂരെ ചേരികള്‍ക്കു നടുവിലൂടെ
ഒരു കറുത്ത നദി ഒഴുകുന്നു
ഇരുപുറവുമുള്ള വെളിച്ചങ്ങളോ
ബഹളങ്ങളോ ഒട്ടും പ്രതിഫലിപ്പിക്കാതെ
അടങ്ങിയൊതുങ്ങി ഒരു അഴല്‍നദി."
മുരളീധരന്‍ എഴുതുന്നത് ഈ കറുത്ത നദിയിലെ മഷികൊണ്ടാണ്. ഇരുപുറവുമുള്ള വെളിച്ചങ്ങളും ബഹളങ്ങളുമല്ല കവിത പ്രതിഫലിപ്പിക്കേണ്ടതെന്ന് വിശ്വസിക്കുന്നതുപോലെ. 

യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് ഒളിച്ചോടുന്ന ഭീരുത്വമോ അതിനെ മാറ്റിത്തീര്‍ക്കാമെന്ന അമിതാവേശമോ ഇല്ലാതെ നേരിനെ നേര്‍ക്കുനേര്‍ നേരിടേണ്ടിവന്ന ഒരു തലമുറയുടെ പ്രതിനിധിയാണ് ഈ കവി. വാക്കുകളെ അലങ്കരിച്ചും വളച്ചുകെട്ടിയും ധൂര്‍ത്തടിച്ചും നാടകീയത സൃഷ്ടിച്ചും ശ്രദ്ധ ക്ഷണിക്കുന്ന കാലത്ത് സത്യം പറയുന്ന ലളിതമായ ഭാഷ അതേ കാരണംകൊണ്ടുതന്നെ കവിതയായിത്തീരുന്നതിന് ഉദാഹരണം ഈ രചന.

തെരുവുജീവിതത്തിലെ ആറു പെണ്ണാറുകളാണ് അഴല്‍നദികള്‍. ഒന്നാം നദി കൂട്ടുകാരി. കറണ്ടു പോയ ഒരര്‍ദ്ധരാത്രിയില്‍ ടെറസ്സിലിരുന്ന് കൂട്ടുകാരന്‍ സെല്‍ഫോണില്‍ അവളെ വിളിക്കുമ്പോള്‍ അവള്‍ തിരക്കിലാണ്.
"അടിച്ചുതുടയ്ക്കുന്നു
അടുക്കിപ്പെറുക്കിവെക്കുന്നു
അലക്കുന്നു കുളിക്കുന്നു
അമ്മയ്ക്കു ചോറുവാരി കൊടുക്കുന്നു
പാത്രങ്ങള്‍ കഴുകുന്നു"
രാപ്പകലില്ലാതെ ജോലിചെയ്തുകൊണ്ടിരിക്കുന്ന അവളുടെ വീട് ചേരികള്‍ക്കു നടുവിലൂടെ ഒഴുകുന്ന കറുത്ത നദിയുടെ കരയിലെവിടെയോ ആണ് എന്ന് സൂചിപ്പിക്കുന്നതോടെ അവള്‍ ഒരു വ്യക്തിയല്ലാതാവുകയും നഗരത്തെ പരിചരിക്കുന്ന അനേകം ചേരികളുടെ പ്രതിനിധിയായിത്തീരുകയും ചെയ്യുന്നു. ഉറക്കമില്ലാത്ത ഈ ചേരികളുടെ പരിചരണം കൊണ്ടാണ് നഗരം നിലനില്‍ക്കുന്നത്.
രണ്ടാമത്തെ അഴല്‍നദി വീടും താങ്ങിയെടുത്ത് പോകുന്ന സ്കൂള്‍ യൂണിഫോമിട്ട പെണ്‍കുട്ടി.

"ഒഴിഞ്ഞ മരുന്നുകുപ്പികളും
ഗുളികപ്പായ്ക്കറ്റുകളും കൊണ്ടു തീര്‍ത്ത വീട്.
അതു ഞരങ്ങുകയും മുരടനക്കുകയും
ചെയ്യുന്നുണ്ട്.
പക്ഷെ കൂടെ നടക്കുന്നവരാരും
അത് അറിയുന്നില്ല."
ഇളം പ്രായത്തില്‍, തന്നെ സംരക്ഷിക്കേണ്ട വീടിന്റെ സംരക്ഷണം സ്വയം ഏറ്റെടുക്കേണ്ടി വന്നവള്‍. കളിവീടുണ്ടാക്കി കളിക്കേണ്ട ബാല്യത്തിന് ഒരു മുഴുവീടിന്റേയും ചുമതല ഏല്‍പ്പിച്ചിരിക്കയാണ് നഗരം. അവള്‍ക്ക് അതൊരു ചുമടല്ല. തിരക്കിനിടയില്‍പ്പെട്ട് കേടു പറ്റാതിരിക്കാന്‍ നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കയാണ് വീടിനെ. ചേരിയിലെ വീട് ഏതുസമയവും പൊളിച്ചുമാറ്റപ്പെടേണ്ട ഒരസ്ഥിരഘടനയാണ്. എന്നാല്‍ അതിനെതിരെ ആകാശംമുട്ടെ ഉയരുന്ന പാര്‍പ്പിടസമുച്ചയങ്ങളുടെ സുസ്ഥിരഘടനകളെ കാണിച്ചുകൊണ്ട് ഈ വൈരുദ്ധ്യത്തിന്റെ തീവ്രത അനുഭവപ്പെടുത്തുകയും ചെയ്യുന്നു. കവി ദൃക്സാക്ഷി മാത്രം. പ്രകടമായി പക്ഷം പിടിക്കാതിരിക്കുകയും എന്നാല്‍ വായനക്കാരെ തന്റെ ചേരിയിലേക്ക് അനുനയിക്കുകയും ചെയ്യുന്ന കലാതന്ത്രം.

ചേരിയിലെ തകരക്കൊട്ടാരങ്ങള്‍ക്കു പുറത്ത് ഡിഷ് ആന്റിനകള്‍ വന്നു. വിനോദവ്യവസായം ഉള്ളവരുടേയും ഇല്ലാത്തവരുടേയും അഭിരുചിയെ ഒന്നാക്കിമാറ്റി. തെരുവില്‍ അഭ്യാസങ്ങള്‍ കാണിക്കുന്ന സര്‍ക്കസ്സുകാരി പെണ്‍കുട്ടിക്ക് പ്രേക്ഷകരില്ലാതായി. നേരില്‍ കാണുന്നതിനേക്കാള്‍ സ്ക്രീനില്‍ കാണുന്നതാണ് ലൈവ് എന്നു വന്നു. ചുമരിലേക്ക് ചെവി വട്ടം പിടിച്ച് കേള്‍ക്കുകയും അതിനോടു സംസാരിക്കുകയും ചെയ്യുന്ന അന്ധയായ പെണ്‍കുട്ടി, ആശുപത്രിയില്‍ മുറിവു കെട്ടാന്‍ ചെന്ന് പേരുവിളിക്കപ്പെടാതെ ഇറങ്ങിപ്പോകേണ്ടിവന്ന പെണ്‍കുട്ടി, തെരുവു വിളക്കിന്റെ പ്രഭാവലയത്തില്‍ സ്വയം വില്പനക്കുവെച്ച പെണ്‍കുട്ടി. ഇവരാണ് ഈ തെരുവുകവിതയിലെ മറ്റു പെണ്ണാറുകള്‍.
3
ഗ്രാമങ്ങള്‍ക്ക് മഴ അനുഗ്രഹവര്‍ഷമാണെങ്കില്‍ നഗരങ്ങള്‍ക്ക് അതു ശാപവര്‍ഷം. നഗരം പ്രകൃതിവിരുദ്ധമായ ആവാസവ്യവസ്ഥയായതുകൊണ്ടാവാം. വ്യവസായത്തിന്റേയും വാണിജ്യത്തിന്റേയും മാലിന്യങ്ങളുടേയും ഉത്പാദനവിതരണഭൂമികയായ അതിന്റെ ദൈനന്ദിനവ്യവഹാരങ്ങള്‍ക്ക് മഴ വിനാശകാരിയാണ്. നഗരമഴയുടെ താണ്ഡവനൃത്തത്തിന്റെ വ്യത്യസ്തപടുതികളുടെ നേര്‍കാഴ്ചകളാണ് മഴ എന്ന പൊതുശീര്‍ഷകത്തില്‍ വരുന്ന രചനകളില്‍. മുംബൈ നഗരത്തെ പ്രളയക്കെടുതിയിലാഴ്ത്തിയ ഒരു പേമാരിയാണ് പശ്ചാത്തലം. കവിയുടെ വാക്കുകളില്‍ "അടഞ്ഞാലും തുറന്നാലും പറഞ്ഞാലും ഇല്ലെങ്കിലുമൊക്കെ ഒരേ അര്‍ത്ഥം വരുന്ന ഈറന്‍ ചിത്രങ്ങള്‍".

അപ്രതീക്ഷിതമായ പേമാരിയില്‍ സ്തംഭിച്ചുപോയ നഗരത്തിന്റെ നിശ്ചലദൃശ്യങ്ങളാണ് ഓരോ ഖണ്ഡവും. നനഞ്ഞു കുതിരുന്ന വസ്തുക്കളുടേയും മനുഷ്യരുടേയും നിസ്സഹായതയെ വികാരലേശമില്ലാതെ വിവരിക്കുന്ന രീതി. എന്നാല്‍ വിവരണങ്ങള്‍ക്കൊടുവിലെ ഒരു ബിന്ദുവില്‍വെച്ച് കേവലമായ കാഴ്ചകള്‍ ഒരു ദര്‍ശനമായി പരിണമിക്കുന്നു. ദുരന്തങ്ങള്‍ക്കിടയിലും തളിര്‍ക്കുന്ന ജീവിതത്തെ നോക്കി "ധീരം വായ്ക്കുന്നു കണ്ണുനീര്‍ക്കുത്തില്‍ / നേരമ്പോക്കിന്റെ വെള്ളിമീന്‍ചാട്ടം!" എന്നു നിരീക്ഷിച്ച വൈലോപ്പിള്ളിയുടെ ജീവിതപക്ഷം.
"രാഷ്ട്രീയക്കാരുടെ
കൊടിതോരണങ്ങളെല്ലാം
നനഞ്ഞുകുതിര്‍ന്നിരിക്കുന്നു.
പൊയ് നിറങ്ങളെല്ലാമിളകി
ഒന്നായി റോ‍‍‍ഡിലൂടെ
പരന്നൊഴുകി
ഒരുപാടു നിറങ്ങള്‍ കലര്‍ന്ന്
നുരഞ്ഞുപതഞ്ഞ്
ഗട്ടറിലേക്ക്
കുത്തിയൊലിക്കാന്‍ തുടങ്ങി."

ചലച്ചിത്രത്തിലെ മൊണ്ടാഷ് സങ്കേതത്തെ ഓര്‍മ്മിപ്പിക്കുംവിധം വാക്കുകള്‍കൊണ്ട് ഒരു ചിത്രസന്നിവേശം സാധിക്കുകയാണ് ഇവിടെ. അര്‍ത്ഥം കവിതയില്‍ ഒളിപ്പിച്ചുവെക്കുകയല്ല, സ്വാഭാവികമായി സന്നിഹിതമാവുന്നു. ഫ്ലെക്സ് ബോര്‍ഡുകള്‍ക്കുള്ളില്‍ കൈകൂപ്പിനിന്നു നനയുന്ന നേതാക്കള്‍, ബ്ലൗസിനുള്ളില്‍നിന്ന് ഇളംചൂടുള്ള നോട്ടുകള്‍ നീട്ടുന്ന നനഞ്ഞ മീന്‍കാരി, ശ്മശാനത്തിലെ ക്യൂവില്‍ ഊഴംകാത്ത് സ്ട്രെച്ചറില്‍ വെറുങ്ങലിച്ചുകിടക്കുന്ന ശവങ്ങള്‍, മുഖത്ത് ഒരു കമ്പിളിപ്പുഴു ഉള്ളിലേക്ക് പുളഞ്ഞുകയറുന്നതിന്റെ ചെടിപ്പുമായി ആരെയോ കാത്തുനില്‍ക്കുന്ന പെണ്‍കുട്ടി, ചീഞ്ഞമണമുള്ള ഇരുട്ടില്‍ കറങ്ങിത്തിരിയുന്ന അനാഥമായ റെയില്‍വേ അറിയിപ്പുകള്‍, ജീവന്റെ മിടിപ്പുകളില്‍നിന്ന് സ്വതന്ത്രമാക്കപ്പെടുന്ന വസ്തുക്കളൊക്കെ ശേഖരിച്ചുവെക്കുന്ന ദൈവത്തിന്റെ പച്ചക്കുപ്പി. ഇങ്ങനെ വൈരുദ്ധ്യങ്ങളെ ചേര്‍ത്തുവെച്ചു നിര്‍മ്മിച്ച ഭാവചിത്രങ്ങളുടെ ഒരു പരമ്പര.
4
മുംബൈ നഗരത്തെപ്പോലെ റെയില്‍വേ രക്തധമനികളായി വര്‍ത്തിക്കുന്ന മറ്റൊരു നഗരം ഇല്ല. നഗരജീവിതത്തിന്റെ സമസ്തചലനങ്ങളേയും നിയന്ത്രിക്കുകയും യാന്ത്രികമായി താളപ്പെടുത്തുകയും ചെയ്യുന്ന വിചിത്രമായ ഒരു ലോഹനാഡീശൃംഘലയാണത്. ഒരിക്കല്‍ക്കൂടി ആള്‍ക്കൂട്ടത്തില്‍നിന്ന് ആനന്ദിന്റെ വാക്കുകള്‍:

"വണ്ടി നിന്നപ്പോള്‍ അതില്‍നിന്ന് അടര്‍ന്നുപോന്ന ആ ജീവിതത്തിന്റെ തുണ്ടുകള്‍ അതിന്റെ ചലനത്തേയും ശബ്ദത്തേയും ഏറ്റുവാങ്ങിയതുപോലെ, പക്ഷെ ലക്ഷ്യം കിട്ടാത്തതുപോലെ, അവര്‍ പ്ലാറ്റ്ഫോമില്‍ നിന്നു തിളച്ചതേയുള്ളു. ഒരു വലിയ തീവണ്ടിയില്‍നിന്ന് ഉയിരെടുത്ത കൊച്ചുതീവണ്ടികള്‍. തങ്ങളുടെ പാളങ്ങള്‍ തിരയുകയും സിഗ്നലിനു വേണ്ടി വിസില്‍ വിളിക്കുകയുമായിരുന്നു അവര്‍. അനവധി നാഴികകള്‍ ഇനിയും ഓടുവാനുണ്ട് അവ ഓരോന്നിനും. അകത്തു തീയും പുറത്തു കരിയും അങ്ങനെ."

വാഹനവും വഹിക്കപ്പെടുന്നവരും ഒന്നായിത്തീരുകയോ പരസ്പരം നിര്‍ണ്ണയിക്കപ്പെടുകയോ ചെയ്യുന്ന യാന്ത്രികലോകത്തെയാണ് നാലു പതിറ്റാണ്ടുകള്‍ക്കു മുമ്പ് ആനന്ദ് ഈ കല്പനയിലൂടെ പ്രകാശിപ്പിച്ചത്. ഇന്നും വലിയ മാറ്റമൊന്നും സംഭവിച്ചതായി തോന്നുന്നില്ല. ആനന്ദിന്റെ വണ്ടി വന്നുനിന്ന വിക്ടോറിയ ടെര്‍മിനസ് ഇപ്പോള്‍ ഛത്രപതി ശിവജി ടെര്‍മിനസ് ആയി. തീവണ്ടികള്‍ പണ്ടത്തെപ്പോലെ കരിയും പുകയും തുപ്പാതായി. അത്രമാത്രം. ആ പാളങ്ങളെ ചുറ്റിപ്പറ്റി പെരുകിപ്പരന്ന ജീവിതത്തിന് മാറ്റമൊന്നും വന്നില്ല.

തീവണ്ടി ടി.കെ.മുരളീധരന്റെ കാവ്യബോധത്തെയും സൗന്ദര്യസങ്കല്പത്തേയും അടയാളപ്പെടുത്തുമാറ് ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്ന ഒരു ഇമേജ് ആയത് സ്വാഭാവികം. കാഴ്ചയില്‍ സമാനമെങ്കിലും ഉള്ളടക്കത്തില്‍ വൈവിദ്ധ്യപൂര്‍ണ്ണമായ നിരവധി ബോഗികളേയും വലിച്ചുനീങ്ങുന്ന ഒരെന്‍ജിനെ ഓര്‍മ്മിപ്പിക്കുന്ന രചനാശില്പം. ഒരേ പ്രമേയത്തെ വ്യത്യസ്ത കോണുകളില്‍നിന്ന് നോക്കിക്കാണുകയും പരിചരിക്കുകയും ചെയ്യുന്ന രീതി. പൂര്‍ണ്ണമായ ഒന്നിനേക്കാള്‍ അപൂര്‍ണ്ണവും ശിഥിലവുമായ അനേകങ്ങളെ കോര്‍ത്തുകെട്ടല്‍.

നേത്രാവതി എക്സ്പ്രസ്സ് മുംബൈ മലയാളികളെ സംബന്ധിച്ചിടത്തോളം ഗൃഹാതുരതയുണര്‍ത്തുന്ന ഒരു യാത്രാസ്മൃതിയാണ്. മുരളീധരന്റെ ആദ്യകവിതാസമാഹാരത്തിനും നേത്രാവതി എന്നായിരുന്നു പേര്. തന്റെ ജീവിതവും കവിതയുമായി ഇത്രയ്ക്കു ബന്ധമുള്ള മറ്റൊരു ശീര്‍ഷകം ഈ കവിക്കില്ല. അതുകൊണ്ടായിരിക്കാം നേത്രാവതി എന്ന പേരില്‍ വീണ്ടും വണ്ടിക്കവതികള്‍ എഴുതിയത്.
കുര്‍ള ടെര്‍മിനസ്സിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ കുളിച്ചൊരുങ്ങി യാത്ര പുറപ്പെടുന്ന നേത്രാവതിയിലേക്ക് ചാടിക്കയറുകയാണ് ഒരു മഴ. റോഡരികിലിരുന്ന് മാവു കുഴയ്ക്കുന്ന അമ്മയുടെ തെരുവുകുട്ടികള്‍ പ്രാകിപ്രാകി ആട്ടിവിട്ട മഴ. കേരളത്തിലേക്കു പോകേണ്ട ഒരു ഞാറ്റുവേലക്കീറ്. പന്‍വേല്‍, റോഹ, ചിപ്ലൂണ്‍, രത്നഗിരി, കൊങ്കണ്‍ കാടുകള്‍ എല്ലാം പിന്നിട്ട് ഉത്സാഹത്തോടെ അതു കൂകിപ്പോകുന്നു.

"കായലുകള്‍ക്കു കുറുകെ അവള്‍
ഒരു നീല പൊന്മാനായി
ചൂളമടിച്ചു പറക്കുന്നു.
ഇരുട്ടിനുള്ളില്‍ ശബ്ദം താഴ്ത്തി
ചിലപ്പോള്‍ അനങ്ങാതെ നില്‍ക്കുന്നു
പെട്ടെന്ന് ചിക്കുപൊക്കു ചിക്കുപൊക്കു
റെയിലേ പാടി
ഊക്കുകൂട്ടി പായുന്നു."
എന്നാല്‍ നേത്രാവതിപ്പുഴയ്ക്കു മുകളിലെത്തുമ്പോള്‍ അവള്‍ ഒരു ട്രെയിന്‍ മാത്രമാകും.

"ഇപ്പോള്‍ മുകള്‍ ബര്‍ത്തില്‍
മലര്‍ന്നു കിടന്നു കേള്‍ക്കുന്ന അവളുടെ കിതപ്പിന്
പണ്ട് അമ്മയുടെ നെഞ്ചില്‍
ചെവി ചേര്‍ത്തു കിടന്നപ്പോള്‍ കേട്ട
അതേ ഹൃദയതാളം!"
രണ്ട് അമ്മമാര്‍ക്കിടയില്‍ ഓടുന്ന നന്മയാവുകയാണ് ഈ വണ്ടി. നഗരത്തിന്റെ അമ്മയും ഗ്രാമത്തിന്റെ അമ്മയും. വിശ്രമമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന നേത്രാവതി തനിക്കു പ്രിയപ്പെട്ട 'അവള്‍' ആണ്. ആകാരംകൊണ്ടും ശബ്ദംകൊണ്ടും ശക്തികൊണ്ടും പൊതുവേ പൗരുഷപ്രതീകമായ തീവണ്ടിക്ക് ഈ കവി സ്ത്രൈണഭാവം കല്പിച്ചിരിക്കുന്നു. വസ്തുവിന്റെ ആകൃതിയല്ല അതിന്റെ പ്രകൃതിയാണ് കല്പനയ്ക്ക് ആധാരം. പ്ലാറ്റ്ഫോമുകളിലും ഓവര്‍ബ്രിഡ്ജിലും താന്‍ കണ്ടു പരിചയിച്ച ചേരിപ്പെണ്ണാണ് തീവണ്ടി!. നാം നേരത്തേ പരിചയപ്പെട്ട അഴല്‍നദികളില്‍ ഒന്ന്.

റെയില്‍വേ പ്ലാറ്റ്ഫോമുകളേയും ചേരി കയ്യേറുകയാണ്. പാര്‍ക്കാനിടമില്ലാത്തവര്‍ അതിനെ അവരുടെ 'പാര്‍ക്ക്'ആക്കുന്നു. ടിക്കറ്റെടുക്കാത്തവരെ പിടികൂടുന്ന വെള്ളവേഷത്തിന്റെ കണ്ണുവെട്ടിച്ച് ബെഞ്ചുമാറിക്കളിക്കുകയാണ് തെരുവുസന്തതികള്‍. പിടിക്കപ്പെട്ടവര്‍ ഭാഗ്യവാന്മാര്‍! അവര്‍ക്ക് ഇത്തിരിനേരത്തേക്കെങ്കിലും ഇരിക്കാന്‍ ഒരു കുടുസ്സുമുറി കിട്ടുന്നു. അങ്ങനെ പിഴയടയ്ക്കാതെ പിഴച്ചുപോകുന്നു. നര്‍മ്മത്തില്‍ പൊതിഞ്ഞ ഇത്തരം നീറുന്ന വേദനകളാണ് നേത്രാവതിയുടെ ഓരോ ബോഗിയിലുമുള്ളത്.

ഘാട്കൂപ്പര്‍ റെയില്‍വേ സ്റ്റേഷനിലെ ഈസ്റ്റിലേക്കു കയറുന്ന ഇരുമ്പുപടികള്‍ക്കരികില്‍ ഒരുവള്‍ ഉണ്ടായിരുന്നു.

"കണ്ണു കാണാത്തവള്‍
രേഖകളൊന്നുമില്ലാത്ത ഉള്ളങ്കൈ
മുന്നിലേക്കു നിവര്‍ത്തിപ്പിടിച്ച്
അളവുതെറ്റാതെ ചിരിച്ച്..."
വര്‍ഷങ്ങളോളം അങ്ങനെ നിന്ന അവള്‍ ഒടുവില്‍:

"കുളിക്കാതെ തിന്നാതെ
വിസര്‍ജ്യങ്ങളില്‍ പൊടിപടലങ്ങളില്‍
ബഹളങ്ങളില്‍ മുഴുകി -
അവള്‍ നിന്നു
ഒടുവില്‍ വീണു
എഴുന്നേല്‍ക്കാനാവാതെ കിടന്നു.
അവളില്‍നിന്ന്
ഒലിച്ചിറങ്ങുന്ന കൊഴുപ്പുജലം
ചവിട്ടിയും ചാടിയും
ആളുകള്‍ പരക്കം പാഞ്ഞുകൊണ്ടേയിരുന്നു!"
ഇരുന്നിരുന്ന്, താനിരുന്ന ഇടത്തില്‍ത്തന്നെ ലയിച്ച് അപ്രത്യക്ഷയാവാന്‍ വിധിക്കപ്പെട്ട ഈ അഴല്‍നദിക്ക് ഒരു തെരുവുദേവതയുടെ ഐതിഹ്യപരിവേഷം തോന്നാം.

പ്ലാറ്റ്ഫോമില്‍ കൂടുകെട്ടിയവരില്‍ ഒരു തെരുവുകിളിയും! മരങ്ങളില്ലാത്തതുകൊണ്ട് അതു ചുമരിലെ പൊത്ത് തിരഞ്ഞെടുത്തു. നാരുകള്‍ക്കും ചുള്ളിക്കമ്പുകള്‍ക്കും പകരം ഇരുമ്പു ചെമ്പു വള്ളികള്‍കൊണ്ട് കൂടുകെട്ടാന്‍ പഠിച്ചു. തൂവല്‍ മുളയ്ക്കാത്ത ഒരു കുഞ്ഞിക്കിളിയുണ്ട് അതില്‍. കൂകിപ്പായുന്ന വണ്ടികളുടെ ശബ്ദം അതിനെ പേടിപ്പിക്കാതായി. താരാട്ടുപോലെ അതു കേട്ട് ഉറങ്ങാനും ഉണരാനും പഠിച്ചു. അന്തരീക്ഷത്തിലൂടെ പറക്കുന്നതിനു പകരം അത് വണ്ടിശ്ശബദത്തില്‍ തലവെച്ചു കിടന്ന് കാതങ്ങള്‍ക്കപ്പുറത്തേക്കു യാത്ര പോവുകയും തിരിച്ചുവരികയും ചെയ്തു. സ്വന്തം പ്രകൃതി നഷ്ടപ്പെട്ട് ലഭ്യമായ സാഹചര്യങ്ങളോട് ഇണങ്ങിജീവിക്കുന്ന ഈ കിളിയുടെ ലളിതമായ യുക്തികൊണ്ടുതന്നെയാണ് മനുഷ്യരും ജീവിച്ചപോകുന്നത്.

നഷ്ടപ്പെടാന്‍ ഒന്നും ഇല്ലാത്തതുകൊണ്ട് ജീവിതമെന്ന സാഹസികതയും വിനോദമായിത്തീര്‍ന്നു.
“അത്ര വേഗത്തിലല്ലായിരുന്ന ട്രെയിനിലേക്ക്
ആരോ ചാടിക്കയറി.
അതോ ആരെങ്കിലും താഴെ വീണതായിരിക്കുമോ?
എന്തോ കുസൃതി ഒപ്പിച്ചതുപോലെ
തീവണ്ടി ഒന്നുകൂടി കുലുങ്ങി, ഊക്കു കൂട്ടി പാഞ്ഞു.”

ജീവിതത്തിലേക്ക് കയറ്റിവിടുന്നതും മരണത്തിലേക്ക് തള്ളിവിടുന്നതും ഒരേ വണ്ടി. രണ്ടായാലും അതിന് ഭേദമില്ല. ഒരു കുസൃതിയൊപ്പിച്ച് ഓടിയകലുന്ന തെരുവുകുട്ടിയുടെ ഭാവം.
ഇതേ കുട്ടികളാണ്, തിരുത്താനുപയോഗിക്കുന്ന വെളുത്ത മഷി തൂവാലയില്‍ പുരട്ടി മൂക്കില്‍ വലിച്ചുകയറ്റി ലഹരിയില്‍ ഒഴുകിനടക്കുന്നത്. 'രാത്റാണി'മാരായി ചൂളമടിച്ച് ഓവര്‍ബ്രിഡ്ജിലെ ആരാധകരെ താഴേക്കു നയിക്കുന്നത്. മുരളീധരന്റെ കവിതകളില്‍ നാം കണ്ടുമുട്ടുന്ന ചേരിനിവാസികള്‍, ബാലികാബാലന്മാര്‍, അവരുടെ അമ്മമാര്‍ - ഇവരുടെ കരിതുപ്പുന്ന ജീവിതമാണ് ഈ കവിയുടെ ഈരടിപ്പാളത്തിലൂടെ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികള്‍. 'വലിയ തീവണ്ടിയില്‍നിന്ന് ഉയിരെടുത്ത കൊച്ചുതീവണ്ടികള്‍.'
5
മുരളീധരന്‍ അറിയപ്പെടുന്ന ചിത്രകാരന്‍കൂടിയാണ്. ആവിഷ്കാരത്തിന് ഉഭയമാധ്യമങ്ങളെ അവലംബിക്കുന്നവരുടെ സൃഷ്ടികളില്‍ സ്വാഭാവികമായി കാണപ്പെടുന്ന കലര്‍പ്പ് ഈ കവിതകളിലും പ്രത്യക്ഷം. വാക്കുകള്‍ ലോകത്തെ നോക്കുവാനുള്ള ജാലകങ്ങള്‍. വരകളായി പിറക്കേണ്ട കാഴ്ചകളില്‍നിന്ന് വരികളായി പിറന്ന ഉള്‍ക്കാഴ്ചകള്‍. സെക്കന്റ് ഷോ എന്ന പരമ്പര ഇത്തരമൊരു സ്കെച്ച് ബുക്ക് ആണ്. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിലിരുന്ന്, മിന്നി മറഞ്ഞുപോകുന്ന ജാലകക്കാഴ്ചകളെ ധൃതിയില്‍ വരച്ചിട്ടതുപോലെ. വരികള്‍ക്കിടയില്‍ ചായക്കുപ്പികളില്‍നിന്ന് അബദ്ധത്തില്‍ തട്ടിവീണ വര്‍ണ്ണത്തുള്ളികള്‍ വീണുകിടക്കുന്നു. ഉടലാകെ പഴുത്തുനില്‍ക്കുന്ന മരത്തിലെ അത്തിപ്പഴങ്ങളുടെ മഞ്ഞ, കുട്ടികള്‍ കീറിയെറിഞ്ഞ ചോദ്യക്കടലാസുകള്‍ ആകാശത്ത് പ്രാവുകളായപ്പോഴത്തെ വെണ്‍മ, ഓവര്‍ബ്രിഡ്ജില്‍ കണ്ട എഡ്വേഡ് മങ്കിന്റെ നിലവിളിനിറം, ഇരുമ്പുപാലങ്ങളുടെ നരച്ചനിറം, വരച്ചപ്പോള്‍ ചോര പൊടിഞ്ഞ മതിലിന്റെ പച്ച, വെള്ളക്കടലാസിനെ സ്വിമ്മിങ് പൂള്‍ ആക്കിയ ഇളംനീല, ചോക്ലേറ്റ് നിറമുള്ള കുതിരക്കുട്ടി, തെരുവുനായ്ക്കള്‍ കടിച്ചുപറിച്ച കുഞ്ഞു പിങ്ക് ഷൂസ്, വണ്ടികളെ ക്ഷമയോടെ കാത്തുകിടക്കാന്‍ നിര്‍ബ്ബന്ധിക്കുന്ന സിഗ്നല്‍ ചുവപ്പ്.

വെവ്വേറെ ശീര്‍ഷകങ്ങളിലെഴുതിയ ഒറ്റപ്പെട്ട കവിതകള്‍പോലും വലിയൊരു ക്യാന്‍വാസിലെ സൂം ചെയ്ത ദൃശ്യങ്ങള്‍. അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അവര്‍ ധരിച്ചിരുന്ന ഒരു ഷിഫോണ്‍ സാരിയില്‍ തുടങ്ങുന്നു. ഉദ്യാനത്തിലെന്നപോലെ ധാരാളം പൂക്കളുടെ ചിത്രമുള്ള ഒരു സാരി. മക്കള്‍ അതിനു ചുറ്റും പൂമ്പാറ്റകളായി പാറിനടന്നു. ഋതുക്കള്‍ മാറിമറഞ്ഞപ്പോള്‍ അവരുടെ പൂമ്പാറ്റച്ചിറകുകള്‍ കൊഴിഞ്ഞുപോയി. പിന്നീടെപ്പോഴോ നഗരത്തില്‍:

“ഉച്ചയ്ക്ക് റെയില്‍വേസ്റ്റേഷനിലേക്ക്
ആള്‍ക്കൂട്ടത്തിനുള്ളിലൂടെ
വിയര്‍ത്ത് ഒഴുകുമ്പോള്‍
ആകാശത്ത്, അതാ ആ പഴയ
ഷിഫോണ്‍ സാരി.
പുറകെ പൂമ്പാറ്റകളുമുണ്ട്
എല്ലാം വളരെ നരച്ചുപോയിരിക്കുന്നു
വെയിലിന്റെ വെള്ളക്യാന്‍വാസിനുള്ളിലൂടെ
അതങ്ങനെ പറന്നുപോകുന്നു.” (ഷിഫോണ്‍ സാരി)
അമ്മയെ ഓര്‍ക്കുമ്പോഴും ജനിച്ച നാടോ വീടോ കവിതക്ക് ഗൃഹാതുരതയുണര്‍ത്തുന്ന പശ്ചാത്തലമാകുന്നില്ല. നഗരത്തിലെ വീടിന് വേരുകളില്ല. വീട്ടുപകരണങ്ങള്‍ക്കാണ് വേരുകള്‍. വീടുമാറുമ്പോള്‍ അവ ഇളക്കിയെടുക്കാന്‍ പാടു പെടുന്നു.
“ചുമരിലേക്ക് ആഴ്ന്നിറങ്ങിയ
വേരുകള്‍ അറുത്തുമാറ്റിയാണ്
ഫ്രിഡ്ജ് മൂലയില്‍നിന്ന്
ഇളക്കാനായത്.”
............
“വീടുമാറുമ്പോള്‍
ഇതു പതിവാണ്.
പരസ്പരം ആഴ്ന്നിറങ്ങിയ
ഞരമ്പുകള്‍ മുറിച്ചുമാറ്റണം,
വേരുകള്‍ പിഴുതെടുക്കണം,
ഓര്‍മ്മകളൊക്കെ
ചിതലും പൊടിയും തട്ടി
തൂക്കിവില്‍ക്കണം, ഉപേക്ഷിക്കണം.”
(ഒരു ഫ്രിഡ്ജിന്റെ ഓര്‍മ്മ)

വേരുകളോട് അനുഭാവരഹിതമായ ഈ നിലപാട് രൂപപ്പെടുത്തിയത് താന്‍ നിരീക്ഷിച്ച ചേരിജീവിതങ്ങളുടെ അനാഥത്വവും അനിശ്ചിതത്വവുമായിരിക്കാം. കലയില്‍ അതു പ്രതിഫലിക്കാതിരിക്കുന്നതെങ്ങനെ?

“ആക്രിക്കാരന്‍ പയ്യന്‍
ക്യാന്‍വാസുകള്‍ വലിച്ചുകീറി
കേടുവരാത്ത മരച്ചട്ടങ്ങള്‍ മാത്രം
മാറ്റിവെച്ചു.
'ഹാന്‍ഡ് മെയ്ഡ്' സൃഷ്ടികളൊക്കെ
ഒരുമിച്ചു ചുരുട്ടിക്കെട്ടി.
അവന്‍ ചിത്രങ്ങളിലേക്കു നോക്കി
ഒട്ടും സമയം കളഞ്ഞില്ല.”

ചിത്രങ്ങളിലേക്കു നോക്കി സമയം കളയാനില്ലാത്തവരുടെ ജീവിതചിത്രങ്ങളാണ് ഇവ. ചട്ടങ്ങളില്ലാത്ത ചിത്രങ്ങള്‍.