admin

കേദാര്‍നാഥ് സിങ്

1934ല്‍ ജനിച്ച കേദാര്‍നാഥ് സിംഗ് സമകാലീന ഹിന്ദിസാഹിത്യത്തിലെ വിഖ്യാത കവിയാണ്. വാക്കുകളുടെ മിതവ്യയവും ധ്വനിസമ്പന്നതയും കൊണ്ട് ശ്രദ്ധേയമായ അദ്ദേഹത്തിന്റെ രചനകള്‍ ഹിന്ദിയിലെ ആധുനിക പുരോഗമന പ്രസ്ഥാനത്തില്‍ ഉള്‍പ്പെടുന്നവയാണ്. ദൈനന്ദിന ജീവിതയാഥാര്‍ത്ഥ്യങ്ങളെ നാടോടിവാങ്മയത്തില്‍ അവതരിപ്പിക്കുന്ന കേദാര്‍നാഥ് സിങ്ങിന്റെ രചനാശൈലി സംഭാഷണഭാഷയുടെ ലാളിത്യവും ബഹുസ്വരതയും കൊണ്ട് വേറിട്ടു നില്‍ക്കുന്നു.

ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലെ ചക്കിയയാണ് കേദാര്‍നാഥിന്റെ ജന്മദേശം. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍നിന്ന് 1956ല്‍ മാസ്റ്റേഴ്‌സ് ബിരുദവും 1964ല്‍ ഡോക്ടറേറ്റും നേടിയ അദ്ദേഹം 1998 വരെ ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ ഹിന്ദി അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 2018 മാര്‍ച്ച് 19ന് അന്തരിച്ചു.

അഭി ബില്‍ക്കുല്‍ അഭി, സമീന്‍ പക് രഹീഹൈ, യഹാം സേ ദേഖോ, പ്രതിനിധി കവിതായേം, അകല്‍ മേം സരസ്, ഉത്തര്‍ കബീര്‍ ഔര്‍ അന്യ കവിതായേം, ബാഗ് എന്നിവയാണ് കേദാര്‍നാഥിന്റെ കവിതാസമാഹാരങ്ങള്‍. 1980 കളില്‍ പ്രസിദ്ധീകരിച്ച ബാഗ് എന്ന ദീര്‍ഘകാവ്യം അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് ആയി കരുതപ്പെടുന്നു. 1980 ലെ ആശാന്‍ കവിതാപുരസ്‌കാരവും 89ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും നേടിയ കേദാര്‍നാഥ് സിങ് 2013ല്‍ പരമോന്നത സാഹിത്യബഹുമതിയായ ജ്ഞാനപീഠവും കരസ്ഥമാക്കി.

കുട്ടിക്കാലത്തെ ഗ്രാമീണജീവിതത്തിന്റെ ആഴമേറിയ സ്വാധീനം അദ്ദേഹത്തിന്റെ കവിതകളെ നാടോടിബിംബങ്ങള്‍കൊണ്ടു സമൃദ്ധമാക്കി. ആധുനികകവിത പൊതുവേ നഗരകേന്ദ്രിതമായിരുന്നുവെങ്കില്‍ കേദാര്‍നാഥ് അതിനെ ഗ്രാമീണമായ നാടോടിത്തംകൊണ്ട് വൈവിദ്ധ്യപൂര്‍ണ്ണമാക്കുകയും ചെയ്തു. ബനാറസിലെ പഠനകാലത്ത് അദ്ദേഹം പുരോഗമനസാഹിത്യപ്രസ്ഥാനവുമായി ബന്ധപ്പെട്ടു. ഹസാരിപ്രസാദ് ദ്വിവേദി, നാംവര്‍ സിങ്, ത്രിലോചന്‍ ശാസ്ത്രി എന്നിവരുടെ സ്വാധീനം ഇക്കാലത്ത് പ്രകടമാണ്. രചനാശില്പത്തില്‍ പാലിക്കുന്ന ജാഗ്രത, വിശാലമായ മാനവികദര്‍ശനം, പരീക്ഷണ സന്നദ്ധത എന്നിവയ്ക്ക് പോള്‍ എല്വാദ്, നെരൂദ, ബ്രെഹ്ത് എന്നിവരോടും തനിക്ക് കടപ്പാടുണ്ടെന്ന് കേദാര്‍നാഥ് വ്യക്തമാക്കുന്നു.

പാശ്ചാത്യ ആധുനികതയില്‍നിന്ന് വ്യത്യസ്തവും എന്നാല്‍ ഭാരതീയപശ്ചാത്തലത്തില്‍ പ്രസക്തവുമായ ഒരാധുനികതയാണ് തന്റേതെന്ന് ഈ കവി പറയുന്നു. ഭാഷയുടേയും സംസ്‌കാരത്തിന്റേയും വേരുകളില്‍നിന്നാണ് തന്റെ കവിത പിറക്കുന്നതെന്നും അദ്ദേഹം വിശ്വസിക്കുന്നു.

കേദാര്‍നാഥ് സിങ്ങിന്റെ കവിതകള്‍ ഇവിടെ:

(കുറിപ്പിനും വിവര്‍ത്തനത്തിനും ആധാരം പോയട്രി ഇന്റര്‍നാഷണല്‍ വെബ് )