മറ്റൊരു കാലത്തില്‍ നിന്നും
മറന്ന നിഴലുകളില്‍ നിന്നും
വീട്ടുമൃഗത്തിന്‍ മാംസം തിന്നാന്‍
വീണ്ടും വന്നു മരപ്പട്ടി

മച്ചിന്‍മേലേ കാലടിയൊച്ചകള്‍
കേട്ടു മയക്കം ഞെട്ടുമ്പോള്‍ 
അരുമപ്പൂച്ചകളോരോന്നോരോന്നതിന്‍റെ
ഭക്ഷണമാകുന്നു

എത്ര വിളക്കു തെളിച്ചാലും
നട്ടുച്ചയ്ക്കു തിരഞ്ഞാലും
തട്ടിന്‍പുറമൊരു മങ്ങിയവെട്ടം
കൊണ്ടിരുള്‍ മൂടിമറയ്ക്കുന്നു

ഒറ്റയ്ക്കല്ലവര്‍ വേട്ടയ്ക്കൊന്നില്‍
കൂടുതലുണ്ട്, പുലര്‍ച്ചകളില്‍
മുറ്റത്തെന്നും കാല്പാടുകളൊരു
പറ്റം വന്നു പരക്കുമ്പോള്‍ 
അതാണുതെളിവുകളരൂപിയായി
പ്പെരുകുകയാണു മരപ്പട്ടി!

ഒന്നോരണ്ടോചക്കിപ്പൂച്ചകള്‍
അപ്രത്യക്ഷകളായാദ്യം
ആഴ്ചകള്‍പലതവര്‍ തിരികെവരുന്നത്
കാത്തുജനാലതുറന്നിട്ടു

വീണ്ടും വാവ് കറുക്കുമ്പോള്‍
വീട് തിരണ്ടു ചുവക്കുമ്പോള്‍
തെക്കേക്കൂഴപ്ലാവില്‍ മഞ്ഞ
ക്കണ്ണുതുറിച്ചു തിളങ്ങുമ്പോള്‍ 
ഇരയുടെ പ്രാണന്‍ ദൂരെഞരങ്ങി
യടങ്ങുമ്പോള്‍ ഞാന്‍ കാണുന്നു 
ജനലുകടന്നുവരുന്നതു പൂച്ചകളല്ല
വിശന്ന മരപ്പട്ടി!

ഞാവല്‍കുലയോ കോഴിത്തലയോ
കൊണ്ടൊരു കെണിഞാന്‍വച്ചപ്പോള്‍
കല്ലില്‍ ചീറ്റപ്പുലിയെ ആവാഹിച്ചിരുവട്ടമെറിഞ്ഞപ്പോള്‍
കെണിയില്‍ വീണത്, കല്ലേറില്‍ തല
പൊട്ടിയൊലിച്ചത്, 
പൂച്ചകളും!

അത്താഴത്തിനിരിക്കുമ്പോള്‍
മുട്ടിയുരുമ്മിക്കൊണ്ടൊരു ഭീകര
ശൂന്യത ചുറ്റും പമ്മുന്നു
അങ്ങനെയവസാനത്തെപ്പൂച്ചയും 
ഇല്ലാതായെന്നറിയുകയാല്‍
പിറ്റേന്നാപ്പുര പൂട്ടിത്താക്കോല്‍
തൊടിയിലെറിഞ്ഞു
കടമ്പ കടന്ന്
മറ്റുള്ളവരെപ്പോലൊടുവില്‍ ഞാന്‍
നഗരത്തില്‍പോയ് ചേക്കേറി

തലമുറതോറും ഉരുളച്ചോറിന് 
പിറകേകൂടിയ പൂച്ചകളില്‍
നിന്നും ചിലതുകള്‍ ശേഷിക്കുന്നുണ്ടെന്‍റെ
യനന്തരബോധത്തില്‍

മറ്റൊരു ലോകത്തില്‍ നിന്നും 
മാറിയ പാതകളില്‍നിന്നും
പട്ടാപ്പകലും പട്ടണമധ്യേ
പായുകയാണ് മരപ്പട്ടി!

ഞാനോ ഫ്ലാറ്റിലിരുട്ടത്തും
തെരുവില്‍ പച്ചവെളിച്ചത്തും
പൂച്ചയിറച്ചികണക്കൊരു ജന്മം
കെണിയില്‍ കാത്തുകിടക്കുന്നു