sudheerraj

കൃഷ്ണനെ സൂക്ഷിച്ചുനോക്കിയാല്‍

feature image

കൃഷ്ണനെ സൂക്ഷിച്ചു നോക്കിയാൽ ഒരു പശുക്കിടാവിനെ കാണാം
ഒന്നൂടെ സൂക്ഷിച്ചു നോക്കിയാൽ അപ്പുറത്തൊരു കലപ്പ കാണാം.

പെണ്ണുങ്ങൾ കുളിക്കുന്ന കുളിക്കടവിനപ്പുറം
നല്ല കലക്കൻ മഥുരപ്പുഞ്ച കാണാം. 
നല്ല കരിങ്കറപ്പൻ ദേഹങ്ങൾ പൊരി വെയിലത്ത് ഞാറു നടുന്നത് കാണാം.
വെയിലു പിന്നേം മൂക്കുമ്പം
കറുത്തുടൽ നീലിച്ചു മിന്നുന്നത് കാണാം.
മുഖമൊന്നു പൊക്കി വിയർപ്പ് തുടയ്ക്കുമ്പോൾ 
ഒരു കീറു വെയിലടിക്കും
തിളങ്ങും വിയർപ്പ് മയിൽപ്പീലിയെന്നു തോന്നും
വൈകിട്ട് കുഞ്ഞുങ്ങളുടെ വായിൽ മണ്ണു കാണുമ്പോൾ
ഉറക്കത്തിൽ,
പാദത്തിലവളുടെ കണ്ണീരിന്റെയമ്പു കൊള്ളുമ്പോൾ
അമ്മയ്ക്കയച്ച ചെമ്മുള്ള ചേലകൾ
മണ്ണിനടിയിൽ കുരുങ്ങിക്കിടക്കുന്നത് കാണും.
അക്രൂരമായി മറഞ്ഞു പോവാത്ത കാളിന്ദിയെ
ജീവിതമെന്നു തന്നെ വിളിക്കും.