feature image

ഒരു യൂറോപ്യന്‍ റ്റീമും
ലാറ്റിനമേരിക്കന്‍ റ്റീമും തമ്മിലുള്ള
കാല്‍പ്പന്തു മത്സരത്തില്‍
ഓരോ ലാറ്റിനമേരിക്കന്‍ കളിക്കാരനും
ഒരു ദൈവമാണെന്നു തോന്നും

ഒരു ചെറുകിട ദൈവത്തിന്റെ
പ്രാദേശികമായ സര്‍വ്വവ്യാപിത്വത്തില്‍
അവന്റെ പാദരക്ഷയുടെ മൊട്ടാണികള്‍
ഓരോ പുല്‍ക്കൊടിയുടെ പച്ചയിലും
ഒളിമ്പ്യന്‍ വലയങ്ങളടയാളപ്പെടുത്തി
മൈതാനം മുഴുവന്‍ പറക്കും

എന്നിരിക്കിലും 
അവനെ ക്ലോസപ്പിലാക്കിയാല്‍
മറ്റു ദൈവങ്ങളുടെ കൈകാല്‍കലാശങ്ങള്‍
ചതുരത്തില്‍ ഇടപെടും

യൂറോപിയന്‍ കളിക്കാരനോ
വീട്ടില്‍ തന്റെ മുറിയില്‍ എന്നതുപോലെ
അവനവന്റെ വ്യക്തിത്വത്തിന്റെ
ജനാധിപത്യപരമായ ഇടുക്കില്‍,
എന്നാല്‍, അതിന്റെ തനിമയില്‍
ചിലേടത്തുമാത്രം ശക്തനായി,
എന്നാല്‍, അവിടെ തികച്ചും സര്‍വ്വശക്തനായി,
ചതുരംഗത്തിലെ ഒരു കരു പോലെ
നിശ്ചിതമായ ചുവടുകളും
നിഷ്കൃഷ്ടമായ ചലനപഥങ്ങളും
നിര്‍ദ്ദിഷ്ടമായ ദിശകളുമായി,
കുപ്പായത്തിലെഴുതിയ നമ്പര്‍
കാല്‍ക്കുലേറ്ററില്‍ മിടിപ്പിച്ച്
അതിന്റെ ഡിജിറ്റല്‍ക്കടവനടികളില്‍
പതിനെട്ടടവും പയറ്റുന്നു-
മൈതാനത്തിന്റെ കാലുകള്‍
കീബോഡിലെ വിരലുകളാണ്.

പുല്‍പ്പരപ്പില്‍ 
പച്ചത്തുള്ളനെന്നതുപോലെ
മൈതാനത്തില്‍ മറഞ്ഞുനില്‍ക്കാന്‍
ഏതുനിമിഷവും അവനു കഴിയും.

യൂറോപ്പിന്റെ കവിത
യൂറോപ്പിലെ കളിക്കാരുടെ
കാല്‍പ്പന്തുകളി പോലെയാണ്.
അര്‍ത്ഥം കാല്‍മാറി ഗോളടിക്കുന്ന
വരികളാണ് പാസുകളെങ്കില്‍
വരികളുടെ എണ്ണമതില്‍ ചുരുക്കമാണ്.

പാസിന്റെ ദൈര്‍ഘ്യം
വെളുത്ത ഇടവേളയാണെങ്കില്‍
അതിലെ മൗനങ്ങള്‍ നീണ്ടതാണ്
വെളുപ്പുകള്‍ വിസ്തൃതമാണ്.

ചുവടുകളുടെ ദൈര്‍ഘ്യത്താല്‍
ചിതറലിലെ അകലങ്ങളാല്‍
അതിന്റെ കളിമൈതാനത്തിന്
ഉള്ളതിലേറെ വലുപ്പമുണ്ട്.

വാക്കുകള്‍ കളിക്കാരാണെങ്കില്‍
ഒരു മൈതാനം മുഴുവനും
ഓരോ കളിക്കാരനും
സ്വന്തമായുണ്ടെന്നു തോന്നും.

അവനെ ക്ലോസപ്പിലാക്കാന്‍
എളുപ്പത്തില്‍ കഴിഞ്ഞെന്നുവരാം.

ഓരോ കളിക്കാരനും
തന്റെ കുപ്പായത്തിലെ നമ്പര്‍പോലെ
ഓരോ പൂര്‍ണ്ണസംഖ്യയാണെന്നു തോന്നും.

താരതമ്യത്തില്‍
തലനാരിഴ കീറി പറഞ്ഞാല്‍,
ദശാംശങ്ങളിലേക്ക് വ്യാപിക്കുന്ന സംഖ്യകളാണ്
ലാറ്റിനമേരിക്കന്‍ കളിക്കാര്‍.

(മറഡോണയുടെ നമ്പറെന്ത്?
ആര്‍ക്കാണറിഞ്ഞുകൂടാത്തത്! പത്ത്!
അല്ല, കൃത്യമായി പറഞ്ഞാല്‍ 10.678...
ഒരു നമ്പറിന്റെ ഭാഗ്യം നിര്‍ണ്ണയിക്കുന്നത്
അതിന്റെ ദശാംശസാധ്യതകളിലെ
അട്ടിമറികളാണ്.)

ഒരു യൂറോപ്യന്‍ റ്റീമും
ലാറ്റിനമേരിക്കന്‍ റ്റീമും തമ്മിലുള്ള
കാല്‍പ്പന്തു മത്സരത്തില്‍
മൂന്നാം ലോകത്തിലെ ആള്‍പ്പെരുപ്പം
ഒന്നിനു മൂന്നെന്ന അനുപാതത്തില്‍
മൈതാനത്തെ വിഭജിക്കുന്നുണ്ടെന്നു തോന്നും.

ലാറ്റിനമേരിക്കന്‍ റ്റീമില്‍
യൂറോപിയന്‍ റ്റീമിലുള്ളതിന്റെ
മൂന്നുമടങ്ങ് കളിക്കാരുണ്ടെന്നു തോന്നും.

ലാറ്റിനമേരിക്കക്കാര്‍
മൈതാനത്തിന്റെ നാലില്‍ മൂന്നു ഭാഗവും
കീഴടക്കുന്നതിന്റെ രഹസ്യമിതാണെങ്കില്‍,
കുത്തുകുത്തായി വരച്ച
ഈ തേനീച്ചക്കൂട്ടച്ചിത്രത്തില്‍
കുടുങ്ങിപ്പോയ യൂറോപ്പുകാരന്‍
വ്യക്തിദൂരത്തെ മാനിക്കുന്ന
വൈമാനിക വ്യവസ്ഥയോര്‍ത്ത്
യൂറോപ്പുകാരന്‍ പരാതിപ്പെടുന്നു:
“എനിക്കെന്റെ ലഗ്റൂമെവിടെ?
എല്‍ബോ റൂമെവിടെ?”

ലാറ്റിനമേരിക്കക്കാരന്‍ പരിഹസിക്കുന്നു:
“ലെഗ്റൂമിന്റെ ദശാംശസ്ഥാനമറിയാത്തവര്‍
ലിഫ്റ്റുകളായി പിറക്കേണ്ടിയിരുന്നു!”

ലാറ്റിനമേരിക്കന്‍ കവിത
ലാറ്റിനമേരിക്കന്‍ കളിക്കാരുടെ
കാല്‍പ്പന്തുകളി പോലെയാണ്.

കരുത്തും ഊര്‍ജ്ജവും
വേഗാവേഗങ്ങളില്‍ കുത്തഴിഞ്ഞ്
കുറിയ പാസുകളുടെ കുറുക്കുവഴികള്‍
വീര്‍പ്പുമുട്ടിക്കുംവിധം ഇടുങ്ങിയിടുങ്ങിവന്ന്
ഉറുമ്പിന്‍കൂട്ടം പോലെ
വെറുമൊരു കൂട്ടമെന്നു തോന്നുംവിധം
എന്നാല്‍, ഉറുമ്പിന്‍കൂട്ടം പോലെ
ചെറിയ ചെറിയ ഇടവേളകളുടെ കണ്‍കെട്ടിലും
ഒരിക്കലും തോരാത്ത വിനിമയത്തിലും
സുഘടിതവും മുഖരവുമായി
ഗോള്‍വലയത്തിന്റെ വല പിന്നിട്ടാലും
പിന്നെയും പാഞ്ഞു മുന്നേറുമെന്നും
ഇനിയത്തെ ഗോള്‍ 
അടുത്ത മൈതാനത്തിലാവുമെന്നും
ഭീഷണിപ്പെടുത്തുന്ന നെട്ടോട്ടം;
എന്നാല്‍, ഓടുന്ന ഉറുമ്പിനെപ്പോലെ
ഒറ്റച്ചുവടെങ്കിലും അധികം വെക്കാതെ
പെട്ടെന്നു നിര്‍ത്താനാവുന്ന നെട്ടോട്ടം.

അതിനിടയില്‍ കളിക്കാര്‍
കുപ്പായം മാറ്റാതെ നമ്പര്‍ മാറ്റും
നമ്പര്‍ മാറ്റാതെ കുപ്പായം മാറ്റും
കത്തിരിക്കാലുകളില്‍
ഇടതും വലതും മാറ്റും
ദശാംശസ്ഥാനങ്ങളുടെ ഇടുമുടുക്കുകളില്‍
തുരുപ്പുനീക്കങ്ങള്‍കൊണ്ട്
തെരുപ്പറക്കും -
ഒരു കെട്ടു ചീട്ടില്‍
എത്ര ചീട്ടുകളുണ്ടെന്ന്
നിങ്ങള്‍ക്കപ്പോള്‍ ഓര്‍മ്മിക്കാനാവില്ല.

യൂറോപ്പുകാരന്റെ 
ഭൂതാവേശം മൈതാനവും
ലാറ്റിനമേരിക്കക്കാരന്റെ
ഭൂതാവേശം പന്തുമാണെങ്കിലും,
യൂറോപ്പുകാരന്‍ കളിച്ചുകളിച്ച്
പന്തില്ലാതാക്കുന്നു,
ലാറ്റിനമേരിക്കക്കാരന്‍ കളിച്ചുകളിച്ച്
മൈതാനമില്ലാതാക്കുന്നു -
ഇതാണ് ആഗോള കാല്‍പ്പന്തുകളിയിലെ
ഹൃദ്യമായ വൈരുദ്ധ്യാത്മകത്വം!

പന്തും മൈതാനവുമില്ലാതെ
കളിക്കുന്നവരുടെ
കളിയുടെ
ദൃക്സാക്ഷിവിവരണത്തിന്റെ
ശബ്ദരേഖ
കേള്‍ക്കുന്നവര്‍ക്ക്
ഇതു പിടിച്ചെടുക്കാനാവില്ല.