anvarali

കാലത്തില്‍ കൊത്തിയ കവിത

feature image

ഒരിക്കൽ തഞ്ചാവൂരിലെ വിജനമായ ദാരാസുരക്ഷേത്രവാടത്തിലെ ശിലാശിൽപ്പങ്ങൾ സിനിമാപ്പടമാക്കാൻ പോയി, ക്യാമറമാൻ ഷെഹനാദുമൊത്തായിരുന്നു യാത്ര.

എന്റെ തലയിൽ 'മോക്ഷമു' എന്ന ആറ്റൂർക്കവിതയും ചില ത്യാഗരാജ കീർത്തനങ്ങളും ചുറ്റിത്തിരയുന്നുണ്ടായിരുന്നു. ഫ്രെയിമുകളിലും ചലനത്തിലും വെളിച്ചത്തിലും ത്യാഗരാജസംഗീതത്തിന്റെ ഓർമ്മ വേണമെന്ന് ഷെഹനാദിനോട് പറയാൻ മാത്രമേ, പക്ഷേ എനിക്കറിയാമായിരുന്നുള്ളൂ.

ഉച്ചതിരിഞ്ഞുള്ള വെയിൽ കരിങ്കല്ലിന്റെ പ്രാക്തനകോശങ്ങളിൽ വീണ് തിളങ്ങുന്നുണ്ട്. തലേന്നത്തെ  മഴവെള്ളത്തിൽ തലകീഴായി തളം കെട്ടിയ ദാരാസുരശിൽപ്പങ്ങൾ ഇടയ്ക്കിടെ ഇളങ്കാറ്റത്ത് ശബ്ദമില്ലാതെ കുലുങ്ങിച്ചിരിക്കുന്നുണ്ട്. എന്റെ പതിന്മടങ്ങ് സിനിമ തലയിലുള്ള ഷെഹനാദ് സംവിധായകന്റെ പാതിവെന്ത ഐഡിയകൾക്ക് കാത്തു നിൽക്കാതെ ഇടംവലവും കീഴ്മേലും ഷൂട്ട് ചെയ്യാൻ തുടങ്ങി. അവൻ പടപടാ ലെൻസും ഫ്രെയിമും ഒക്കെ മാറ്റിമാറ്റിപ്പിടിച്ചു നോക്കുകയാണ്. ഞങ്ങൾ രണ്ടു പേരൊഴികെ
സ്ഥാവരമല്ലാത്തതായി അവിടുള്ളത് ചുറ്റുമതിലിലെ കുറച്ചു കാക്കകൾ, അടിച്ചുവാരാനെത്തിയ വെളുക്കെച്ചിരിയുള്ള ഒരു പാട്ടി.... മറ്റെല്ലാം നിശ്ചലതയുടെ മഹാസാമ്രാജ്യം....

അതിവേഗം തന്റെ ഫ്രെയിമുകൾ തീരുമാനിക്കാറുള്ള ഷെഹനാദ് പെട്ടെന്ന് അസ്വസ്ഥനായി. ശിൽപ്പച്ചുവരുകളിൽ വച്ച ഫ്രെയിമുകളുടെ സമ്മിതിയിലോ അതിരുകളിലോ തൃപ്തിവരാതെ "ഈ ഫ്രെയിം എങ്ങനെ? ഈ ഫ്രെയിം എങ്ങനെ?" എന്ന് അവൻ പതിവില്ലാത്ത പതർച്ചയോടെ എന്നോട് നിരന്തരം ചോദിച്ചുകൊണ്ടിരുന്നു. നിരവധി പൗരാണികാഖ്യാനങ്ങളും കല്ലുടൽവടിവുകളും കാലത്തിൽ തറഞ്ഞു നിൽക്കുന്ന ദാരാസുരച്ചുവരുകളിൽ അന്തംവിട്ടു നോക്കിനിൽക്കലല്ലാതെ എനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അനേകനൂറ്റാണ്ടുകളായി നിശ്ചലതയുടെ ലാവണ്യഭാഷയിൽ മുഴങ്ങിക്കൊണ്ടിരിക്കുന്ന ശിലാഖണ്ഡങ്ങളെ ഒറ്റ നൂറ്റാണ്ടു മാത്രം പ്രായമായ സിനിമയെന്ന തുമ്പിയെക്കൊണ്ട് പൊക്കിയെടുപ്പിക്കാനാവില്ല എന്ന അബോധമോ വെളിവോ എന്നറിഞ്ഞു കൂട, "നമുക്ക് മൂവി എടുക്കണ്ടടാ കൊറേ സ്റ്റിൽ എടുക്ക് " എന്ന് ഒരു മൂച്ചിന് ഞാനങ്ങു പറഞ്ഞു. അവന്റെ മുഖത്ത് വെയിലുള്ള ഒരു പുഞ്ചിരി.... വീഡിയോ മോഡ് കട്ട്. അവൻ തുരുതുരേ സ്റ്റില്ലുകൾ എടുക്കാൻ തുടങ്ങി. സ്ലേറ്റിൽ വീടുകളും മലകളും വരയ്ക്കുന്ന കുഞ്ഞുങ്ങളെ പോലെയായി ഞങ്ങൾ.

പിന്നെ സന്ധ്യ ഇരുളുവോളം ചുറ്റമ്പലത്തിലെ തൂണുകളിലൊന്നിനു താഴെ വിശ്രമിച്ചു. ചലനകലയായ സിനിമയെക്കാൾ ഏത്രയോ കാലം പിന്നിട്ട പുഴയാണ് നിശ്ചലതയിൽ എഴുന്ന ആ ശിൽപ്പഗോപുരങ്ങൾ എന്ന് തമ്മിൽ പറയാതെ തന്നെ ഞങ്ങൾക്ക് തിരിഞ്ഞു. കാലാന്തരശിൽപ്പനിശ്ചലതകൾക്കു മേൽ ലെൻസു വയ്ക്കുന്നതിലെ സിനിമാഹങ്കാരം മാറിക്കിട്ടിയല്ലോ എന്ന് രാത്രി ഞങ്ങൾ മൂന്നാലു പെഗ്ഗിന്റെ അഹങ്കാരത്തിൽ ചിരിക്കുകയും ചെയ്തു.

ആന്ദ്രേ റുബ്ളേവ് ഒക്കെ കണ്ട് ഞങ്ങളുടെ ആധുനിത്വം നിർമ്മിച്ച താർക്കോവ്സ്കിത്തരം ആ തഞ്ചാവൂർ യാത്രയോടെ മൂഞ്ചിപ്പോയി എന്ന് ചുരുക്കം. Sculpting on Time ഒന്നുകൂടി വായിക്കണം. ദൃശ്യകലയുടെ ആധുനിക ഉപകരണങ്ങളുമായി, പ്രാചീന-മദ്ധ്യകാലങ്ങളിലെ ഉത്തുംഗവും സൂക്ഷ്മസ്ഥൂലാകാരനിബിഡവുമായ ശിലാശിൽപ്പസമുച്ചയങ്ങളെ സമീപിക്കുന്നതിന്റെ പരിമിതിയെക്കുറിച്ച് വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു ആ ദാരാസുരയാത്ര.