maryoliver

കാട്ടുതാറാവുകള്‍

മൊഴിമാറ്റം: പി പി രാമചന്ദ്രന്‍

നല്ലവനായിരിക്കേണമെന്നില്ല നീ
കുറ്റബോധത്താൽ മരുപ്പരപ്പിൽ നിന്റെ
മുട്ടുകാലിൽ നൂറുകാതം നടക്കേണ്ട,
ഒറ്റയൊന്നേ വേണ്ടു, നിന്നുടലായൊരീ-
യുറ്റമൃഗത്തെ അനുവദിച്ചീടുക
ഇഷ്ടമെന്താകിലുമിഷ്ടമായ് ചെയ്യുവാൻ

നിന്റെ ദുഃഖങ്ങൾ പറയുകെന്നോടു നീ
എന്റേതു ഞാനും പറയാം; അതിന്നിടെ
സഞ്ചരിക്കുന്നുണ്ടു ലോകമെന്നോർക്കണം

നീങ്ങുന്നു സൂര്യനും തൂമഴത്തുള്ളിയും
ഭൂപ്രദേശങ്ങൾ കടന്നു പതുക്കവേ
പുല്ലണിമേച്ചിൽപ്പുറങ്ങൾക്കു മീതെയായ്
നല്ലിരുളാണ്ട വനങ്ങൾക്കു മീതെയായ്
പർവ്വതങ്ങൾക്കും നദിക്കുമുപരിയായ്

സഞ്ചരിക്കുന്നുണ്ടുയരെ നീലാകാശ
മണ്ഡലത്തിൽ കാട്ടുതാറാവുകൂട്ടങ്ങൾ
തങ്ങൾതൻ കൂടണയുന്നതിന്നപ്പൊഴും

ആരുമാകട്ടെ നീ, എത്രമേൽ ഏകാകി-
യായിരുന്നോട്ടെ, ഈ ലോകം സ്വയം നിന്റെ
ഭാവനയക്കുള്ളതു നല്‍കുന്നുവെപ്പൊഴും,
കാട്ടുതാറാവിനെപ്പോലെ കഠോരമായ്
കൂക്കിവിളിക്കുന്നു നിന്നെ വീണ്ടും വീണ്ടും
വസ്തുക്കള്‍കൊണ്ടു നിറഞ്ഞ ലോകത്തില്‍ നി-
ന്നസ്തിത്വമെങ്ങെന്നറിയിച്ചിടുംപോലെ