sjoseph

കാടാണു ഞാന്‍

കാടാണു ഞാന്‍ ഒരു വസന്തം മുഴുവനും
പാടിക്കഴിഞ്ഞിട്ടിരിക്കെ
കേള്‍ക്കുന്നു ദൂരെക്കരച്ചി,ലതാരുടേ-
തെന്നു തെളിച്ചമില്ലാതെ
തേനിരിക്കുന്നയിടം തേടിപ്പോകുന്ന
വേടനെപ്പോലതു തേടി
തേടിയലഞ്ഞു ഞാനേതോ മരത്തിന്റെ
ചോട്ടില്‍ കിടന്നതു കിട്ടി
ഞാനെടുത്തെന്റെ മടിയില്‍ വച്ചിട്ടൊരു
പൊന്നുമ്മ നല്‍കിയുറക്കി
ഞാനുമുറങ്ങി,യുണര്‍ന്നു നോക്കുമ്പൊഴോ
കാണുന്നൊരാണിന്റെ രൂപം
എന്റെ വയറ്റില്‍ പിറന്നവനാണിവ-
നെന്നെന്റെയുള്ളം നടുങ്ങി
തേനൂറുമേയിവന്‍ പേരില്‍, ഒരു വിളി
കാട്ടിലേയ്ക്കോടി മറയും
ആ വിളി കേള്‍ക്കേ ഭവാനിപ്പുഴയൊരു
സീവാന് പോലെ പരക്കും
ആവിളി ചെന്നു മുട്ടുന്നതു പൊയ്പോയ
റായിക്കാലങ്ങളിലാവാം
സുണ്ടിവില്ലിന്റെ കരുത്തുള്ളവന്‍ പിന്നെ
യെങ്ങനെയിങ്ങനെയായി?
കാടു പൂത്തോരു കാലത്ത് ഇണയുടെ
കാലടി തേടിനടന്നോ?
കാട്ടാനയെപ്പോല്‍ കുഴിയില്‍ വഴുതിയോ,
പേടിപിടിച്ചു കഴിഞ്ഞോ?
ഞാനുമറിഞ്ഞില്ല കുന്നും മലകളും
മാടിവിളി,ച്ചിവന്‍ വന്നു
ഞാനുമറിഞ്ഞില്ല കാട്ടിലെയാംപെകള്‍
പോയിക്കൂട്ടിക്കൊണ്ടുപോന്നു
കൂടെപ്പുറപ്പെട്ടു വേരുമിലകളും
കൂട്ടിക്കോണ്ടിങ്ങോട്ടുപോരാന്‍
കാടാണു ഞാനൊരു ജീവിതം നല്‍കുമേ
കാട്ടിലേക്കെത്തുവോര്‍ക്കെല്ലാം
മല്ലീശ്വരമുടിയ്ക്കടിതിയവനൊന്നും
മിണ്ടാതെയൊറ്റയ്ക്കു വാണു
എന്റെ അളെയില്‍, കുളിരിലവനെ ഞാന്‍
ഉമ്മകൊടുത്തങ്ങുറക്കും
കാങ്കും പഗയുമവനു തിന്നാന്‍ മേലെ-
ക്കാവുളിന്‍ പാട്ടുകള്‍ കേള്‍ക്കാന്‍
മൂങ്കയില്‍ കാറ്റൂതിക്കൊണ്ടേയവനു ഞാന്‍
വേനല്‍മഗെ പോലെനിന്നു
എല്ലാമിലപൊഴിയുമ്പോലെയെന്നൊരു
വന്മരച്ചൊല്ലായി നിന്നു
എങ്കുപോയ്നേ അവന്‍ എന്നെവിട്ടി,ട്ടങ്ങു
ദൂരത്തു കേള്‍ക്കാം കരച്ചില്‍
ഞാനതു തേടിനടന്നു താഴ്വരകളില്‍
കേള്‍ക്കാമതിന്റെ മുഴക്കം
ആരവമുണ്ടതിനൊപ്പമതെങ്ങുപോയ്
മായുന്നു തിട്ടമില്ലല്ലോ
തേനൂറുമേയവന്‍പേരില്‍, പ്രകൃതിയില്‍
ആ തേനെടുത്തല്ലോ ലോകം.
..
അട്ടപ്പാടിയിലുള്ള കുറുമ്പ, മുഡുഗ, ഇരുള എന്നീ ഗോത്രഭാഷകളിലെ വാക്കുകളാണ് ഈ കവിതയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ മൂന്നു ഭാഷകളിലെ വാക്കുകള്‍ തമ്മില്‍ അര്‍ത്ഥത്തിലും ഉച്ചാരമത്തിലും ബന്ധവും വ്യത്യാസവും കാണുന്നു. ലിപികള്‍ ഇല്ലാത്ത ഭാഷകള്‍ ആണ്. അവയുടെ ഉച്ചാരണം മലയാളലിപികളില്‍ എഴുതുവാന്‍ പ്രയാസമാണ്. ഇരുളഭാഷയ്ക്ക് ഇപ്പോള്‍ ലിപി രൂപപ്പെടുത്തിയിട്ടുണ്ട്.


സീവാന് - ദയ, സ്നേഹം
റായി - റാഗി
സുണ്ടിവില്ല് - കല്ലുവെച്ച് തെറ്റുന്ന ഒരുതരം വില്ല്
ആമ്പെ - കൂണ്
അടിതി - അടിയില്‍
അളെ - ഗുഹ
കാങ്ക് - കിഴങ്ങ്
പഗ - പഴം
മെലെക്കാവുള് - കാട്ടുമൈന
മൂങ്ക - മുള
മഗെ - മഴ
എങ്കുപോയ്നേ - എവിടെപ്പോയി


(മാതൃഭൂമി ഓണപ്പതിപ്പ്, 2018)