sachidanandan

കവി കവിത കാവ്യസങ്കല്പം

പ്രമുഖ ലോകകവികളുമായി സച്ചിദാനന്ദൻ നടത്തുന്ന കാവ്യസംവാദം

എക്സ് ജെ കെന്നഡി തന്റെ കാവ്യസങ്കല്പം സച്ചിദാനന്ദനുമായി പങ്കുവെക്കുന്നു.? എന്താണു കവിത? എന്തല്ല? കവിതയുടെ കാതലായ പ്രകൃതം, അങ്ങനെയൊന്നുണ്ടെങ്കിൽ, എന്താണ്?

ഞാന്‍ കവിതയെ കാണുന്നത് സംക്ഷിപ്തവും (ചെറുതാകണം എന്നില്ല) താളാത്മകവുമായ ഭാഷ ആയിട്ടാണ്. അതിൽ സംഗീതമുണ്ട്; അത് വായനക്കാരന്റെ വികാരങ്ങളെ മീട്ടുന്നു. ഈ ഗുണങ്ങൾ ഇല്ലാത്ത, നല്ല വായനയ്ക്ക് ഉതകാത്ത എന്തും ഗദ്യമായേ തോന്നൂ.

? ഏറ്റവും പ്രധാനമായ കവിത ഏതാണ്? ഏറ്റവും മഹത്തുക്കളായ കവികൾ ആരാണ്? അവർ‍ എന്താണ് സാക്ഷാത്കരിക്കുന്നത്?

‘മഹത്തുക്കൾ’ എന്ന വിശേഷണം അർ‍ഹിക്കുന്ന കവികൾ ഒരു ജനതയ്ക്കു വേണ്ടി സംസാരിക്കുന്നവരാണ്. അവരുടെ കവിതകൾ ഒരു സംസ്കാരത്തെ സാക്ഷാത്കരിക്കുന്നു, അതിനു ശബ്ദം നൽകുന്നു, ഒരു വിശ്വാസസംഹിതയ്ക്കു മുഴുവന്‍. ഉദാഹരണങ്ങൾ: ഹോമർ‍, മിൽട്ടണ്‍, പുഷ്കിന്‍, വിറ്റ്മാന്‍ (അദ്ദേഹം അമേരിക്കക്കാർ‍ക്കു മുഴുവനും വേണ്ടി സംസാരിക്കുന്നു, അവർ‍ക്ക് വേണമെങ്കിലും, വേണ്ടെങ്കിലും) ചില നല്ലതെന്നുമാത്രം പറയാവുന്ന കവികളെ—ഉദാഹരണത്തിന് ജോണ്‍ ക്ലെയർ‍, (വാലസ്) സ്റ്റീവന്‍സ്, എമിലി ഡിക്കിന്‍സണ്‍—വായിക്കുന്നത് മഹത്തുക്കളായ ചില കവികളെ വായിക്കുന്നതിനേക്കാൾ രസമാവും, അവർ‍ വിറ്റ്മാനിൽ ഉള്ളിടത്തോളം ഗദ്യാത്മകമായ വരികൾ എഴുതാറില്ല.

? കവിതയും സത്യവുമായുള്ള ബന്ധം എന്താണ്? കാവ്യാത്മകസത്യം എന്നൊന്നുണ്ടോ?

സത്യം എന്താണെന്ന് കൃത്യമായി അറിയാത്തതുകൊണ്ട് ഇവിടെ ഞാന്‍ തോറ്റു. പണ്ട്, 1739–ൽ സന്ദേഹവാദിയായ ഡേവിഡ് ഹ്യൂം സത്യത്തെ അനിശ്ചിതവും ലോകത്തെ ദുർ‍ഗ്രഹവുമായി കാണുന്നതിന്നായി നല്ല പോലെ വാദിച്ചിരുന്നു. ഈ പണ്ടാരത്തെ അനുഭവിക്കാന്‍ മാത്രമേ നമുക്ക് കഴിയൂ എന്ന് അദ്ദേഹത്തിന് മനസ്സിലായിരുന്നു. മിക്ക കവികളും അത്രയൊക്കെത്തന്നെയേ ചെയ്യുന്നുള്ളൂ എന്നാണ് എന്റെ ഊഹം.

? കവിത മനുഷ്യാവസ്ഥയുമായി ബന്ധപ്പെടുന്നത് എങ്ങിനെയാണ്?

ഏതു മനുഷ്യാവസ്ഥ? ജീവിച്ചിരിക്കലോ?എനിക്കാകെ അറിയാവുന്നത് നല്ല കവിത മനുഷ്യവികാരങ്ങളെ സ്പർ‍ശിക്കുന്നുവെന്നും യന്തിരന്മാരുടെയും കുരങ്ങന്മാരുടെയും അടുത്തൊന്നും എത്തുന്നില്ലെന്നും മാത്രമാണ്

? കവിതയുടെ തത്വചിന്ത എന്ന് വിളിക്കാവുന്ന അർ‍ത്ഥവത്തായ എന്തെങ്കിലും ഉണ്ടോ, അഥവാ സാദ്ധ്യമാണോ?

അങ്ങിനെ എന്തെങ്കിലും ഉണ്ടെന്നു പറയാന്‍ ഞാന്‍ മടിക്കും

? കവിതയുടെ അടിസ്ഥാനപ്രകൃതി കാലത്തോടൊപ്പം മാറുന്നുണ്ടോ?

അതിന്റെ ശൈലികൾ മാത്രം മാറുന്നു, വക്കിൽ പൂപ്പൽ പറ്റുന്നു, അതിന്റെ ഭാഷ പഴഞ്ചനാകുമ്പോൾ അതിനു അസുഖം വരുന്നു. എന്നാൽ നാമേറെപ്പേരും പരിഭാഷയുടെ ഇരുണ്ട കണ്ണടയിലൂടെ മാത്രം കാണുന്ന പ്രാചീനകവിതയിൽ പോലും ( സാഫോവിന്റെ ഭാവഗീതങ്ങൾ, ഹീബ്രു കീർ‍ത്തനങ്ങൾ, കണ്‍ഫ്യൂഷ്യസ്സിന്റെ ക്ലാസ്സിക് സമാഹാരം) ഒരിക്കലും പഴകാത്ത ചില അംശങ്ങൾ നമുക്ക് ഇപ്പോളും ആസ്വദിക്കാന്‍ കഴിയും: ബിംബങ്ങൾ, രൂപകങ്ങൾ, ധിഷണയുടെ മിന്നലാട്ടങ്ങൾ, വികാരങ്ങൾ.

? ഒരു ‘കവിത’യാണോ ഉള്ളത്, അതോ പല ‘കവിത’കൾ ഉണ്ടോ?

ഞാന്‍ പറഞ്ഞ പോലെ ചില ഘടകങ്ങൾ സ്ഥിരമാണ്. എങ്കിലും ‘കവിതക’ളെക്കുറിച്ചു ചിന്തിക്കുന്നതാവും നന്ന്, സമകാലീനകവിതയുടെ വിശാല വൈവിധ്യത്തിനു അത് ചേരും. എങ്കിൽ ഭാഷാകവികളുടെ രചനകളെ ഒരു ‘കവിത’ എന്ന് വിളിക്കാനായേക്കും.

? എന്താണ് ഒരു കവിതയെ ശരിക്കും മഹത്താക്കുന്നത്?

രണ്ടാം ചോദ്യത്തിന്റെ ഉത്തരം കാണുക.

? കവിതയിൽ പാരമ്പര്യവും നവീകരണവും തമ്മിലുള്ള ബന്ധമെന്താണ്?

ആ ബന്ധം ഫലവത്താകാം, ഗിന്‍സ്ബർ‍ഗ്ഗിന്റെ ‘ഹൌൾ’ എന്ന പരീക്ഷണാത്മകകവിതയിൽ വിറ്റ്മാന്റെയും സർ‍-റിയലിസത്തിന്റെയും പാരമ്പര്യങ്ങൾ ഒന്നിച്ചു വന്നതു പോലെ. പാരമ്പര്യവാദികളും പുതുമക്കാരും തമ്മിലുള്ള ബന്ധങ്ങൾ സംഘർ‍ഷഭരിതമാകാം, പാരമ്പര്യവാദികൾ തങ്ങളുടെ കയ്യിൽ എല്ലാ ഉത്തരവും ഉണ്ടെന്നു കരുതുകയും ഒരു പറ്റം ഊളിപ്പിള്ളർ‍ക്കു കീഴടങ്ങുകയില്ലെന്നു വാശി പിടിക്കുകയും, ഒപ്പം പുതുമക്കാർ‍ പാരമ്പര്യവാദികളെ ഒന്നുമറിയാത്ത പൊട്ടന്മാരായി കാണുകയും ചെയ്യുമ്പോൾ.

? ഏതെങ്കിലും പ്രത്യേകതരം കാവ്യസമ്പ്രദായം ( ഭാവഗീതം, രൂപമാത്രപ്രധാനം, മുക്തവൃത്തം, പരീക്ഷണാത്മകം, മറ്റു സമീപനങ്ങൾ) കൂടുതൽ മികച്ചതാണോ?

‘ഫോമലിസം’ ( രൂപവാദം) എന്ന് ലേബൽ ചെയ്യപ്പെട്ട ഒന്നിനോട് കൊടും ഭ്രാന്തുള്ള ഒരാൾ എന്ന നിലയിൽ എനിക്ക് എന്റെ കാര്യമേ പറയാനാകൂ. (ഈ ലേബൽ കണ്ടാൽ തോന്നുക പ്രാസവും താളവും ദീക്ഷിക്കുന്ന കവികൾ ഡിന്നർ‍സൂട്ടുമിട്ടു ചുറ്റിനടക്കുകയാണെന്നാണ്) അമൂർ‍ത്തമായി രൂപത്തെ വിലമതിക്കുന്ന ഒരാളല്ല ഞാന്‍. അയാംബിക് പെന്റാമീറ്ററിന് ( കുറിപ്പ്: നമുക്ക് കേകയോ മഞ്ജരിയോ പോലെ , ഒരു സാധാരണ ഇംഗ്ലീഷ് വൃത്തം) പുല്ലുവിലയില്ല, അതിൽ വാക്കുകളില്ലെങ്കിൽ., അതും ആ വാക്കുകൾ ഊർ‍ജ്ജസ്വലമായി ഉച്ചരിക്കപ്പെടുന്നില്ലെങ്കിൽ.

? രാഷ്ട്രീയവും കാവ്യമീമാംസയും തമ്മിൽ അഗാധമായ ബന്ധങ്ങളുണ്ടോ? ദയവായി ചില ഉദാഹരണങ്ങൾ തരൂ.

ഞാനറിയുന്നിടത്തോളം ഇല്ല. രാഷ്ട്രീയപ്രസ്താവങ്ങൾ നടത്തുന്ന നല്ല കവിതകൾ ഉണ്ടാവില്ലെന്നല്ല: മാർ‍വെല്ലിന്റെ ‘ ‘ഹോറെഷ്യന്‍ ഓഡ്’, (ലൂയി) അരഗങ്ങിന്റെ ‘ ലേ ഫ്രോന്ത് റൂഷ്’, വില്ല്യം സ്റ്റാഫോഡിന്റെ ചില കവിതകൾ—അനന്തമാണ് ആ പട്ടിക. കവികൾ ലോകത്തിന്റെ അംഗീകൃതരല്ലാത്ത നിയമനിർ‍മ്മാതാക്കൾ ആണെന്നോ ( അല്ലെങ്കിൽ ആകണമെന്നോ) ഉള്ള ഷെല്ലിയുടെ അഭിപ്രായം എനിക്കില്ല. ഞാന്‍ കവി എന്ന നിലയ്ക്കല്ലാ, പൌരന്‍ എന്ന നിലയ്ക്കാണ് രാഷ്ട്രീയപ്രസ്താവങ്ങൾ നടത്തുന്നതിൽ വിശ്വസിക്കുന്നത്. കാവ്യമീമാംസയും രാഷ്ട്രീയവുമായി അഗാധമായ ബന്ധങ്ങളുണ്ടെന്നവകാശപ്പെടാനുള്ള ചില ശ്രമങ്ങളുടെ പ്രശ്നം അവ ലളിതവത്കരണങ്ങൾ ആണ് എന്നതത്രേ. ഫോമലിസ്റ്റുകളെ അവ ഫാസിസ്റ്റ് എന്ന് മുദ്രകുത്തുന്നു; തുറന്ന രൂപങ്ങളിൽ വിശ്വസിക്കുന്ന കവികൾ സാമൂഹ്യമാറ്റങ്ങളോടു തുറന്നിരിക്കുന്നുവെന്നും. ലേബലുകൾ എപ്പോളും യോജിക്കണമെന്നില്ല. മറ്റാരെയും പോലെ നിയതമായ കാവ്യരൂപങ്ങൾ ഉപയോഗിച്ചിരുന്ന ഐവർ‍ വിന്റെഴ്സ് ഒരു ലിബറൽ ഇടതുപക്ഷക്കാരനായിരുന്നു; തുറന്ന രൂപങ്ങൾ ഉപയോഗിക്കുന്ന രണ്ടു കവികളെ എനിക്കറിയാം—അവരെ കർ‍ത്താവുതന്നെ കാക്കട്ടെ—ബുഷിനെ പിന്തുണയ്കുന്ന റിപ്പബ്ലിക്കന്മാരാണ്.

?കവിതയെക്കുറിച്ചുള്ള അടിസ്ഥാനപരമായ ഏതു തെറ്റിദ്ധാരണകളാണ് താങ്കളെ ഈറ പിടിപ്പിക്കുന്നത്? അവയെ താങ്കൾ എങ്ങിനെ തിരുത്തും, അഥവാ നിഷേധിക്കും?

എല്ലാ കവിതയിലും കവി ആത്മകഥയെഴുതുകയാണ് എന്ന ധാരണ. ശ്ലഥവും ശിഥിലവുമായ മുക്തച്ഛന്ദോരൂപങ്ങൾ, ഒരു ഗീതകത്തിനു ഒരിക്കലും പിടിച്ചെടുക്കാന്‍ പറ്റാത്ത വിധം, സമകാലീനസമൂഹത്തിന്റെ പ്രകൃതം പ്രതിഫലിപ്പിക്കുന്നു എന്ന വിശ്വാസം. നിയതപദികളിൽ ( സ്റ്റാന്‍സ) എഴുതുന്ന കവികൾ കാലിപ്പെട്ടികളെടുത്ത് യാന്ത്രികമായി അവ കുത്തി നിറയ്ക്കുകയാണ് എന്ന സങ്കല്പം. ലിറ്റിൽ മാസികകൾക്ക് കവിത അയയ്ക്കുന്ന കവികൾക്ക് അവ വായിക്കുകയോ അവയുടെ വരിക്കാരാവുകയോ വേണ്ടാ എന്ന വിചാരം. പുരസ്കാരങ്ങൾ കവി നല്ല കവിത എഴുതിയിട്ടുണ്ട് എന്നതിന്റെ തെളിവാണ് എന്ന വിചാരം. ഏതു പ്രസാധകനും കവികളെ നിർ‍ദ്ദേശിക്കാം എന്നിരിക്കെ പുലിറ്റ്സർ‍ സമ്മാനത്തിനു നിർ‍ദ്ദേശിക്കപ്പെടുന്നത് ഒരു ബഹുമതിയാണ് എന്ന് കരുതുന്നത്. താഴെയുള്ള വെറും നശ്വരരായ പീറകളുടെമേൽ തുപ്പാന്‍ അവകാശമുള്ള, അതീത ശക്തിയുള്ള അതിമാനുഷരാണ് കവികൾ എന്ന ധാരണ.