rabindranathtagore

കവിയച്ഛന്‍

മൊഴിമാറ്റം: കെ വി സുരേഷ്



അമ്മ പറയുന്നു,
അച്ഛന്‍ ഒരുപാട് പുസ്തകങ്ങളെഴുതുന്നുവെന്ന് !
പക്ഷെ അച്ഛന്‍ എഴുതുന്നതൊന്നും എനിക്കു മനസ്സിലാകുന്നില്ല.
എല്ലാ വൈകുന്നേരങ്ങളിലും
അച്ഛന്‍ അമ്മയെ അതു വായിച്ചു കേള്‍പ്പിക്കും.
പക്ഷെ അച്ഛനെന്താണ് ഉദ്ദേശിക്കുന്നതെന്ന്
അമ്മക്ക് പിടികിട്ടാറുണ്ടോ...?

അമ്മേ, എനിക്ക്
എത്ര നല്ല കഥകള്‍ പറഞ്ഞുതരാന്‍ അമ്മക്കറിയാം...!
അച്ഛന് എന്തുകൊണ്ട് അത്തരത്തിലുള്ളവ എഴുതിക്കൂടായെന്ന്
എനിക്ക് അതിശയം തോന്നാറുണ്ട്.
അച്ഛമ്മയില്‍ നിന്ന് ഒരിക്കലും
രാക്ഷസരുടേയും നാടോടികളുടേയും രാജകുമാരിമാരുടേയുമൊന്നും കഥകള്‍
അച്ഛന്‍ കേട്ടിട്ടില്ല എന്നുണ്ടോ;
അതോ എല്ലാം മറന്നുപോയോ...?

പലപ്പോഴും, അച്ഛന്‍ കുളിക്കാന്‍ വൈകിയാല്‍
ഒരു നൂറുതവണ അമ്മ പോയി വിളിക്കണം.
അച്ഛനുള്ള പലഹാരങ്ങള്‍ അമ്മ ചൂടാറാതെ സൂക്ഷിക്കുന്നു.
പക്ഷെ, എല്ലാം മറന്ന് അച്ഛന്‍ എഴുതിക്കൊണ്ടിരിക്കുന്നു.
അച്ഛന്‍ സദാ പുസ്തകങ്ങളുണ്ടാക്കി കളിക്കുന്നു !
എപ്പോഴെങ്കിലും അച്ഛന്‍റെ മുറിയില്‍ ഞാന്‍ കളിക്കാന്‍ കയറിയാല്‍ 
അമ്മയെന്നെ ദേഷ്യപ്പെടും: "ഇതെന്തൊരു വികൃതിയാണ് "!
ഞാന്‍ എന്തെങ്കിലും ചെറിയ ശബ്ദമുണ്ടാക്കിയാലുടനെ
"അച്ഛനെഴുതുന്നതു കണ്ടുകൂടേ നിനക്ക് "എന്ന് അമ്മ ശകാരിക്കും.
സദാസമയവും എഴുതിക്കൊണ്ടേയിരിക്കുന്നതില്‍ 
എന്തുരസമാണുള്ളത് ?

അച്ഛന്‍റെ പേനയോ പെന്‍സിലോ എടുത്ത്
അച്ഛന്‍റെ പുസ്തകത്തില്‍ അച്ഛനെഴുതുന്നതുപോലെ
ക ര ത മ ല റ എന്നൊക്കെ ഞാനെഴുതാന്‍ ശ്രമിക്കുമ്പോള്‍
അമ്മയെന്തിനാണ് എന്നെ ശാസിക്കുന്നത് ?
അച്ഛനെഴുതുമ്പോള്‍ അമ്മയൊരക്ഷരം മിണ്ടാറില്ലല്ലോ...!

അച്ഛന്‍, കെട്ടുകണക്കിനു കടലാസുകള്‍ പാഴാക്കിക്കളയുമ്പോള്‍ 
അമ്മയതു കണ്ടില്ലെന്നു നടിക്കുന്നു. പക്ഷെ,
കളിത്തോണിയുണ്ടാക്കാന്‍ ഞാനൊരു കടലാസെടുക്കുമ്പോള്‍
"ഹോ, എന്തൊരു ബുദ്ധിമുട്ടാണ് നിന്നെക്കൊണ്ട്..." എന്ന്
അമ്മ ചീത്തപറയാന്‍ തുടങ്ങും.

അമ്മേ,
ഇരുപുറത്തും നിറയെ വരകള്‍ തീര്‍ത്തുകൊണ്ട,്
ഒരുപാടു കടലാസുകള്‍ പാഴാക്കികളയുന്ന അച്ഛന്‍റെ ഏര്‍പ്പാടില്‍ 
അമ്മക്കെന്താണ് തോന്നുന്നത്...?