വാക്കുകള്‍ വെറും ശബ്ദങ്ങളല്ല
കേവലം ആശയങ്ങളുമല്ല
അവയ്ക്കുള്ളില്‍ ഒരു സംഹാരശക്തി
അടങ്ങിയിരിക്കുന്നു
മറ്റു വാക്കുകളുമായി കൂട്ടിമുട്ടുമ്പോള്‍
അതു പുറത്തുചാടും

കവികളും വാക്കുകളെപ്പോലെ 
മറ്റുള്ളവരുടെ ഹൃദയം പേറുന്ന
നിഴലുകളുമായി കൂട്ടിമുട്ടാറുണ്ട്

വാക്കുകളോ, അവയും കവികളെപ്പോലെ
സംഘര്‍ഷഭരിതമായ അവസ്ഥകള്‍ക്കു നടുവില്‍
ജീവിച്ചിരിക്കാന്‍ പൊരുതിക്കൊണ്ടിരിക്കുകയാണ്

വാക്കുകള്‍ക്ക് കേവലം ഒരു ചിഹ്നമോ 
സൂചനയോ ആയിരിക്കാനാവില്ല
പ്രകൃതിയുമായും ഭാഷയുമായും 
ബന്ധപ്പെട്ടുകൊണ്ടല്ലാതെ
കവികള്‍ക്കു കഴിയാനാവാത്തതുപോലെ

കവിയുടെ തലച്ചോറില്‍ മുളയ്ക്കുന്ന ഓരോ വാക്കും
വലുതായി വലുതായി വന്മരങ്ങളായിത്തീരുന്നു
അവയുടെ വേരുകള്‍ ഈര്‍പ്പം തേടി
ഹൃദയം പിളര്‍ന്ന് ആഴ്ന്നിറങ്ങുന്നു

കവിത കവിയുടെ ശിരസ്സിലെ കൊടുംകാടാണ്
അതിന്റെ പുതുവെളിച്ചത്തില്‍ അയാള്‍ തേടുകയാണ്
സ്വപ്നങ്ങളെ 
വസന്തത്തെ
കാണാതായ മനുഷ്യനെ