chandrakantpatil

കര്‍ഫ്യൂ രാത്രിയില്‍

മൊഴിമാറ്റം: പി പി രാമചന്ദ്രന്‍

ഓ നിഷ്കളങ്കരായ ചില്ലകളേ
പാതകളെല്ലാം ഈ രാത്രി 
വിധവകളായി മാറിയിരിക്കുന്നു
ഒച്ചകളെയെല്ലാം 
ആട്ടിയോടിച്ചിരിക്കുന്നു
നിര്‍മ്മലമായ അന്തരീക്ഷത്തിനു മീതെ
ചെറിയൊരു ഭീകരത തങ്ങിനില്‍ക്കുന്നുണ്ട്
നിങ്ങള്‍ അന്വേഷിക്കപ്പെടുന്നുണ്ട്
അടിച്ചമര്‍ത്തലിന്റെ മണമുണ്ട്


നാളെ പത്രത്താളുകളില്‍ സൂര്യനുദിക്കുമ്പോള്‍
ഓരോ വാക്കും
സമാധാനത്തിന്റെ ശവം
പൊതിഞ്ഞതായിരിക്കും
അപ്പോഴും 
ശാന്തിയുടെ ഏതാനും വെള്ളപ്രാവുകള്‍
നഗരത്തിലെങ്ങും
സാവധാനം പറക്കുന്നുമുണ്ടാവും


വെള്ള വല്ലാത്തൊരു നിറം തന്നെ
മറ്റെല്ലാ നിറങ്ങളേയും 
അത് തന്നില്‍ ഒളിപ്പിച്ചുകളയും
പ്രത്യേകിച്ചും 
പാതയില്‍നിന്നും മനസ്സില്‍നിന്നും
ഇനിയും ഉണങ്ങിയിട്ടില്ലാത്ത 
ആ ചീറ്റലിന്റെ നിറം


അല്ലയോ ചില്ലകളേ
നാളെ പ്രഭാതത്തില്‍
നിങ്ങള്‍ക്കുമേല്‍ കാക്കകള്‍ വന്നിരിക്കും
പ്രാവുകളേക്കാള്‍ നിങ്ങള്‍ക്ക് 
അവയെ വിശ്വസിക്കാം
എന്തെന്നാല്‍, 
അവ ഉടലാസകലം 
എതിര്‍പ്പിന്റെ കടുംനിറവുമായി 
ജീവിക്കുന്നവയാണ്


ഭയമില്ലാതാകുന്നതിന്റെ 
മുന്നോടിയാണല്ലോ എതിര്‍പ്പ്