അമ്മയെയോർക്കുമ്പോൾ
കണവാമൊശടാണ് ഓർമ്മവരിക.
പരുക്കൻ പ്രാക്കും
തെറിയുമായി
ഒടുങ്ങിയ ജന്മം.
ചുട്ടകോഴിയെ പറപ്പിക്കുന്ന
മന്തിരവാദി.
തുമ്മാകത1വടച്ചിട്ടെറങ്ങുന്നേരം
വീടൊറങ്ങും.
അയ്നിച്ചക്കയും കൊണ്ട്
മോന്തിയിരുട്ടി
വരാറുള്ള വരവ്.
ഊരുചുറ്റുന്ന കാളയെന്നപ്പൻ
കറുത്ത മൂഞ്ചി
മീൻ ചെതുമ്പൽ
പറത്തിവിട്ട മുടിച്ചുറ്റ്
റേഷൻ തുണ്ട്
അർവാണി നാക്ക്
ഈരങ്കാല് 2
അമ്മയെയോർക്കുമ്പോൾ
ഉള്ളം കൈയിൽ
ഉണ്ടപിടിച്ച ചോറ്.
അപ്പന് തേവിടിശ്ശി
കണ്ടവർക്ക് പണം തിരിച്ചടക്കാത്ത കള്ളി
ഒടപ്പെറന്നോർക്ക് ഉരുപ്പെടാത്ത ജമ്മം
അമ്മയെയോർക്കുമ്പോൾ
നെഞ്ചിലെ തീ
മൂച്ച് മുട്ട്
മൂക്കുകയർ
കഴുക്കോലിൽ തൂക്കിയിട്ട
അരസാരിത്തുണ്ട്.
അമ്മയെന്നാൽ ജീവിതം.
മരണമേ
നിന്നെ ഞാൻ അമർത്തി ചുംബിക്കുന്നു.


* കണവാമഷിയുടെ നാറ്റം
1. വീടിന്റെ പിൻവശം
2. വളംകടി