gnanakkoothan

കടുകോളം ഇരുള്

മൊഴിമാറ്റം: പി രാമന്‍

നാലു ചക്രവണ്ടി ഒന്നും
രണ്ടുചക്രവണ്ടി ഒന്നും
തെരുവിൽ കൂട്ടിയിടിച്ചു.
അപ്പോൾ രാത്രി മണി ഒമ്പത്.
നാലു ചക്രവണ്ടിക്കാരൻ
വണ്ടിയിൽ നിന്നിറങ്ങി വന്ന്
രണ്ടുചക്ര വണ്ടിയെ തെറി വിളിച്ചു.
അയാളും തിരിച്ച് തെറി വിളിച്ചു.
തനിക്കു വലിയ വലിയ ആൾക്കാരെ അറിയുമെന്ന്
നാലും രണ്ടും പറഞ്ഞു.
നാലുചക്രം പോലീസിന് ഫോൺ ചെയ്തപ്പോൾ
രണ്ടു ചക്രവും ഫോൺ ചെയ്തു.
നേരം പോയി.പോലീസുകാർ വന്നേയില്ല.
കണ്ടു നിന്നിരുന്ന അഞ്ചാറു പേർ സ്ഥലം വിട്ടു.
രണ്ടു ചക്രം സ്ഥലം വിട്ടു.
നാലു ചക്രവും സ്ഥലം വിട്ടു.
കണ്ടു രസിച്ചു നിന്നവർ എറിഞ്ഞിട്ട സിഗററ്റുകുറ്റിയിൽ തീയണഞ്ഞു.
തെരുവിൽ കടുകോളം ഇരുള് കൂടി.