adilmadathil

കടലാസു പക്ഷികള്‍

feature image

കടലാസു പക്ഷി
പറക്കുമെത്ര ദൂരം?
എന്നിട്ടുമവൾ ഉണ്ടാക്കിക്കൊണ്ടിരുന്നു
ദിവസം മുഴുവൻ
വളഞ്ഞു കുത്തിയിരുന്ന്
തുടയിൽ വെച്ച് അമർത്തി മടക്കി
കണ്ണുകൾ ചുണ്ടുകളോടൊപ്പം
കൂർത്ത് കൂർത്ത്.....

രാവിലെ എണീറ്റതു മുതൽ
ഇതു തന്നെ പണി
മുറിവിട്ടിറങ്ങിയതേയില്ല
ചായക്കും ചോറിനും നേരമായപ്പോഴൊക്കെ
അമ്മ ഒച്ചയിട്ടു,
ഒരു തവണ മുറിയിൽ വന്നു.
അവളതൊന്നും കേട്ടതേയില്ല.
പതിവു പണികൾ മറന്ന്
ദിവസം മുഴുവൻ പക്ഷികളെ ഉണ്ടാക്കിക്കൊണ്ടിരുന്നു.

എന്നാൽ 
ഞാൻ വന്ന് നോക്കുമ്പോൾ
ഉണ്ടാക്കി വെക്കുന്ന പക്ഷികളെ
മേശപ്പുറത്തു കാണാനുണ്ടാവില്ല
അവൾ
മൺകൂജയിൽ നിന്നിടക്കിടെ
വെള്ളമെടുത്ത് കുടിച്ചു
ചില പക്ഷികളുടെ 
കണ്ണിനും ചുണ്ടിനും ചിറകുകൾക്കും 
കാലുകൾക്കും നിറം കൊടുത്തു
ജനലാകാശം നോക്കി ഇരുന്നു
ചില പക്ഷികളെ കൊക്കില്ലാതെയും
ചിറകില്ലാതെയും നിലത്തേക്കെറിഞ്ഞു
മേശമേൽ തലവെച്ചു മയങ്ങി
അന്നു കുളിച്ചതുമില്ല 
ഇടക്കിടെ ടോയിലറ്റിൽ പോയി
അവൾക്കൊരു പക്ഷിച്ചൂരായിരുന്നു

വൈകുന്നേരമായപ്പോഴേക്കും
പക്ഷിപ്പേറു കഴിഞ്ഞു
വിരലുകൾ ക്ഷീണിച്ചിരിക്കണം
തലക്കു പിറകിൽ നൂൽകെട്ടി
മുറിയിൽ തൂക്കിയിട്ടു പക്ഷികളെയെല്ലാം
ആടിയാടി മുറിക്കകത്തു പറന്നു പക്ഷികൾ.

കടലാസു പക്ഷികളിൽ
പറന്നു ദൂരങ്ങൾ