ppramachandran

ഓട്ടുചിലമ്പിന്‍ കലമ്പലുകള്‍

മനുഷ്യന്റെ കരുത്തിനുമുന്നില്‍ തോറ്റുപോകുന്ന ദൈവങ്ങളാണ് പൊന്നാനിക്കാരുടെ തട്ടകം വാഴുന്നത്. പിശാചായാലും (വെളുത്ത കുട്ടി - ഉറൂബ്), ദേവിയായാലും പൂതമായാലും (കാവിലെപ്പാട്ട്, പൂതപ്പാട്ട് - ഇടശ്ശേരി) സഹിച്ചും പൊറുത്തും ഉള്‍ക്കരുത്തുനേടിയ മനുഷ്യസ്ത്രീയുടെ മുന്നില്‍ അവര്‍ തോറ്റുപോകും. അതോടെ അവര്‍ ദിവ്യത്വം വെടിഞ്ഞ് സാധാരണക്കാരുടെ സുഖദുഃഖങ്ങളില്‍ പങ്കുചേര്‍ന്ന് അവരിലൊരാളായിത്തീരും. പെണ്‍കുട്ടികളോടൊപ്പം കൊച്ചംകുത്തുകയും കൊത്തങ്കല്ലാടുകയും ചെയ്യുന്ന കൂട്ടുകാരികളാവും. പൊന്നാനിയിലെ പ്രസിദ്ധമായ രണ്ടു കാവുകകളെക്കുറിച്ച് ഇങ്ങനെ ഒരൈതിഹ്യമുണ്ട്:

'പണ്ട് പണ്ട് വളരെ പണ്ടാണെന്നു തോന്നുന്നു. രണ്ടു സഹോദരിമാര്‍ ലോകകാര്യങ്ങളും പറഞ്ഞ് വരികയായിരുന്നു. ചേച്ചി അനിയത്തിയോട് ചോദിച്ചു നീയെവിടാ ഇരിക്കാന്ന്. അനിയത്തി പറഞ്ഞു. ഞാന്‍ കണ്ടോടത്ത് ഇരിക്കുമെന്ന്. നീയോ അവള്‍ ചേച്ചിയോട് ചോദിച്ചു. ഞാന്‍ തോന്നിയേടത്ത് ഇരിക്കുമെന്ന് ചേച്ചി പറഞ്ഞു.. അങ്ങിനെ അവര്‍ കണ്ടോടത്തും തോന്നിയോടത്തും ഇരുന്നു. അതാണ് തോന്നികുറുമ്പക്കാവും കണ്ടകുറുമ്പക്കാവുമെന്ന് അച്ചമ്മ പറഞ്ഞിട്ടുണ്ട്'.

കണ്ടേടത്തും തോന്നിയേടത്തും ഇരിക്കുന്ന ഈ നാട്ടുദേവതമാരെപ്പോലെ കലയിലും സാഹിത്യത്തിലും കണ്ടതും തോന്നിയതും കൂസലില്ലാതെ വിളിച്ചുപറയുന്ന ഒരു പെണ്‍വഴിയും പൊന്നാനിയ്ക്കുണ്ട്. നാലാപ്പാട്ടുനിന്ന് ബാലാമണിയമ്മയും മാധവിക്കുട്ടിയും അത് എഴുതിക്കാണിച്ചപ്പോള്‍ ടി.കെ.പത്മിനി വരച്ചു കാണിച്ചു. എങ്കിലും പൊതുവേ ആണ്‍നോട്ടങ്ങളിലെ പൊന്നാനിയാണ് ഒരു കളരിയായി അറിയപ്പെട്ടത്. എന്നാല്‍ എഴുത്തിലെ ആ പെണ്‍വഴി അടഞ്ഞുപോയിട്ടില്ലെന്നും അതിന് സമകാലത്തിന്റേതായ പുതുമൊഴികളുണ്ടെന്നും സിന്ധു  തന്റെ രചനകളിലൂടെ സാക്ഷ്യപ്പെടുത്തുന്നു. 

പ്രവാസജീവിതത്തിന്റെ അനുഭവചിത്രങ്ങളായിരുന്നു സിന്ധുവിന്റെ ആദ്യപുസ്തകത്തിലെ (സാന്റ്‌വിച്ച് -നോവല്‍) ഇതിവൃത്തം. മരുഭൂമിയിലെ ഫ്‌ലാറ്റില്‍ ഒറ്റപ്പെട്ടുപോയ ഒരുവള്‍ തന്റെ ഏകാന്തതയെ അതിജീവിക്കുന്നതിനായി നടത്തുന്ന സഹനസമരത്തിന്റെ ആത്മഗതാഖ്യാനം. പ്രവാസികളായ മലയാളി എഴുത്തുകാരില്‍ പൊതുവേ കണ്ടുവരാറുള്ള ഗൃഹാതുരത ഒട്ടുംതന്നെയില്ലാത്ത,  നേരിനെ നേര്‍ക്കുനേര്‍ നേരിടുന്ന, അസാധാരണമായ ഒരാഖ്യായികയായിരുന്നു അത്. കവിതയെന്നോ നോവലെന്നോ ആത്മകഥയെന്നോ തരംതിരിച്ചു പട്ടികപ്പെടുത്താനാവാത്ത ഒരു കലര്‍പ്പ് സിന്ധുവിന്റെ രചനാശില്പത്തെ വ്യത്യസ്തമാക്കി. 

മീന്‍ കൊത്തുവാന്‍ കുളത്തിലേക്ക് താഴ്ന്നുപറക്കുന്ന പൊന്മയെപ്പോലെ പ്രവാസജീവിതത്തിനിടയില്‍ ചെറിയൊരവധിക്കു നാട്ടിലെത്തിയ ഒരുവളുടെ ദേശക്കാഴ്ചകളാണ് ഈ സമാഹാരം. സ്വന്തം മണ്ണില്‍ തിരിച്ചെത്തി ഓര്‍മ്മകളുടെ കാവു തീണ്ടുകയാണ്; കണ്ടതും തോന്നിയതും തന്റേടത്തോടെ ഭാഷയില്‍ വെളിച്ചപ്പെടുകയാണ് ഇതില്‍. ഘടനയില്‍, സാന്റ്‌വിച്ചില്‍ അവലംബിച്ച ഫസ്റ്റ് പേഴ്‌സണ്‍ നരേറ്റീവ് തന്നെയാണ് ഈ സമാഹാരത്തിലും സിന്ധു സ്വീകരിക്കുന്നത്. (ഫസ്റ്റ് പേഴ്‌സണ്‍ എന്നതിന് മലയാളത്തില്‍ ഉത്തമപുരുഷന്‍ എന്നാണ് വ്യാകരണവിധി. സ്ത്രീ ആഖ്യാതാവാകുമ്പോഴും അതുതന്നെ ഉപയോഗിക്കേണ്ടിവരുന്നു എന്നത് മലയാളത്തിന്റെ ലിംഗപരിമിതി!) ആള്‍പ്പേരുകളും സ്ഥലനാമങ്ങളും അടക്കം പിറന്ന മണ്ണിന്റെ ഉടലും ഉയിരും വേരും പടലും ചികയുന്ന എഴുത്താണ് ഇത്. ഒരേസമയം ഊറ്റമുള്ള മണ്‍തോറ്റവും പെണ്‍തോറ്റവുമാണ് ഈ കവിതകള്‍. 

പെണ്ണിനും മണ്ണിനും വേണ്ടിയുള്ള സ്വാതന്ത്ര്യസമരങ്ങളായിരുന്നു നമ്മുടെ നവോത്ഥാനത്തിന്റെ കാതല്‍. ആസുരമായ പ്രകൃതിചൂഷണത്തിന്റെ പുതുകാലം ഈ വിഭജനത്തെത്തന്നെ അപ്രസക്തമാക്കി. ഇന്ന് പെണ്ണ് ആത്മകഥയെഴുതുമ്പോള്‍ അത് പിറന്ന മണ്ണിന്റെ ജീവചരിത്രംകൂടിയാകുന്നു. പെണ്ണിന് വീട് വിട്ടുപോകാനുള്ളതാണ്. നാട്, ഓര്‍മ്മകള്‍ നട്ടുപോകാനും  പരമ്പരാഗതമായ ഈ വിധിക്കെതിരായ സമരമാണ് സിന്ധുവിന് ഓര്‍മ്മകള്‍. 

പ്രസവിക്കാതെ ഗര്‍ഭത്തില്‍ തടഞ്ഞുനിര്‍ത്തിയ തന്റെതന്നെ പെണ്‍കുഞ്ഞാണ് താന്‍ എന്ന് സിന്ധു പ്രസ്താവിക്കുന്നുണ്ട് (തട്ടാത്തി). കാതു കുത്തുന്നതുമുതല്‍ രഹസ്യഭാഗത്ത് ഇരുമ്പുദണ്ഡു കുത്തിക്കയറ്റുന്ന പീഡനം വരെ വേദനയുടെ അനേകമുറകള്‍ അനുഭവിക്കേണ്ടിവരുന്ന പെണ്ണുടലിനെച്ചൊല്ലിയുള്ള സാമാന്യമായ ഉത്കണ്ഠയില്‍നിന്നു ജനിച്ച ഒരു കല്പന മാത്രമല്ല ഇത്. പെറാനായാലും പോക്കാനായാലും തനിക്കു താന്‍ പോരും എന്ന തന്റേടപ്പെടല്‍ കൂടിയാണ്. 

ദിവസവും പൂക്കുന്ന
പെണ്‍വേദനകള്‍ക്കിടയില്‍
തട്ടാത്തി തന്ന ചെറുനോവു മറന്ന്
എന്നിലെ പെണ്‍കുട്ടി ജിമിക്കിക്കാതുകള്‍ ആട്ടി
പുഞ്ചിരിച്ചു

കാതുകുത്ത്, മുടിവെട്ട്, തീണ്ടാരി, കന്യാചര്‍മ്മം, ഗര്‍ഭം ധരിക്കല്‍, മുല കൊടുക്കല്‍, ഗര്‍ഭച്ഛിദ്രം എന്നിങ്ങനെ പെണ്മയുടേതുമാത്രമായ ഉടലറിവുകള്‍. അതിലെ വേദനയും ആനന്ദവും അഭിമാനവും. സിന്ധു എഴുത്തിലുടനീളം പരിചരിക്കുന്ന ഒരു പ്രമേയമാണിത്. സ്വന്തം ഉടലിന്മേല്‍ തനിക്കുള്ള അവകാശത്തെ നിഷേധിക്കുന്ന പുരുഷന്റെ ചതി പെണ്ണ് കുഞ്ഞായിരിക്കുമ്പോഴേ അറിഞ്ഞു തുടങ്ങുന്നു. മുടി മുറിച്ച് ഭംഗിയാക്കിത്തരാം എന്നു പ്രലോഭിപ്പിച്ച് മൊട്ടയാക്കി മാറ്റിയ ബാല്യം 'മൂര്‍ച്ചയുള്ള ആയുധം കൈയ്യിലുണ്ടെങ്കില്‍ ബാര്‍ബര്‍ രാഘവനും അച്ഛനും ഒരുപോലെ'യാണെന്ന് തിരിച്ചറിയുന്നു. വെളുത്ത ഷമ്മീസില്‍ പറ്റിയത് ഞാവല്‍പ്പഴത്തിന്റെ കറയല്ല എന്നും ഉപ്പുവെച്ചു കളിക്കുന്ന ഇടങ്ങളെല്ലാം എന്നെന്നും ഒളിപ്പിക്കാനാവില്ലെന്നും പറയുന്ന സൈനബയും (ഉപ്പുവെച്ചുകളി) ആദ്യരാത്രിയില്‍ കിടക്കയില്‍ ചെമ്പരത്തിപ്പൂ വിരിഞ്ഞില്ലെന്ന് പഴി കേള്‍ക്കേണ്ടിവന്ന ബിന്ദുവും (ഉടല്‍മരം) ചോരയില്‍ കുതിര്‍ന്ന ഒരു മാംസക്കഷണം തങ്ങളുടെ കാലുകള്‍ക്കിടയിലൂടെ പിച്ചവെച്ചു നടന്നുപോകുന്നതറിയുന്ന സഹോദരിമാരും (ഓര്‍മ്മച്ഛിദ്രം) ഈ ഉടലറിവു പങ്കിടുന്നവരാണ്.

ഉടലറിവിനോടൊപ്പം ഊരറിവും സിന്ധുവിന്റെ പ്രമേയമാകുന്നു. പ്രവാസജീവിതംകൊണ്ട് താന്‍ മാറിയതോടൊപ്പം തന്റെ നാടും മാറിയിരിക്കുന്നു. എന്നാല്‍ ഓര്‍മ്മകള്‍ മാറാതെ നില്‍ക്കുന്നു. കടലും പുഴയും കാവും കുളവും വയലും വരമ്പുമുള്ള പഴയ പൊന്നാനിയല്ല ഇത്.  'മെയിന്‍ റോഡില്‍നിന്ന് ചന്തപ്പടി വരെ നീളുന്ന പരിചിതമായ കടകള്‍, സ്‌പൈക്ക് ചെയ്ത ചെറുപ്പക്കാരെക്കാണുമ്പോള്‍ അപകര്‍ഷതകൊണ്ടു ചൂളുന്ന പഴയ കഷണ്ടിക്കാരെപ്പോലെ പിന്നിലേക്കു മാറിയിരിക്കുന്നു. എന്റെ കല്യാണത്തിനു സ്വര്‍ണ്ണം വാങ്ങിയ പുഞ്ചിരി ജ്വല്ലറി ഇന്നു വലിയൊരു പൊട്ടിച്ചിരിയായി നഗരമദ്ധ്യത്തില്‍'. എന്നിട്ടും 'പ്രലോഭനങ്ങള്‍ക്കു നടുവിലും നഗരമാകാന്‍ കൂട്ടാക്കാതെ, ഉള്ളില്‍ ഒരു കടലുണ്ടെന്ന അഹങ്കാരമില്ലാതെ', സ്ഥിതിചെയ്യുകയാണ് പൊന്നാനി. ജനിച്ചുവളര്‍ന്ന ഗ്രാമവും അങ്ങനെത്തന്നെ. ഏറെ മാറിയിട്ടും അതു സമ്മതിച്ചുതരാതെ വാശിപിടിച്ചു നില്‍ക്കുന്നതുപോലെ. 

പൊന്നാനിയിലെ കാഞ്ഞിരമുക്കും പരിസരപ്രദേശങ്ങളുമാണ് ഈ കവിതയിലെ ഭൂപ്രകൃതി. മണപ്പാട്ടുകുളം ഈ രചനയില്‍ ആവര്‍ത്തിച്ചുവരുന്ന ഒരടയാളമാണ്. അറിയപ്പെടാത്ത പുഴയേക്കാള്‍ അറിയുന്ന തന്റെ കുളമാണ് തനിക്കു പ്രിയപ്പെട്ടതെന്ന് ഒരിടത്ത് കവി വ്യക്തമാക്കുന്നുമുണ്ട് (കിഴക്കേ പുഴ). ഗ്രാമത്തിലെ സ്ത്രീകളുടെ എണ്ണിയാലൊടുങ്ങാത്ത രഹസ്യങ്ങള്‍ ഒളിപ്പിച്ചുവെച്ച ഹൃദയമാണ് മണപ്പാട്ടുകുളം. കുട്ടിക്കാലത്ത് മാറു മറയ്ക്കാതെ നീന്തിത്തുടിക്കുമ്പോള്‍ തന്റെ ജന്മരഹസ്യങ്ങള്‍ ജലവിരലുകളാല്‍ മൂടിവെച്ചത് ഈ കുളമാണ്. ഇടവപ്പാതിയില്‍ എല്ലാ മാട്ടങ്ങളും പറമ്പുകളും ഒന്നായി, ലോകസമ്മേളനത്തിനെന്നപോലെ പുറപ്പെട്ടുപോയതും ഈ കുളത്തിലേക്കാണ്. എന്നാല്‍ ഇന്ന് ആരും അതില്‍ ഇറങ്ങാറില്ല. കാഞ്ഞിരമുക്ക് സ്‌കൂളിലെ കുട്ടികള്‍ക്ക് ഇക്കോ സിസ്റ്റം പഠിക്കാന്‍ പാഠപുസ്തകം പോലെ നിവര്‍ന്നു കിടക്കുകയാണത്രേ മണപ്പാട്ടു കുളം!

നാട്ടിന്‍പുറത്തെ മനുഷ്യപ്രകൃതിയേയും ഇങ്ങനെ വേദനിക്കുന്ന പുഞ്ചിരിയോടെ കവി നിരീക്ഷിക്കുന്നു. കാന്‍സര്‍ ബാധിച്ച്, വലിച്ചുതീരാത്ത ചാര്‍മിനാര്‍ പാക്കറ്റുകള്‍ പോലെ ജീവിതം ബാക്കിവെച്ചു പോയ, തനിക്കു പ്രിയപ്പെട്ട പാരിസ് മുട്ടായി തന്ന കടക്കാരന്‍. വാടകവീടുകള്‍ മാറിമാറി ഒടുവില്‍ ആശുപത്രിക്കു പിറകിലെ പത്തുസെന്റില്‍ കാശിത്തുമ്പയ്ക്കും കമ്യൂണിസ്റ്റുപച്ചയ്ക്കും ഒപ്പം താമസമാക്കിയ ഇന്ദുച്ചേച്ചി. വളക്കൂറുള്ള മണ്ണു വിട്ട് മരുഭൂമിയില്‍ ഈന്തപ്പഴത്തോട്ടത്തിന് കാവലിരിക്കാന്‍ പോയ കാളിയുടെ മകന്‍. പ്രസവരേഖകളില്ലാത്ത വയറിന്റെ ചെരിവുകളില്‍ കുഞ്ഞുങ്ങളെ കിടത്തിക്കൊണ്ട് ബ്ലൗസിനടിയിലെ നാരങ്ങാമുട്ടായികള്‍ കാട്ടി കരച്ചില്‍ മാറ്റുന്ന ശാന്തി ടീച്ചര്‍. കുട്ടികളുടെ പ്രാര്‍ത്ഥനയുടെ ചില്ലറക്കിലുക്കത്തിനായി കാതോര്‍ത്തിരിക്കുന്ന ഹാജിയാരുപ്പാപ്പ. ഇനിയുമുണ്ട് ഇങ്ങനെ കഥാപാത്രങ്ങളായി മാറിയ പച്ചമനുഷ്യര്‍.

ഫേസ്ബുക്കല്ല കാഞ്ഞിരമുക്കിലെ പീടികമുക്കെന്നും ഇവിടെ ആരെയും അണ്‍ഫ്രണ്ടു ചെയ്യാനോ ആള്‍മാറാട്ടം നടത്താനോ ആവില്ലെന്നും കവി പറയുന്നു. മണവും ഗുണവുമുള്ള സൗഹൃദങ്ങളാണ് ഇവിടെയുള്ളത്. 'അപ്പുവിന് പലചരക്കു പീടികയുടെ മണം. വാസുട്ടിക്ക് സിന്ധിപ്പശുവിന്റെ അകിടിന്റെ. കുഞ്ഞാവക്ക് പൊന്നാനി കടലിന്റെ. അബുവിന് വേവാത്ത ഇറച്ചിയുടെ. കൊണ്ടോട്ടിയും കീഴാര്‍നെല്ലിയും പോലെ പറിച്ചുകളഞ്ഞിട്ടും പോവാതെ ഓര്‍മ്മയുടെ ഇടവഴികളിലെ ഔഷധഗുണമുള്ള വേരുകളായി'... മനസ്സില്‍ പറ്റിപ്പിടിച്ചുനില്‍ക്കുന്ന മനുഷ്യരാണ് അവര്‍. 

ഈ മനുഷ്യജീവിതങ്ങള്‍ക്കിടയിലാണ് തോന്നികുറുംബക്കാവിലമ്മയും കണ്ടകുറുംബക്കാവിലമ്മയും കഴിഞ്ഞുപോരുന്നത്. മനുഷ്യരെപ്പോലെ പെരുമാറുന്ന ദേവിമാരാണ് അവര്‍. സഹോദരിമാരായ അവര്‍ ഇടയ്‌ക്കെല്ലാം കണ്ടുമുട്ടും. വാളും ചിലമ്പും ഊരിവെച്ച് കുശലം പറയുകയും മുറുക്കിത്തുപ്പുകയും ചെയ്യും. ഇളകുന്ന പ്രതിഷ്ഠകളാണ് അവര്‍. എന്നാല്‍ നാട്ടുകാരുടെ വിശ്വാസം ഇളകുന്നില്ല. എഴുതിക്കഴിഞ്ഞ കഥകള്‍ തിരുത്താന്‍ ആഗ്രഹിക്കാത്തവരാണ് നാട്ടുകാര്‍. ഉത്സവപ്പറമ്പുകളിലെ നാടകങ്ങള്‍ പോലെ ഒരേ ക്ലൈമാക്‌സ് ആണ് അവര്‍ ആഗ്രഹിക്കുന്നത്. 

ഗ്രാമം എഴുതിത്തീര്‍ത്ത കഥകളിലെ
കഥാപാത്രമാകാം ഞാന്‍
ഇനി ഞാനെത്ര മാറ്റി എഴുതിയാലും
അവര്‍ സമ്മതിച്ചുതരില്ല
തോട്ടുമുഖത്തു ഭഗവതിയേയും
തോന്നികുറുംബക്കാവിലമ്മയേയും ഒക്കെപ്പോലെ
അവര്‍ എന്നേയും പ്രതിഷ്ഠിച്ചിരിക്കുന്നു.

ദേവിയുമായുള്ള ഈ തന്മയീഭാവം കണ്ണകി എന്ന കവിതയില്‍ തെളിഞ്ഞുകാണാം. 'ചിലപ്പതികാരത്തിലെ കണ്ണകിയായിരുന്നു കുട്ടിക്കാലത്തെ എന്റെ ആരാദ്ധ്യകഥാപാത്രം' എന്നു തുടങ്ങുന്ന ആ കവിതയില്‍,

'ഞാന്‍ മറ്റൊരു കണ്ണകിയായി
വിരഹ ദുഖത്താല്‍ചിലമ്പുകള്‍ വലിച്ചെറിഞ്ഞു
കണ്ണുകളിലെ അഗ്‌നികൊണ്ട് എല്ലാം ഭസ്മമാക്കി
പ്രണയിക്കായുള്ള നീണ്ട കാത്തിരിപ്പായി ജീവിതം
ഭരണിപ്പാട്ടുകള്‍ കേട്ട് തൃഷ്ണകള്‍ക്ക് മേല്‍ 
മഞ്ഞത്തുണികള്‍ വിരിച്ചു.
എന്നെ കാണാനായി വന്ന ക്ഷേത്രപാലന്മാരെ 
നിരാശയോടെ മടക്കി അയച്ചു 
നിഗൂഡമായി പുഞ്ചിരിച്ചു.
തീണ്ടാരി രക്തത്തില്‍ മുങ്ങിയ പുടവകള്‍
കൊടിക്കൂറയായി എല്ലായിടത്തും തൂക്കിയിട്ടു
എന്റെ ശക്തിയില്‍ സന്തോഷിച്ചു'

എന്നു പറയുന്നുണ്ട്. കവിതയില്‍ സിന്ധു ഉയര്‍ത്തിപ്പിടിക്കുന്നത് ഉര്‍വ്വരതയുടെ ഈ കൊടിക്കൂറയാണ്. മണ്ണിനേയും പെണ്ണിനേയും ഉര്‍വ്വരമാക്കാനുള്ള തോറ്റമാണ് ഭരണിപ്പാട്ട്. പുതിയ ഒരുത്പാദനസംസ്‌കാരത്തിന്റെ വിത്തു പാകാനുള്ള മണ്ണൊരുക്കമാണ് ഈ കവിത നിര്‍വ്വഹിക്കുന്നത്. അതുകൊണ്ടാണ് അവസാനത്തെ കര്‍ഷകന്‍ എന്ന കവിതയില്‍ 

ഭൂമി അയാള്‍ക്കു നിറയാനുള്ള ഗര്‍ഭപാത്രമായി
അയാള്‍ അവര്‍ക്കുമാത്രം അറിയാവുന്ന ഭാഷയില്‍ അവളോടു സംസാരിച്ചു
അയാള്‍ക്കു വിതക്കാന്‍ പാകത്തില്‍ മണ്ണ് വിരിഞ്ഞുനിന്നു
- എന്നെഴുതിയത്. 

സിന്ധുവിന്റെ എഴുത്ത് തന്നോടുതന്നെയുള്ള ഒരു ചൊല്ലിപ്പറച്ചിലാണ്. അതേസമയം എല്ലാവരോടുമായ ഒരു തുള്ളിപ്പറച്ചിലും. കവിതയുടെ നിലവിലുള്ള വഴക്കങ്ങള്‍ക്കു വഴങ്ങാത്ത ഈ പറച്ചിലിനെ കലിത എന്നു പേരിട്ടുവിളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.