ഒറത്ത ഒരുമീനാണ്.
കരയിലേക്ക് കൊണ്ടിടുമ്പോൾ
അതിന്റെ കണ്ണിൽ പെടയുന്ന ജീവൻ
എന്റേതാണ്.
നേരം വെളുക്കുംമൊതൽ
രാവടം വരെ
ചോറിലേക്ക് കമത്തിയൊഴിക്കും
ഒറത്തക്കറി.
പഠിക്കാനായി പോകുമ്പോ
കൂട്ടാർ ചോദിക്കും കടലീപോയിട്ടൊണ്ടോന്ന്.
ഒണ്ട് ഒണ്ടെന്ന്
മറുപടി പറഞ്ഞ് മടുത്തവനാണ് ഞാൻ
ഇയ്യിടെ അണ്ണനോടൊപ്പം
1തുമ്പിയെറിയാൻ പോയി
മനസ്സിലാവുന്നില്ല
മീനിന്റെ പേരുകൾ
കടലിന്നാഴങ്ങൾ
ചൂണ്ടനമ്പരുകൾ.
ക്ലാഞ്ഞില് കെട്ടി
മടയൊരുക്കി
കണവയ്ക്ക് പോയിട്ടുണ്ട്
വൈയ്യിന്നേരങ്ങളിൽ
2വല വാങ്കിയിട്ടുണ്ട്
3ചേലിയോടും കാത്തും കടവലും നോക്കാതെ
കടലിനോട് മല്ലിട്ടുമല്ലിട്ട്
ഉയിർ മിച്ചം പിടിച്ചിട്ടുണ്ട്
ഇപ്പോ
പടിച്ച് പടിച്ച് മൂളകെട്ടപ്പോ
തിരിച്ചറിയാനാവുന്നില്ല
മീനിനെ
മീനിന്റെ പേരിനെ
ഒറത്തയെ
ശരിക്കും ഒരു ഒറത്തയാണ്ഞാൻ
കടലിലേക്ക് തിരിച്ചു പോകാനായി
ഹാർബറിന്റെ തലപ്പിൽ നിന്ന്
ചാടുകയാണ്.


1. കരയിൽ നിന്ന് ചൂണ്ടയിടുന്നത്
2. വല വീശിയിട്ടുണ്ട്, നന്നാക്കിയിട്ടുണ്ട്
3. പ്രതികൂല കാലാവസ്ഥ