ragilasaji

എഴുന്നേൽക്കാൻ വയ്യാത്ത..

എഴുന്നേൽക്കാൻ വയ്യാത്ത
ഉറക്കത്തോടെ കുന്നുകയറുന്ന
ഒരു ജീപ്പ് പാറയിലോ കല്ലില്ലോ തട്ടി
വഴുതുന്നു.
ഓരോ തവണയും ഉറക്കത്തിലേക്ക് മടങ്ങുന്ന അതിന്റെ ചിറക് പോലത്തെ വാതിൽ,
ടയറ്, സീറ്റുകൾ, എൻജിൻ….

മരണത്തെ മാറ്റിപ്പണിയൽ
അത്രയേറെ ദുസ്സഹമാണെന്ന
തിരിച്ചറിവിൽ
ജീപ്പ് ഒരു ആനറാഞ്ചിപ്പക്ഷിയോളമുള്ള അതിന്റെ
സ്വാതന്ത്ര്യത്തെ ആവോളം വേഗത്തിൽ പായിക്കുന്നു.
ഉറക്കത്തിലെന്ന പോലെ
ഞരങ്ങുകയും പേടിച്ച് നിലവിളിക്കുകയും ചെയ്യുന്നു എന്ന
രൂപകത്തെ കയറ്റത്തിലേക്കുന്തുന്നു.
നാലു പേർക്കിരിക്കാവുന്ന
വണ്ടിയുടെ സീറ്റിൽ
പഴകിത്തുടങ്ങിയ ഒരു വെളിച്ചം
നമ്മുടെ ഗർഭകാലത്തിന്റെ
ഓർമ്മയെ മുകളിലേക്കെത്തിക്കാൻ
കാറ്റ് പിടിക്കുന്നുണ്ട്.
ഇത്രയും ചെറുതായി ,ചുരുണ്ട്
ഉണരാത്ത ഉറക്കം
ജീപ്പ് നമ്മളിൽ വച്ച് മറക്കുമായിരിക്കും.
കുഞ്ഞുനാളിലെ നമ്മുടെയുമതിന്റെയും ഛായ
എത്ര സദൃശമാണല്ലേ