johnkeats

ഉറക്കത്തിനോട്

മൊഴിമാറ്റം: പി രാമന്‍

പതിയെത്തഴുകുന്ന 
പാതിരാ ശുശ്രൂഷക,
ഇരുളിലാഹ്ലാദിക്കും 
നമ്മുടെ മിഴികളെ
വിരലാൽ ശ്രദ്ധാപൂർവ -
മടച്ച്, വെളിച്ചത്തിൽ
നിന്നിരുൾ വള്ളിക്കുടിൽ 
പൂകിച്ച്, മറവിതൻ
ദിവ്യമാം നിഴലിനാൽ
അണച്ചു പുൽകും നിദ്രേ,
ആശ്വാസപ്രദനെങ്കി-
ലീസ്തുതിഗീതം കേട്ടു
ജാഗ്രത്താമെൻ കണ്ണുക -
ളടയ്ക്കു, കല്ലെങ്കിലെൻ
മെത്തക്കു ചുറ്റും നിന്റെ 
കറുപ്പിൻ പൂക്കൾ ദയ -
വർഷിച്ചു താരാട്ടീടു -
വോളവു,മാമേൻ, നിൽക്ക.
രക്ഷിക്കുകെന്നെപ്പിന്നെ,-
യല്ലായ്കിൽ തിളങ്ങീടും
പൊയ്പോയ പകൽ വീണ്ടു-
മെൻ തലയണക്കു മേൽ.
നീറുന്ന ബോധത്തിൽനി-
ന്നെന്നെ മീളുക, തുര-
ന്നേറുന്നുണ്ടെലിപോലെ -
യിരുളോടിടഞ്ഞത്.
തിരിക്കൂ താക്കോൽ മെഴു-
ക്കിഴുകും പൂട്ടിൽ, മുദ്ര
പതിക്കൂ വിമൂകമെ -
ന്നാത്മാവിന്നകച്ചെപ്പിൽ.