rabindranathtagore

ഉറക്കക്കള്ളന്‍

മൊഴിമാറ്റം: കെ വി സുരേഷ്



കുട്ടിയുടെ കണ്ണുകളില്‍ നിന്ന്
ഉറക്കം കവര്‍ന്നെടുത്തതാരാണെന്ന്
എനിക്കറിയണം.

ഒക്കത്ത് കുടവുമായി, തൊട്ടടുത്ത പറമ്പിലേക്ക്
അമ്മ, വെള്ളം കൊണ്ടുവരാന്‍ പോയിരുന്നു;
അത് വൈകുന്നേരമായിരുന്നു;
കുട്ടികളുടെ കളികളെല്ലാം അവസാനിച്ചിരുന്നു;
പൊട്ടക്കുളത്തിലെ കലപില താറാവുകളെല്ലാം
നിശ്ശബ്ദരായിരുന്നു;
ഓടക്കുഴലൂതിയിരുന്ന ഇടയച്ചെറുക്കന്‍
ആ ആല്‍ത്തണലില്‍ കിടന്ന് ഉറക്കമായിരുന്നു;
മാന്തോപ്പിനപ്പുറത്തുള്ള പുഞ്ചപ്പാടത്തെ കൊറ്റികള്‍
ഗൗരവത്തോടെ ഇളകാതെ ഒറ്റക്കാലില്‍ നില്‍ക്കുകയായിരുന്നു.

ഇതിനിടയിലെപ്പോഴോ
ഉറക്കക്കള്ളന്‍ പതുങ്ങിപ്പതുങ്ങി വന്ന്
കുട്ടിയുടെ കണ്ണുകളില്‍ നിന്ന് ഉറക്കം കവര്‍ന്നെടുത്ത്
എവിടേക്കോ മണ്ടിപ്പോയി.
തിരിച്ചു വന്നപ്പോള്‍ അമ്മ കണ്ടത്
കരച്ചിലോടെ മുട്ടിലിഴയുന്ന കുട്ടിയേയാണ്.
കുട്ടിയുടെ കണ്ണുകളില്‍ നിന്ന്
ഉറക്കം കട്ടെടുക്കുന്നത് ആരാണെന്ന് എനിക്കറിയണം;
എനിക്കവളെ കണ്ടെത്തുകയും ബന്ധിക്കുകയും വേണം.
അവിടെ
വെള്ളാരങ്കല്ലുകളുടേയും പാറയിടുക്കുകളുടെയും ഇടയിലൂടെ
ഒരു കാട്ടരുവി കളകളാ ഒലിച്ചിറങ്ങുന്ന ഗുഹയുടെ ഇരുട്ടിലേക്ക്,
താരാനിബിഢമായ രാത്രിയുടെ നനഞ്ഞ നിശ്ചലതയില്‍
നിശാകിന്നരികളുടെ വസ്ത്രാഞ്ചലം കാറ്റത്തിളകിയാടുന്ന,
തുടുത്ത തുറുകണ്ണുകളുമായി 
കാട്ടുപിറാവുകള്‍ കുനിഞ്ഞിരുന്നു കുറുകുന്ന,
ആ പൊന്തന്‍ ഗുഹയുടെ ഉറക്കം തൂങ്ങുന്ന കൂരിരുട്ടിലേക്ക്
ഞാന്‍ ഒറ്റക്കു തിരഞ്ഞു ചെല്ലും...

അന്തിക്ക്, 
മിന്നാമിനുങ്ങുകളുടെ വെളിച്ചത്തിലാറാടി നില്‍ക്കുന്ന
മുളങ്കാടുകളുടെ മുരളുന്ന മൗനത്തിലേക്ക് എത്തി നോക്കി
കാണുന്നതിനോടെല്ലാം ഞാന്‍ ചോദിക്കും:
"കുട്ടിയുടെ ഉറക്കം കട്ടവനെവിടെ വസിക്കുന്നുവെന്ന്
ആര്‍ക്കെങ്കിലും എനിക്കു പറഞ്ഞു തരാമോ...?"

ഒരൊറ്റത്തവണ കയ്യില്‍ കിട്ടിയാല്‍മതി
ഞാനവളെ ഒരുപാഠം പഠിപ്പിക്കും.
കൂട്ടിലേക്കു കയറിച്ചെന്ന്, കട്ടെടുത്ത ഉറക്കങ്ങളെല്ലാം
അവള്‍ ഒരുക്കൂട്ടിവെച്ചിരിക്കുന്നതെവിടെയാണെന്ന്
ഞാന്‍ കണ്ടുപിടിക്കും.
എന്നിട്ട് അവയെല്ലാം ശേഖരിച്ച്
വീട്ടിലേക്കു കൊണ്ടുവരും.
ഇരുചിറകുകളും ഭദ്രമായി വരിഞ്ഞുകെട്ടി
ഞാനവളെ
ഓളങ്ങളുടേയും വെള്ളാമ്പലുകളുടേയും ഇളക്കങ്ങള്‍ക്കിടക്ക് 
മീന്‍ പിടിച്ചുകളിക്കുന്നതിന്, ഒരു ആറ്റുവഞ്ചിക്കൊപ്പം 
പുഴക്കരയിലേക്ക് ഇറക്കിവിടും.
സന്ധ്യക്ക്,
ഗ്രാമച്ചന്ത പിരിഞ്ഞെത്തിയ അമ്മമാരുടെ മടിയില്‍
കുട്ടികള്‍ കഥ കേള്‍ക്കാനായി കാതും കൂര്‍പ്പിച്ചിരിക്കുമ്പോള്‍
രാക്കിളികള്‍ പറന്നുവന്ന്, അവളുടെ ചെവികളില്‍ 
കളിയാക്കിക്കൊണ്ട് ഉറക്കെപാടും:
"ഇനി നീ ആരുടെ ഉറക്കമാണ് കട്ടെടുക്കുക...?"