sandhyanp

ഉടയാത്ത പെണ്ണ്

feature image

കളിക്കളത്തില്‍ ഒറ്റയ്‌ക്കൊരു പന്ത്

ഭീകരമായ നിശബ്ദത

ആരവം ഒരു നിമിഷം
തടയപ്പെട്ട ഗാലറിത്തൊണ്ട.
പെട്ടന്ന്
ഒരു കാല്‍ പറന്ന് വന്ന്
പന്തിലാഞ്ഞടിക്കും.
പൊങ്ങിപ്പറന്ന്
വായുവില്‍ വട്ടം കറങ്ങി
ആരുടെയോ തലയിലിടിച്ച്
നെഞ്ചില്‍ത്തട്ടി
വീണ്ടും ഏതൊക്കെയോ
കാലുകള്‍ക്കിടയിലേക്ക്
ഉരുണ്ടുവീഴും പന്ത്

ഒരേസമയം ഇരുവശങ്ങളിലേക്കും
വലിക്കപ്പെടുന്ന ഒറ്റശരീരത്തിലെ
ഇരുകരങ്ങള്‍പോലെ പന്ത്
പിളര്‍ക്കാനാവാത്ത നിമിഷം-
ഒരുവശത്തേക്ക് ഉരുണ്ടുമറിയുന്നൂ പന്ത്.

വീണ്ടും കാലുകള്‍ക്കിടയില്‍പ്പെട്ട്
വലയ്ക്കകത്തേക്ക്
ഉരുണ്ടൂര്‍ന്നുരുളുന്ന പന്ത്
കാല്‍ത്തട്ടേറ്റ് വായുവില്‍
അവ്യക്താംഗ്യങ്ങള്‍ കാട്ടി
നിരാശയോടെ നിലംപതിക്കുന്ന പന്ത്.

ഗാലറിയിലിരുന്ന്
സ്ത്രീകള്‍ കളിക്കളത്തിലേക്ക് നോക്കുമ്പോഴെല്ലാം
കളിക്കളത്തില്‍ ഒറ്റയക്കൊരുപെണ്ണ്
പിളര്‍ത്താനാവാത്ത ഒരു നിമിഷം!