പരുവപ്പെണ്ണിന്‍ വിവശത പോലെ
കമിഴ്ന്നു വീഴാന്‍ തുടങ്ങി ഇരുള്‍

കതകടച്ച്
മെഴുകുതിരികളുടെ മഞ്ഞവെളിച്ചത്തില്‍
തനിയെ
അമര്‍ന്ന് ഇരുന്നു.

അപ്പോള്‍ എന്നുമെന്നപോലെ സംഭവിക്കുന്നു
അതിന്‍ വരവ്

ഞാന്‍ കണ്ടുകൊണ്ടിരിക്കെത്തന്നെ
എന്നെ ഊരിയെടുത്ത്
ഇനിയൊരെന്നെ വെളിപ്പെടുത്തുന്നു അത്

പകച്ചുപോകും മുമ്പേ
എന്നന്തരംഗം  അച്ചടിച്ച പുസ്തകമാകെ
വായിച്ചു തീര്‍ത്തു ഞാന്‍

എന്‍ കണ്ണിന്‍ രശ്മികള്‍
മുന്‍വശത്തെ മുറിയില്‍
ഉറങ്ങുമവന്റെ
അയഞ്ഞ വസ്ത്രത്തിന്‍ കിഴിവുകളില്‍
പതിഞ്ഞു

കോപ്പ നിറഞ്ഞു വഴിയും മദിരയില്‍
എന്നുടല്‍ മുഴുകിയൊഴുകി

പുന്നാരത്തെറികള്‍ സ്വകാര്യമായ് ചൊല്ലി
സ്വയം പുണര്‍ന്നാഴ്ന്ന നേരം
പക്ഷികളുടെ ചിറകടിയൊച്ചകള്‍ കേട്ടതും
എന്നെ എന്നിടത്തില്‍ തള്ളിയിട്ടു
ഓടിപ്പോയി
ഇരവുമൃഗം