feature image

ഒന്ന് : 2010 ജൂലൈ 11

2010ലെ സ്പെയിന്‍ - ഹോളണ്ട് ഫൈനലായിരുന്നു
ഞങ്ങളെ ബാധിച്ച
അവസാന പന്തുകളി.

അത്
പന്തല്ലായിരുന്നു.
പതിനൊന്നു വര്‍ണ്ണങ്ങളിലുള്ള
ഒരു പേക്കിനാവായിരുന്നു.
ഒരു മനുഷ്യശിരസ്സായിരുന്നു.
ഡച്ചു പാതിയില്‍
സ്ത്രീയുടേതും,
സ്പാനിഷ് പാതിയില്‍
പുരുഷന്റേയും,
റഫറിപ്പാതിയില്‍
കുട്ടികളുടേയോ മൂന്നാംലിംഗക്കാരുടേയോ
ആയിമാറുന്ന ശിരസ്സ്.

ആ രാത്രിയിലെ ദുര്‍മന്ത്രവാദി
ആര്യന്‍ റോബനായിരുന്നു.
അയാള്‍ വേഗമായിരുന്നു.
വെടിയുണ്ടയായിരുന്നു.
തോക്കുമായിരുന്നു.

ഞങ്ങളുടെ പ്രശ്നം
അയാളുടെ ഫോമായിരുന്നില്ല.
ആര്യന്‍ എന്ന പേരായിരുന്നു.

ഹിറ്റ്ലര്‍
ഒരു കളിക്കാരനായിരുന്നെങ്കില്‍
ഇങ്ങനെയാണ് കളിക്കുക.
ചിന്തയെ കരുത്തു നയിക്കും
എന്നു പ്രഖ്യാപിച്ച്.
വേദനകളില്‍ പരിക്കുകളില്‍നിന്നും
ഒരു കാര്‍ട്ടൂണ്‍ സീരിയലിലെന്നപോലെ
കുടഞ്ഞെണീറ്റ്.
എന്നാല്‍
ഒരിക്കലും കാര്‍ട്ടൂണാകാതെ.

ഞങ്ങള്‍
മറന്നുവെച്ച ദൈവങ്ങളെ വിളിച്ചു.
അവര്‍ നിസ്സഹായരായിരുന്നു.
അപ്പോള്‍ ഞങ്ങള്‍ക്ക്
കവികളാകാതിരിക്കാന്‍
വയ്യാതായി.

ഞങ്ങള്‍ എഴുതാന്‍ തുടങ്ങി
ചാവിയില്‍ ഡേവിഡ് വിയയില്‍
റാമോസില്‍
അവസാനം ഇനിയെസ്റ്റയില്‍
കവിതയുടെ ടിക്കി-ടാക്കാ
ഞങ്ങള്‍
എഴുതിക്കൊണ്ടേയിരിക്കുന്നു.

കരുത്തിനെ കവിത മറികടന്ന
ആ നിമിഷം
ആര്യനു പിഴച്ചു.

നൂറ്റാണ്ടിന്റെ പിഴ.

(2010ല്‍ ലോകകപ്പില്‍ ഉപയോഗിച്ച ജബുലാനിപ്പന്തില്‍ 11 വര്‍ണ്ണങ്ങള്‍ ഉണ്ടായിരുന്നു)


രണ്ട് : 28, സെപ്തംബര്‍ 2015*

ഇന്ത്യയില്‍ ഹിറ്റ്ലര്‍ പിറക്കുക
ഫുട്ബാള്‍ കളിക്കാനല്ല.
കാരണം
അതു തൊണ്ണൂറു മിനുട്ടിന്റെ കളി മാത്രം.
ക്രിക്കറ്റ് കളിക്കാനല്ല,
അത് അങ്ങേയറ്റം
അഞ്ചുദിവസത്തെ കാര്യം മാത്രം.

അതിനാല്‍ യുഗങ്ങള്‍ കളിക്കേണ്ട ഇന്ത്യയില്‍
ഹിറ്റ്ലറെത്തുക
താടിവെച്ച
ആര്യന്‍ റോബനായല്ല.
ഒരാള്‍ക്കൂട്ടമായാണ്.

ആള്‍ക്കൂട്ടം
വെറും ആള്‍ക്കൂട്ടമല്ല.
കോടിക്കണക്കിനു തലകളും
അതിന്റെ രണ്ടു മടങ്ങു കൈകളും
അതിന്റെ ഇരുപതു മടങ്ങു നഖങ്ങളും
അതിന്റെ മുപ്പത്തിരണ്ടു മടങ്ങു പല്ലുകളും ഉള്ള
ഹിംസ്രജന്തുവാണ്.

അതു നീങ്ങുന്നത്
പതുക്കെ.
പ്രവര്‍ത്തിക്കുന്നതു പൊടുന്നനെ.

ഒരു രാജ്യം
രണ്ടായ് പിരിഞ്ഞ് ഫൈനല്‍ കളിക്കുമ്പോള്‍
കളിക്കാര്‍ അങ്ങോട്ടുമിങ്ങോട്ടും
കൂറു മാറിക്കൊണ്ടിരിക്കുമ്പോള്‍
റഫറിയും കൂറുമാറുമ്പോള്‍

നമുക്കു വീണ്ടും
കവികളാകേണ്ടിവരും.

നാലുവരി നാലുവരി എഴുതി
ഗോളടിക്കാന്‍ കാത്തുനില്‍ക്കുന്ന
മുന്‍നിരക്കവികളല്ല.
പിന്നിലേക്കു പിന്നിലേക്കിറങ്ങി
ഭാവിയുടെ വലയം കാക്കുന്ന
ഗോളിക്കവികള്‍.
...
" ബീഫ് വീട്ടിൽ സൂക്ഷിച്ചു എന്നാരോപിച്ച് അഖ്ലാക്കിനെ കൊന്ന ദിവസം "