ppramachandran

ഇടശ്ശേരിയുടെ ഒളിച്ചോട്ടം

"അരക്കെട്ടില്‍ മുറുകട്ടേ കരപ്പൂവല്ലി
കനത്ത മാറോടുമാര്‍ചേര്‍ന്നിറുകിടട്ടെ
പതിയട്ടേ തെരുതെരെ പ്രണയമുദ്ര
കവിളില്‍ നെറ്റിയില്‍ കണ്ണില്‍ മൃദുവാം ചുണ്ടില്‍
കിനാവള്ളി കണക്കെന്നെച്ചുറഞ്ഞു ചുറ്റി
പ്പിണഞ്ഞോളൂ നുകര്‍ന്നോളൂ മുദിതജീവന്‍
ഇവിടെ നാമുദിപ്പിക്കും മൃദുസീല്‍ക്കാരം
പ്രളയാന്തക്കൊടുങ്കാറ്റിലിരമ്പല്‍ ചേര്‍ക്കും
ഒരു മാത്ര ഒരു മാത്ര - ഇതിനെ നാലാം
പുരുഷാര്‍ത്ഥപ്രതിമം ഞാന്‍ നുണഞ്ഞിടട്ടേ?"

ഒറ്റവായനയില്‍ ഒരു രതിവര്‍ണ്ണനയായി തെറ്റിദ്ധരിച്ചേക്കാവുന്ന ഈ വരികളുടെ ചുഴിയില്‍ പെട്ടാല്‍ നിങ്ങളെത്തിച്ചേരുന്നത് മൃതിയുടെ ആഴങ്ങളിലാവും. 1974ല്‍ അന്തരിക്കുന്നതിനു ഏതാനും ദിവസം മുമ്പ് ഇടശ്ശേരി എഴുതിയ ഒളിച്ചോട്ടം എന്ന കവിതയിലേതാണ് ഈ വരികള്‍. ചുമതലകളെല്ലാം പാതിയിലുപേക്ഷിച്ച് അക്ഷമയോടെ തന്റെ വരവും കാത്തിരിക്കുന്ന പ്രണയിനിയോടൊപ്പം ഒളിച്ചോടാന്‍ പുറപ്പെടുന്ന ഒരു കാമുകനായി സ്വയം പ്രത്യക്ഷപ്പെടുകയാണ് ഇവിടെ കവി. ആമുഖക്കുറിപ്പില്‍ തന്റെ കാമുകി അന്ധയും ബധിരയുമാണ് എന്ന പ്രസ്താവനയിലൂടെ കവി വായനക്കാര്‍ക്ക് ഒരു താക്കോല്‍ എറിഞ്ഞുകൊടുക്കുന്നുണ്ട്. ആദ്യകാല ഇടശ്ശേരിയില്‍ കണ്ടിരുന്ന ഉത്സാഹവും ശുഭപ്രതീക്ഷയും അന്ത്യകാലകവിതകളില്‍ വിരക്തിക്കും നിര്‍മ്മമതയ്ക്കും വഴിമാറിക്കൊടുക്കുന്നതു കാണാം. പ്രണയിനിയോടു ചേരുന്നതിന്റെ അത്യന്തം ആസക്തി നിറഞ്ഞ ഇതിലെ വര്‍ണ്ണനകള്‍ വാസ്തവത്തില്‍ ജീവിതവിരക്തിയുടെ തീവ്രതയാണ് അനുഭവിപ്പിക്കുന്നത്. 

"എഴുത്തുമേശതന്‍ മുന്നിലിരിക്കുന്നു ഞാന്‍
പെരുത്തുണ്ടേ ജനമെന്റെ മുറിയിലിപ്പോള്‍
കരണങ്ങളെഴുതിയ്ക്കലവര്‍ക്കാവശ്യം
കവിതകള്‍ കുറിക്കലേ നമുക്കു പഥ്യം."

മിക്കവാറും ഇടശ്ശേരിക്കവിതയുടെ സംഭവസ്ഥലം വീടകമായിരിക്കും. ആധാരമെഴുത്തുകാരനായ കവി പൂമുഖത്ത് എഴുത്തുമേശക്കു മുന്നില്‍ ഇരിക്കുന്നു. നിരവധിപേര്‍ വ്യവഹാരകാര്യങ്ങള്‍ക്കായി ചുറ്റും കൂടിയിരിക്കുന്നു. അവര്‍ക്ക് കരണങ്ങള്‍ എഴുതിക്കിട്ടലാണ് ആവശ്യം. എന്നാല്‍ കവിക്ക് കവിതകള്‍ കുറിക്കലാണ് പഥ്യം. കരണമെഴുത്തും കവിതയെഴുത്തും തമ്മിലുള്ള ഈ സംഘര്‍ഷം ഇടശ്ശേരിയെപ്പോലെ അദ്ദേഹത്തിന്റെ സമകാലികരായ വൈലോപ്പിള്ളിക്കോ കുഞ്ഞിരാമന്‍നായര്‍ക്കോ അനുഭവിക്കേണ്ടിവന്നിട്ടുണ്ടാവില്ല. ഇടശ്ശേരിക്ക് ഉപജീവനമാര്‍ഗ്ഗവും ആവിഷ്കാരമാധ്യമവും അക്ഷരാര്‍ത്ഥത്തില്‍ എഴുത്തുതന്നെയാണ്. രണ്ടും രണ്ടുതരം എഴുത്ത്. കണക്കും കൃത്യതയും യുക്തിയും ഉള്ള വ്യവഹാരഭാഷ ഒന്ന്. ഭാവനയും ഭംഗിയും അവ്യക്തതയും ഉള്ള കാവ്യഭാഷ മറ്റൊന്ന്.

വീടിന്റെ ഉമ്മറവും അകത്തളവും തമ്മിലും ഈ വേര്‍തിരിവുണ്ട്. ആധാരമെഴുത്ത് ഉമ്മറത്തുവെച്ചാണെങ്കില്‍ കവിത പൂമുഖവാതില്‍ മറഞ്ഞ് അകത്തളത്തിലാണ് കഴിയുന്നത്. തിരശ്ശീലയ്ക്കു പിന്നില്‍നിന്ന് നെടുവീര്‍പ്പിട്ടും വളകിലുക്കിയും ശ്രദ്ധ ക്ഷണിക്കുന്ന ഒരു സാന്നിദ്ധ്യമാണ് അത്. ഇങ്ങനെ പുറത്തും അകത്തുമായി ഒരു ഉഭയജീവിയെപ്പോലെ കഴിയുന്നതിനിടയില്‍ തന്റെ ജന്മം,"എരിപൊരി വെയിലീമ്പി വലിച്ചെറിഞ്ഞ തരിമണല്‍പ്പരപ്പൊത്ത തരിശാ"യിത്തീരുന്നത് കവി മനസ്സിലാക്കുന്നു. കവിതയും കരണവും പങ്കിട്ടു ശക്തി ക്ഷയിച്ച ഒരു ഗൃഹസ്ഥനാണ് ഇപ്പോള്‍ കാമുകിയോടൊപ്പം ഒളിച്ചോടിപ്പോകാന്‍ തുനിയുന്നത്.

"വരുന്നേന്‍,ഞാന്‍ വരുന്നേ,നിദ്ദിവസത്തിന്റെ
വരവെന്തേ,ചെലവന്തേ കണക്കിടാതെ.
തിരി ഞാനോമനേ,യഗ്നിശിഖ നീ,വേണോ
മണിയറയ്ക്കെഴുതിരി വിളക്കു വേറെ
ഇരുട്ടിന്നും കഴിയില്ല മറയ്ക്കാന്‍ നിന്നെ
എനിക്കുണ്ടോ മിഴി നിന്റെ ചമയല്‍ കാണാന്‍!"

ഇവിടെ കാമുകി അഗ്നിശിഖയെങ്കില്‍ താന്‍ കൊളുത്തപ്പെടാനുള്ള തിരി മാത്രവും. കര്‍തൃത്വം കാമുകിയിലേക്കു മാറുന്നതോടെ താന്‍ സ്വയം കര്‍മ്മം മാത്രമായി തീരുന്നു. ഇത് ഒരു ഉപേക്ഷയാണ്. അഹന്താമുക്തമായി തന്റെതന്നെ ചെയ്തികളെ നിര്‍മ്മമതയോടെ നോക്കിക്കാണാന്‍ കവിക്കു കഴിയുന്നു.  

"ഒരു ചെറുവെളിച്ചം ഹാ,ചുഴല്‍വു നമ്മെ
ധരയുടെ പരിഹാസസ്ഫുരണം പോലെ
ഹ,ഹ,ഞാന്‍ പണ്ടെഴുതിയ കടലാസുകള്‍
കവിതകള്‍,ചരിത്രങ്ങള്‍,കടപ്പത്രങ്ങള്‍
ഒരു കൂമ്പാരമായ് കൂട്ടിച്ചുടുകയാണോ
പുരമതില്‍പ്പുറത്തിട്ടു പുതിയലോകം!"

ചിതാവെളിച്ചത്തിലെന്നപോലെ തന്റെ എഴുത്തുകളുടെ നിസ്സാരതയേയും നശ്വരതയേയും നോക്കിക്കാണുകയാണ് കവി. 'ആകുലയാമൊരഴുക്കുചാലായ്' പേരാറിനെ ദീര്‍ഘദര്‍ശനം ചെയ്ത കവി തന്റെ രചനകള്‍ക്കും അതേ വിധി സംഭവിക്കാമെന്നു നിരീക്ഷിക്കുകയാണ്. ധരയുടെ പരിഹാസസ്ഫുരണത്തോടൊപ്പം ഹ,ഹ എന്നു സ്വയം ചിരിച്ചുകൊണ്ട്  (ചിരിവരുന്നുണ്ടതു ചിന്തിക്കുമ്പോള്‍ - കുറ്റിപ്പുറം പാലം) ആ വിധിയെപ്പോലും സ്വാഗതം ചെയ്യാനാവുംവിധം വൈരാഗിയായിത്തീര്‍ന്നിരിക്കണം അപ്പോള്‍ ആ മനസ്സ്.

എന്നാല്‍ നിളയെക്കുറിച്ചുള്ള അശുഭചിന്തയെപ്പോലെ യാഥാര്‍ത്ഥ്യമായില്ല സ്വന്തം രചനകളെക്കുറിച്ചുള്ള ആത്മനിന്ദ നിറഞ്ഞ ഈ നിരീക്ഷണം എന്നാണ് എനിക്കു തോന്നുന്നത്. ജീവിച്ചിരുന്ന കാലത്ത് ലഭിക്കാത്ത ആഴമുള്ള വായന ഇടശ്ശേരിക്കു ലഭിച്ചത് പില്‍ക്കാലത്താണ്. പുതിയലോകം പുരമതില്‍പ്പുറത്തിട്ടു ചുട്ടുചാമ്പലാക്കിയാലും 'പുകയുന്ന ഭസിതത്തില്‍ കനലുപോലെ' ഇടശ്ശേരിക്കവിത സഹൃദയരെ നീറ്റിക്കൊണ്ടിരിക്കും.