ചാക്കാല കഴിഞ്ഞ്
പക്കിയായി ആത്മാവ്
വീട്ടിൽ വന്നു.
‘അപ്പാ അപ്പാ’യെന്ന്
ഞങ്ങളൊമ്പതും ആർത്തു
തൈലം പെരട്ടി
കെടന്നതേയുള്ളു അമ്മ
ഒറ്റക്കുത്തിന്
കൊങ്ങയ്ക്ക് പിടിച്ച് നിർത്തി
തെറിച്ച കടലാളത്തിൽ
നാലു പള്ളുരിച്ചു
‘അപ്പാ അപ്പാ
അപ്പന്റെ ചെറകെന്തായിങ്ങനെ
കല്ലറയിലെ കെടപ്പെങ്ങനെ’
ഞങ്ങളൊമ്പതും മുട്ടുകുത്തി.
‘വലയെടുക്ക് മക്കളെ
1മേലാട്ട് നടക്ക്
അവിയങ്കോരപാവി
തിരിച്ചണയാം’
നേരം വെട്ടം വച്ചു
ഈരംചീലയോടെ
ഞങ്ങള് പത്താളും വന്നേറി.
നല്ല ഒറക്കത്തിലാ അമ്മ.
“പ്ഫ! എണീക്കടീ’
അപ്പന്റെ ആട്ട്.
അവിയങ്കോര വെന്ത് മണത്തു.
മരിച്ചീനിയും ഉപ്പും മൊളകും
ഏമ്പക്കം വിട്ട് അപ്പനെറങ്ങി
‘അപ്പാ അപ്പാ അപ്പനെങ്ങോട്ടാ?
ഇവിടെയിരുന്നോണം
ഞങ്ങള് പോയികെടക്കാം
കല്ലറയിൽ’


* ഒരു തരം കുഞ്ഞുമത്സ്യം
1. കടൽഭാഗത്തേക്ക്