sachidanandan

അവസാനത്തെ ഗോളിനെപ്പറ്റി

അവസാനത്തെ ഗോൾ  എന്ന കവിത ഞാൻ എഴുതുന്നത് 2006ലാണ്, സിനദിൻ യാസിദ് സിദാൻ ലോകകപ്പ് മത്സരത്തിൽ ഇറ്റാലിയൻ ഫുട്ബോൾ കളിക്കാരൻ മാർക്കോ മറ്റെറാസിയെ നെഞ്ചിൽ തലകൊണ്ടിടിച്ചതിന‌് പുറത്താക്കപ്പെട്ട അതേവർഷം. വ്യക്തിപരമായി ഞാൻ സാഹിത്യ അക്കാദമിയിലെ ജോലിയിൽനിന്ന് വിരമിക്കുകയും 60 വയസ്സായത് പ്രമാണിച്ച് എന്റെ അന്നോളമുള്ള കവിതകൾ മൂന്നു വാല്യങ്ങളിലായി സമാഹരിക്കപ്പെടുകയും എന്റെ നാട്ടുകാരും യുവകവികളും അത് ആഘോഷിക്കുകയും ചെയ‌്ത വർഷംകൂടി ആയിരുന്നു അത്. ഇക്കാര്യം ഇവിടെ പ്രസക്തമല്ലെങ്കിലും.

ആറടി ഒരിഞ്ചുകാരനായ സിദാൻ അതിനകംതന്നെ കളിയുടെ സൗന്ദര്യവും ധിഷണാപരതയും അടവുകളിലെ മികവും പന്ത് നിയന്ത്രിക്കുന്നതിലുള്ള പാടവവുംകൊണ്ട് എന്റെ ശ്രദ്ധയും ആദരവും പിടിച്ചുപറ്റിയിരുന്നു. അൾജീരിയയിലെ കബിലീയിൽ ഒരു ഡിപ്പാർട‌്മെന്റ് സ്റ്റോറിൽ രാത്രികാവൽക്കാരനായിരുന്ന സ്മായിലിന്റെയും വീട്ടുകാരി മലിക്കയുടെയും മകനായി താരതമ്യേന ദരിദ്രമായ കുടുംബത്തിലായിരുന്നു സിദാൻ പിറന്നത‌്. അഞ്ചാംവയസ്സുമുതൽ കാൽപ്പന്ത‌് കളിച്ച് തെക്കൻ ഫ്രാൻസിലെ മാഴ്സെയിൽ വളർന്നു. ഫ്രാൻസിലെ സ്പോർട്സ് രംഗത്ത് വീരനായകനായി മാറിയ സിദാൻ 2006 ആകുമ്പോഴേക്കും 108 തവണ ഫ്രാൻസിൽ കളിയുടെ ക്യാപ്റ്റനായിക്കഴിഞ്ഞിരുന്നു. കാൻ, ബോർദെ, യുവെന്റസ‌്, റയൽ മാഡ്രിഡ്... ഇവയ്ക്കെല്ലാംവേണ്ടി കളിച്ചു, പരിശീലകനായി, 1998ൽ ലോകകപ്പ് ജേതാവായി. ഫ്രാൻസിലെ ഏറ്റവും വലിയ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ നേടി, 2006ലെ കളിയിൽ ഫൗൾ ഉണ്ടായിട്ടും കളിക്കാർക്കുള്ള ‘ഗോൾഡൻ ബോൾ’ നേടി.

2006ലെ ആ ‘ഹെഡ് ബട്ടിങ‌്’ പലകുറി കാണുകയും അതിനു പുറകിലെ മാനസികാവസ്ഥ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്തതിന്റെ പരിണാമമാണ് 'അവസാനത്തെ ഗോൾ' എന്ന എന്റെ കവിത. അപ്പോഴേക്കും മോഡിയുടെ ഗുജറാത്തിൽ എത്ര മായ‌്ചുകളഞ്ഞാലും കളവുകൾ പറഞ്ഞാലും ലോക മനസ്സാക്ഷിയുടെ മുന്നിൽ മായാതെ നില്ക്കുന്ന മുസ്ലിം കൂട്ടക്കൊല നടന്നിരുന്നു. ബാബ‌്റി മസ്ജിദ് തകർത്തതിനു പിന്നാലെ വരാനിരിക്കുന്ന ന്യൂനപക്ഷവേട്ടയുടെ തുടക്കമായിരുന്നു അത്. ഈ പശ്ചാത്തലവും സിദാന്റെ ദാരിദ്ര്യവും ദുരിതവും നിറഞ്ഞ കുടുംബപശ്ചാത്തലവും ചേർന്നാണ് എന്നെ ആ കവിതയിലേക്ക‌് നയിച്ചത്.

ഞാൻ ഹിംസയുടെ വക്താവല്ലേയല്ല. ഹിംസയിലൂടെ സാമൂഹ്യപരിവർത്തനം സാധ്യമല്ലെന്ന പാഠമാണ് ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങൾ ലോകത്തിനു നൽകിയതെന്നു കരുതുന്ന ആളുമാണ്. ‘അനീതിക്കെതിരായ രോഷംപോലും മുഖം വികൃതമാക്കുന്നു' എന്ന ബെർതോൾഡ‌് ബ്രഹ‌്തിന്റെ വരി ധാർമികരോഷം മനസ്സിൽ ഉയരുമ്പോഴൊക്കെ ഓർക്കുന്നയാളാണ്. എങ്കിലും ഗാന്ധിപോലും ഹിംസ അനുവദിക്കുന്ന ചില സന്ദർഭങ്ങളുണ്ട് 'ഗാന്ധി അഹിംസയെക്കുറിച്ച‌് സംസാരിക്കുന്നു' എന്ന കവിതയിൽ ഞാൻ അത് കേന്ദ്രപ്രമേയമാക്കിയിട്ടുണ്ട്. മനുഷ്യർ ഏറ്റവും നിസ്സഹായരാകുന്ന ചില അവസ്ഥകളിൽ പ്രതിഹിംസ, എന്ന നിലയിൽ സ്വജീവൻ അഥവാ സ്വാഭിമാനം രക്ഷിക്കാനായി ചെയ്യുന്ന പരിമിതമായ ഹിംസയാണ് അത്. ബലാൽക്കാരത്തിന് വിധേയയാകുന്ന നിരായുധയായ ഒരു സ്ത്രീ എന്ത് ചെയ്യണം എന്ന ചോദ്യത്തിന് 'പല്ലും നഖവും ഉപയോഗിച്ച് ചെറുക്കാം' എന്ന് ഗാന്ധി മറുപടി പറയുന്നുണ്ട്. സിദാനെ കുടുംബപരമായി മറ്റെറാസി അപമാനിച്ചപ്പോഴാണ് സാധാരണയായി നിലതെറ്റാത്ത ആ കളിക്കാരൻ ശിരസ്സുകൊണ്ട് അയാളുടെ നെഞ്ചിൽ ഇടിച്ചത്. അത് കൊല്ലാൻ ഉദ്ദേശിച്ചായിരുന്നില്ല. ഒരു നിന്ദിതന്റെ സ്വാഭാവികമായ ആകസ്മിക പ്രതികരണമായിരുന്നു അത്.

ആ നിമിഷത്തിലെ സിദാന്റെ മനസ്സ് പിടിച്ചെടുക്കാനാണ് അയാളുടെതന്നെ ആത്മഗതത്തിലൂടെ ഞാൻ 'അവസാനത്തെ ഗോൾ' എന്ന കവിതയിൽ ശ്രമിച്ചത്. ആൽബേർ കാമുവിന്റെ 'ഔട്ട് സൈഡർ' എന്ന നോവലിൽ, ഒരു യുക്തിയും കൂടാതെ, കണ്ണിൽ വെയിലടിച്ചതുകൊണ്ടാകാം, ഒരു മുസ്ലിമിനെ കൊലപ്പെടുത്തുന്ന നായകനായ മിയർസോളിനെ അനുസ്മരിച്ചുകൊണ്ടാണ് ആ ആത്മഗതം ആരംഭിക്കുന്നത്. 'അമ്മ മരിച്ചത് ഇന്നോ ഇന്നലെയോ' എന്നാലോചിക്കുന്ന ആ നായകനെ പലരും നിസ്സംഗനായി പറയാറുണ്ട്, പക്ഷേ അയാളുടെ ഉള്ളിൽ ഫ്രാൻസിലെ മറ്റനേകം പേരുടെ എന്നപോലെ അൾജീരിയൻ മുസ്ലിങ്ങളോടുണ്ടായിരുന്ന നിറഞ്ഞ വെറുപ്പ്  'അപരനെ' വെടിവയ്ക്കുമ്പോൾ പ്രകടമാകുന്നുണ്ട്. അതുകൊണ്ടാണ് അൾജീരിയക്കാരനായ സിദാൻ, കണ്ണിൽ അൽപ്പം വെയിൽ അടിച്ചാലുടൻ നിങ്ങൾക്ക‌് കുത്തിക്കൊല്ലാൻ തോന്നുന്ന അപരിചിതൻ എന്ന‌് സ്വയം വിശേഷിപ്പിക്കുന്നത്. അദ്ദേഹം സ്വയം ഫ്രാൻസിൽ ഒരു വിദേശിയാണ് താനെന്ന് തിരിച്ചറിയുന്നു. ‘വേറെ മുഖവും വേറെ ഉടലുമായി നിങ്ങളിൽ ഒരുവനാകാം എന്ന‌് വ്യാമോഹിച്ചവൻ' എന്ന് സ്വയം വിശേഷിപ്പിക്കുന്നു.

ചുറ്റുമുള്ള ജനതയുടെ സ്നേഹം ലഭിക്കാനായി താൻ സഹിച്ച വേദനകളെയും പരിശീലനങ്ങളെയും കുറിച്ച് പറയുന്നു, തന്റെ ബാല്യസഹനങ്ങളെ ഓർക്കുന്നു; നമാസിനുമാത്രം കുനിയാറുള്ള തന്റെ ശിരസ്സിൽ എട്ടു നിമിഷനേരം ന്യൂയോർക്കുമുതൽ ഗുജറാത്തുവരെ വേട്ടയാടപ്പെടുന്ന തന്റെ വംശത്തിന്റെ ഓർമ ഇരച്ചുകയറിയതിന‌് മാപ്പ് പറയുന്നു: എട്ടു നിമിഷം കളിക്കളത്തിന്റെ മിഥ്യയിലേക്ക് ചവർപ്പൻ യാഥാർഥ്യം കടത്തിവിട്ടതിന്, കളിയുടെ മൃദുനിയമത്തെ ഒരിക്കൽമാത്രം ജീവിതത്തിന്റെ കഠിനനിയമംകൊണ്ട് അട്ടിമറിച്ചതിന്. ആ നിമിഷം തന്റെ മുമ്പിൽ തന്റെ അമ്മയുടെ വ്യഥിതമുഖംമാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന്, അവഹേളിക്കപ്പെടുന്ന മുഴുവൻ മനുഷ്യർക്കുംവേണ്ടി ഒരൊറ്റ ചേഷ്ടകൊണ്ട് താൻ ചോരയൊലിപ്പിക്കാതെ പകരംവീട്ടുകയായിരുന്നുവെന്ന്, സിദാൻ പറയുന്നു. അതായിരുന്നു തന്റെ ഒടുവിലത്ത് ഹെഡർ, അവസാനത്തെ ഗോൾ, എന്നും. 'ചോരയൊലിപ്പിക്കാത്ത' എന്ന വിശേഷണം ഇവിടെ വളരെ പ്രധാനമാണെന്ന‌് ഞാൻ വിചാരിക്കുന്നു. അദ്ദേഹത്തിന് രക്തദാഹം ഉണ്ടായിരുന്നില്ല, ഒരു ചെറിയ പ്രതിഷേധചേഷ്ട മാത്രമായിരുന്നു ശിരസ്സുകൊണ്ടുള്ള ആ ഇടി.
ഇൗയിടെ ഈ കവിത സമീർ ബിൻസി എന്ന, ഞാൻ അറിയാത്ത, ഒരു സുഹൃത്ത് സിദാന്റെതന്നെ ദൃശ്യങ്ങൾ ഉപയോഗിച്ച് ഒരു കൊച്ചു ഫിലിമാക്കി യൂട്യൂബ്, വാട‌്സാപ‌് ഇവയിലൂടെ പ്രചരിപ്പിച്ചു കണ്ടപ്പോൾ സന്തോഷംതോന്നി. ഹിംസ  മാരകമായ ഇക്കാലത്തും ഇത് പ്രസക്തമെന്ന് യുവാക്കൾ കരുതുന്നുണ്ടല്ലോ എന്ന ആശ്വാസവും.
'അവസാനത്തെ ഗോൾ' ഫുട്ബോളിനെക്കുറിച്ചുമാത്രമുള്ള കവിതയല്ല; അത് ഒരു നിമിത്തംമാത്രമായിരുന്നു. ഹിംസ, അഹിംസ, അപരവൽക്കരണം, പീഡനം, കളി, ജീവിതം ഇവയെക്കുറിച്ചെല്ലാമുള്ള ഒരു മാനുഷികദാർശനിക പ്രസ്താവമാണ് അത്. അതുകൊണ്ടുതന്നെ സിദാനു ശേഷവും, പീഡനം ലോകത്തുള്ളിടത്തോളം കാലം ഇത്തരം രചനകൾക്ക് പ്രസക്തിയുണ്ടാകും എന്ന് ഞാൻ കരുതുന്നു.

ഞാൻ രാത്രി ഉറക്കമൊഴിച്ചിരുന്നു ഫുട്ബോൾ ലോകകപ്പും പ്രധാനപ്പെട്ട ക്രിക്കറ്റ് മാച്ചുകളും കാണാറുള്ള കാലത്താണ് സിദാൻ കവിതയും ഉണ്ടായത്. ഇപ്പോൾ, ജോലിയിൽനിന്ന് പിരിഞ്ഞശേഷം ഒരു തരത്തിൽ കൂടുതൽ സമയമുണ്ടെങ്കിലും, യാത്രകളും പ്രസംഗങ്ങളും എഴുത്തും കൂടുതൽ സമയം അപഹരിക്കുന്നതിനാൽ പഴയ നിഷ്ഠയോടെ അവയൊന്നും കാണാൻ കഴിയാറില്ല. എങ്കിലും കുറെ കളികൾ, വിശേഷിച്ചും ബ്രസീൽ, ജർമനി, അർജന്റീന, ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ട കളികൾ കാണണം എന്നുണ്ട്.

അതിനു പ്രധാന കാരണം യഥാക്രമം നെയ‌്മർ, ടോണി ക്രൂസ്, ലയണൽ മെസ്സി, അന്ത്വാൻ ഗ്രീസ്മാൻ, ഡേവിഡ് സിൽവ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലൂയിസ് സുവാരസ് തുടങ്ങിയ കളിക്കാരും. പ്രതീക്ഷ നൽകുന്ന രണ്ടാം നിരക്കാരും (പൗലോ ഡിബാല, പോളിഞ്ഞാ, കില്യൻ മ‌്ബപ്പ, ലിയോൺ ഗോരെറ്സ‌്ക തുടങ്ങിയവർ) ആണ്. ബ്രസീൽ, ജർമനി, അർജന്റീന, ഫ്രാൻസ് എന്നിവർക്കാണ് യഥാക്രമം ലോകകപ്പിനുള്ള പ്രധാന സാധ്യത ഞാൻ കാണുന്നത്. പക്ഷേ, കളിയുടെ കാര്യം ജീവിതംപോലെതന്നെ പ്രവചനാതീതമാണ്. കണക്കുകൂട്ടലുകൾ പലതും തെറ്റിയേക്കാം.

(തയ്യാറാക്കിയത് ബിനോയ് കുറ്റുമുക്ക്)

കടപ്പാട് : ദേശാഭിമാനി ദിനപത്രം