1കൊട്ടോ കൊട്ടണ് കൊട്ടണ് മഴ
തൂറാൻ പോയ അനിയൻ
തലയ്ക്ക് കൊടയാക്കുമോ നിക്കറെ
2മടക്കോട്ടി നൊറച്ച്
മുറുക്കാൻ വേണ്ട പോണ അമ്മ
ഒതുങ്കുമോ എവിടേങ്കിലും.
വരുന്ന കോളില്ല പള്ളിക്കൊടത്തീന്ന്
ഒടപ്പെറന്തോള്
3കൊവുന്ത് പോയി കാണുമോ പൊസ്തകം.
അടിച്ചിണ് തൂവാനി4
ഒലിച്ചിണ് വെള്ളം പൊത്തകൂരയിൽ
കമത്തിയിട്ട ചെമ്പിൽ
വീണ് പൊട്ടുന്നു മഴക്കണ്ണ്
പച്ചയായി വെറകൊക്കെ
അളിഞ്ഞു പോയി ചവറ് കൂമ്പാരം.
വെട്ടണ് മിന്നല്
നെമത്തി വച്ചാം തൊറപ്പ കഴ്കി
പൊറത്തിടാം ചട്ടീം പാനേം
ഒലിപ്പ് വെട്ടാം മണ്ണുമാന്തി
വീളണ് ഇടി
തെരുവ് പട്ടി, പെത്ത പട്ടി
ഓടണ് കൊരച്ച്
കുട്ടി പട്ടി, പെമ്പട്ടി
നനയണ് കെതച്ച്
കേറണ് ഇരുട്ട്
വന്ന് അമ്മ
വന്ന് അനിയൻ
വന്ന് ഒടപ്പെറന്തോള്
മഴ കൊട്ടോ കൊട്ടണ് കൊട്ടണ്
ചത്ത് പോയി കെതച്ച പട്ടി
5വൈയിണേയില്ല കൊരച്ച പട്ടി.


1. തകർത്ത മഴ
2. മുറുക്കാൻ സൂക്ഷിക്കുന്ന പെട്ടി
3. നനഞ്ഞ് കുതിർന്നു പോയി
4. മഴച്ചാറ്റൽ
5. വരുന്നേയില്ല.