ammudeepa

അക്കാലം

തലയ്ക്കുള്ളിൽ
കവിതയും കുബുദ്ധിയുമില്ലാതിരുന്ന
ഒരു കാലത്ത്
ചാണകം തേച്ച മുറ്റത്ത്
ഉണക്കമടലുകൊണ്ടുണ്ടാക്കിയ പയ്യിനെ
ഞാൻ മേച്ചു നടന്നു.
ഇടയ്ക്കെല്ലാം തിരിഞ്ഞുനിന്ന്
എന്തിനെന്നറിയാതെ ഞാന്‍
പശുവിനെ അടിച്ചു.
മുറ്റത്തെ ചാണകം ഇളകി മണ്ണുപൊന്തിയതു കണ്ട അമ്മമ്മ
ഓടിവന്ന് എന്നെയും അടിച്ചു.
പശുവിന്റെ മുന്നിൽ ഞാൻ നാണംകെട്ടു.
പശുവിനെ കയറിൽനിന്നും മോചിപ്പിച്ച്
വിറകുപുരയിൽ കൊണ്ടുചെന്നിട്ടു.
വൈകുന്നേരത്തെ കാപ്പി തിളപ്പിക്കാന്‍
അമ്മമ്മക്ക് എടുക്കാൻ തക്ക പാകത്തിൽ.
എനിക്കടി കിട്ടിയപ്പോൾചിരിച്ച പശൂ
നീ ചാവണം.
കത്തിക്കത്തിച്ചാവണം.
പിന്നെ ഞാന്‍
കരേം കൊളോം കളിക്കാന്‍
അയൽപ്പക്കത്തേക്കോടിപ്പോയി.
തലയ്ക്കുള്ളിൽ
കവിതയും കുബുദ്ധിയും
തീരെ ഇല്ലാതിരുന്ന ആ കാലത്ത്.