എന്റെ ഒടുവിലത്തെ കാമുകിയോടുകൂടി ഒളിച്ചോടിപ്പോകുന്നതിനെക്കുറിച്ചുള്ളതാണ് ഈ കവിത. അവളാകട്ടെ സ്നേഹമയിയെങ്കിലും അന്ധയും ബധിരയുമാണ്.

ഒരു കിളിയുമതിന്റെ കുഞ്ഞും
മാനത്തു വട്ടം പറക്കാൻ പഠിക്കുന്നു,
താഴത്തു മിറ്റത്തു വീഴുന്ന തൂവൽ
ലാവെളിച്ചത്തിൽപ്പെറുക്കുന്ന കുട്ടി,
ഇലകളില്ലാമരങ്ങളിലൊക്കെയും
രാപ്പറവകൾ അമർന്നിരിക്കുന്നു,
അനങ്ങാതുറങ്ങുന്നു.

ഒരു കടൽ ജന്തുവിന്റെ വലിയ പുറന്തോടായിരുന്നു അത്
ഇടങ്കാതിൽ ചേർത്തു വച്ചു.
മുപ്പതാമത്തെ വയസ്സിലൊരുത്തി,
കേൾവിയില്ലാത്തവൾ,
തനിച്ചു പാർക്കുന്ന വീട്ടിൽ.

മുറ്റത്തു മണ്ണിൽക്കളിക്കുന്ന നേരത്തു  
മുതുകത്തു വന്നു വീണതാണ്  
കനമുള്ളതെന്തോ  
തണുപ്പോടെയെന്തോ  
നനയുന്നതെന്തോ  
ഒന്നിന്റെ തുമ്പ്   

ഭൂമിക്കടിയിലായിരുന്നു ആകാശം.
കിളികളൊക്കെയും 
മാളങ്ങളിൽപ്പാർത്തു
മഴവെള്ളത്തിൽ
നനഞ്ഞിട്ടവ എകരങ്ങളിൽ വന്നിരുന്നു

രണ്ടു ചെടിച്ചട്ടികൾക്കിടയിലെ വിടവിൽ 
ഒരുചെടി വളർന്നു
രണ്ടു മനുഷ്യർക്കിടയിൽ അദ്യശ്യമായി
മറ്റൊരാൾ പാർക്കുമ്പോലെ

ശബ്ദമില്ല
ഭാഷയില്ല
നിർന്നിമേഷമിരിക്കുന്നു
ഓർമ്മയായി
വിചാരിക്കാൻ
ബിന്ദുവൊന്നും തൊട്ടുമില്ല

ഒന്നുകില്‍ കാറ്റ്‌
അല്ലെങ്കില്‍ വലിയ
ചെമ്പോത്തുപോ-
ലുള്ളൊരു പക്ഷി വന്ന്‌
കൊമ്പു കുലുക്കിയത്‌
ചിറകു തൊടീച്ചത്‌
അടുത്തൂടെ പോയത്‌
ഒരീച്ച പറന്നത്‌;
ഇലകള്‍ വീഴുന്നതി-
ന്നെപ്പൊഴും നമുക്കൊരു
കാരണം കാണാം.