മരത്തിന്‍ ചില്ലയില്‍
മുലക്കണ്ണുകള്‍ നുണയും 
അണ്ണാന്‍....
വരും ജന്മത്തിലെന്നെ പോലെ
അമ്മയില്ലാണ്ട് പിറക്കട്ടെ.

തുമ്പികളുടെ
ചിറകുകളില്‍
ചെറുതാകുന്ന
ആകാശം.

ജനാലകള്‍ തുറന്നിട്ട്
കിടക്കാനായി വിരിപ്പു-
തട്ടിക്കുടയുമ്പോഴേക്കും
ഇറ്റിറ്റു പെയ്യും മഴ.

ചിറകുകളെ ദേഹത്തേക്കൊതുക്കി
ആടുന്ന തെങ്ങോലയില്‍
ഒറ്റക്കിരിക്കും പക്ഷീ...

ആകാശമെന്നോട് 
ചിറകുകളില്ലാത്തൊരു പക്ഷിയാണ്
നീയെന്നു പറഞ്ഞു
മേഘങ്ങള്‍ക്കുമില്ലല്ലോ ചിറകുകള്‍
മേഘമാവുമോ നീ ?

നിലം തുടക്കുമ്പോള്‍ ഉമ്മ
പഴയൊരു പാട്ട് മൂളുന്നു
പാട്ടില്‍ കുതിര്‍ന്ന് നിലം നനയുന്നു
ഫാനോണാക്കി ഉണക്കാനിട്ട് പോകുന്നു
ഞാനാ പാട്ടോര്‍ത്ത് നടക്കുന്നു
നിലത്തൂടെ

നേര്‍ത്ത മഴ പാറ്റല്‍
ഇരുളു തുളുമ്പും മേഘങ്ങള്‍
‍ജനാലയിലൂടെ കാണണം
നനഞ്ഞ തോര്‍ത്തു വിരിച്ച്
നിലത്തു കിടക്കണം
ഞാന്‍ മരിക്കുമ്പോള്‍

വെറുതെയിരിക്കുമ്പോള്‍
എഴുതുന്ന കവിതകളില്‍
എന്തൊരു ആശ്വാസം!

123L