ശാലിവാഹന ശകാബ്ദം ഒന്നിൽ ജീവിച്ചിരുന്ന
പരോപകാരിയൊരാൾ പടികൾ കെട്ടി.
കുന്നിൻ മുകളിലെ കോവിലിലേക്ക്
ഭക്തർ സൗകര്യമായ് പോയി വന്നു.

തെരുവിൽ തെക്കുനിന്നു വടക്കോട്ടു
കാറ്റു വീശുന്നു.
ചെക് പോസ്റ്റിൽ തന്റെ പൊതി
കമഴ്ത്തിക്കാട്ടുന്ന യാത്രികനെപ്പോലെ
ബദാംമരങ്ങൾ ഇലയുതിർക്കുന്നു.

എന്റെ വീടുവിട്ടു പോകാൻ
ആരുമെന്നോടു പറയുന്നില്ല.
എന്റെ ആപ്പീസു വാതിലുകൾ
എനിക്കു മുന്നിൽ അടയപ്പെട്ടിട്ടില്ല.

നാലു ചക്രവണ്ടി ഒന്നും
രണ്ടുചക്രവണ്ടി ഒന്നും
തെരുവിൽ കൂട്ടിയിടിച്ചു.
അപ്പോൾ രാത്രി മണി ഒമ്പത്.
നാലു ചക്രവണ്ടിക്കാരൻ
വണ്ടിയിൽ നിന്നിറങ്ങി വന്ന്
രണ്ടുചക്ര വണ്ടിയെ തെറി വിളിച്ചു.

എന്റെ മേട്ടു നിലം
ഇന്നലെപ്പെയ്ത മഴയിൽ
തണുത്തു വിറച്ചു കൊണ്ടിരുന്നു.
എന്റെ മേട്ടു നിലം
ഇന്നത്തെ വെയിലിൽ
ചൂടുപിടിച്ചു കൊണ്ടിരിക്കുന്നു.

ആ നാട്ടിലേക്ക്
ഈ വഴി 3 കി.മീ. എന്നു
കാട്ടിക്കൊണ്ടു നിൽക്കുന്ന
വഴിചൂണ്ടിക്കാലിന്
ആ നാടൊന്നു കാണാൻ
ആശയുണ്ടായി, ഒരുനാൾ.

ശബ്ദമില്ല
ഭാഷയില്ല
നിർന്നിമേഷമിരിക്കുന്നു
ഓർമ്മയായി
വിചാരിക്കാൻ
ബിന്ദുവൊന്നും തൊട്ടുമില്ല

ഒന്നുകില്‍ കാറ്റ്‌
അല്ലെങ്കില്‍ വലിയ
ചെമ്പോത്തുപോ-
ലുള്ളൊരു പക്ഷി വന്ന്‌
കൊമ്പു കുലുക്കിയത്‌
ചിറകു തൊടീച്ചത്‌
അടുത്തൂടെ പോയത്‌
ഒരീച്ച പറന്നത്‌;
ഇലകള്‍ വീഴുന്നതി-
ന്നെപ്പൊഴും നമുക്കൊരു
കാരണം കാണാം.