Pramod K M

"രണ്ടാമന്‍ : എന്താണ് ആലോചിക്കുന്നത് ? ഞാന്‍ : അതു തന്നെയാണ് ഞാനും ആലോചിക്കുന്നത്."


ടി.പി. വിനോദ്, 'ലാപുട' എന്ന് പേരുള്ള തന്റെ ബ്ലോഗിന്റെ ടാഗ് ലൈനായി എഴുതിയ ഈ സംഭാഷണം അയാളുടെ കവിതകളുടെ പൊതുസ്വഭാവം ഉള്‍ക്കൊള്ളുന്നുണ്ട്. ആലോചനകളുടെ സമൃദ്ധമായ സാന്നിദ്ധ്യം കൈമുതലായുള്ള ഈ കവിതകള്‍ വായനക്കാരന് ആലോചനക്കുള്ള ത്രെഷോള്‍ഡ് എനര്‍ജി കൈമാറിക്കൊണ്ട് പൂര്‍ത്തിയാവുന്നു. പലപ്പോഴും ഉത്തരങ്ങള്‍ക്കു പകരം ചോദ്യം പകര്‍ത്തിവെച്ച് അവ നമ്മെ അമ്പരപ്പിക്കുന്നു. വാക്കു പൊഴിയുന്നിടത്തു നിന്നും വായനക്കാരനെ കവിതയും ചില വായനാബാധ്യതകളുമേല്‍പ്പിച്ച് പിന്‍വാങ്ങുന്നു. ഒരു ഭാവത്തെ, അനുഭവത്തെ, വസ്തുവിനെ, അല്ലെങ്കില്‍ വാക്കിനെ തലച്ചോറിന്റെ ഒരു മൂലയില്‍ താമസിപ്പിച്ച്, അതിനെപ്പറ്റി ആവും വിധം ചിന്തിക്കുകയും, അന്വേഷണങ്ങളുടെയും അലച്ചിലുകളുടെയും അവസാനം വ്യക്തമായ ഉത്തരമോ സംഗ്രഹമോ നല്‍കാതെ, വിഷയത്തെപ്പറ്റി ചിന്ത തുടരാനുള്ള പ്രോത്സാഹനമെന്നോണം അനുവാചകന് കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ എറിഞ്ഞുകൊടുത്തുകൊണ്ട് പിന്‍വാങ്ങുകയും ചെയ്യുന്ന രീതിയാണ് വിനോദ് മിക്കപ്പോഴും പിന്തുടരുന്നത്. അതു കൊണ്ടു തന്നെ എളുപ്പത്തില്‍ വായിച്ചു 'തീര്‍ക്കാവുന്നവ'യല്ല വിനോദിന്റെ കവിതകള്‍.


'നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍' എന്ന സമാഹാരത്തില്‍ ടി. പി. വിനോദിന്റെ തെരഞ്ഞെടുത്ത 49 കവിതകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സമകാലിക മലയാ‍ളത്തിലെ എണ്ണം പറഞ്ഞ കവിതകളുടെ ഈ സമാഹാരം പുറത്തിറക്കുന്നത് പുസ്തകപ്രേമികളായ ഒരു കൂട്ടം മലയാളികള്‍ ചേര്‍ന്നു രൂപം നല്‍കിയ പ്രസാധക വിതരണ സംരഭമായ ബുക്ക് റിപ്പബ്ലിക്ക് ആണ്. പ്രതിഭാധനരായ എഴുത്തുകാരെ അച്ചടിമലയാളത്തിലേക്ക് കൊണ്ടു വരിക, വികേന്ദ്രീകൃതമായ ഒരു വിതരണ സംവിധാനം നടപ്പാക്കുക എന്നിവ പ്രഖ്യാപിത ലക്ഷ്യങ്ങളായ ബുക്ക് റിപ്പബ്ലിക്ക്, തങ്ങളുടെ ആദ്യ പുസ്തകമായി 'നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍' തെരഞ്ഞെടുത്തതിലെ ഔചിത്യം, ഇതിലെ കവിതകളിലൂടെ സഞ്ചരിക്കുന്ന കാവ്യാസ്വാദകര്‍ക്ക് ബോധ്യപ്പെടാന്‍ ഒട്ടുംതന്നെ പ്രയാസമില്ല.


നിലവിളി, നിസ്സഹായതയുടെ തീവ്രമായ ഒരു പരിധിയും ആവിഷ്ക്കാരവുമാണ്. ഒരുപാട് കടങ്കഥകള്‍ക്കും പ്രഹേളികകള്‍ക്കുമുള്ള ഉത്തരം, ഉത്തരംമുട്ടലില്‍ നിന്നും ഉണ്ടാകുന്ന നിലവിളിയാണെന്ന് ഈ കവിതകള്‍ എഴുതിവെക്കുന്നു. 'സെര്‍ച്ച്' എന്ന ആദ്യ കവിതയുടെ തുടക്കം, 'ജയില്‍കാണാനെത്തുന്ന/ സ്കൂള്‍ക്കുട്ടിയെപ്പോലെ/മതിലുയരത്തില്‍ നിന്ന്/ആകാശത്തിലേക്കും/അഴിയകലത്ത് നിന്ന്/ കാറ്റിന്റെ/ കനല്‍മണത്തിലേക്കും/ അളന്നെടുത്തിട്ടുണ്ട്/ അകലങ്ങള്‍'എന്നാണ്. ആദ്യവരികളിലെ ഉപമയില്‍ നിന്നും ജയില്‍ കാണാനെത്തുന്ന സ്കൂള്‍കുട്ടിയെപ്പറ്റിയുള്ള കവിതയല്ല ഇതെന്ന് സൂചന ഉണ്ടാവുന്നു. എന്തും കാണുന്ന ആരുമാകാം ഇതിലെ പ്രതിപാദ്യം. ഉപയോഗശൂന്യതയെയോ നിസ്സാരതയെയോ ഒക്കെ സൂചിപ്പിക്കാന്‍ 'വെള്ളത്തിലെ വരകള്‍' എന്ന ഒരു പ്രയോഗമുണ്ട് മലയാളത്തില്‍.'കീറും മുന്‍പ് കൂടിയ/മുറിവുകളില്‍ നിന്ന്/ മുങ്ങാംകുഴിയുടെ/ ആഴത്തിലുണ്ട്/ വേദനയുടെ/ ജലജീവിതം' എന്ന വരികളിലൂടെ സാമ്പ്രദായികമായ ഈ പ്രയോഗത്തെ പൊളിച്ചു നിര്‍മ്മിക്കുന്നു കവി. കീറുമ്മുമ്പ് കൂടുന്ന മുറിവുകള്‍ യഥാര്‍ത്ഥത്തില്‍ മറയ്ക്കാനോ മറക്കാനോ പറ്റാത്ത ഒന്നാണെന്നും തളംകെട്ടി നില്‍ക്കുന്ന വേദനകള്‍ ആകാശത്തിലേക്ക് തൊടുക്കാന്‍ തക്ക ഊര്‍ജ്ജവുമായി ഉള്ളില്‍ക്കിടപ്പുണ്ടെന്നുമുള്ള ഒരു പുതിയ കാഴ്ച തരുന്നു ഈ കവിത. 'സെര്‍ച്ച്' അവസാനിക്കുമ്പോള്‍ നമ്മളും വേദനയോടെ ആകാശത്തേക്ക് ഉത്തരമന്വേഷിച്ചുകൊണ്ട് നോക്കി യിരിക്കുന്നു.
'നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍' എന്ന കവിത നിലവിളി എന്ന് അര്‍ത്ഥം തരുന്ന 5 കടങ്കഥകളാണ്. മരിച്ചുപോയ കൂട്ടുകാരനെഴുതുന്ന കത്തായും, സ്വപ്നത്തിലെ ആള്‍ക്കാരോട് സംസാരിക്കാനുള്ള ഭാഷയായും, പൊട്ടിക്കരച്ചിന്റെ അനുഭവത്തെ ഓര്‍മ്മിപ്പിക്കും വിധത്തിലുള്ള
'കുടയടച്ച് മഴനനഞ്ഞ് നടക്കല്‍' ആയും വാക്കുകളെല്ലാം പൊഴിഞ്ഞുതീരുമ്പോള്‍ ബാക്കിയാവുന്ന ഒന്നായും അവസാനം നിശബ്ദതയുടെ നിഘണ്ടുവായും വിനോദ് നിലവിളിയെ നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്നു. തീര്‍പ്പാകാത്ത അവസ്ഥയില്‍ നിന്നുമുയരുന്നതാണ് നിലവിളി എന്നുള്ളതു കൊണ്ടാവാം കവി നിലവിളികളെക്കുറിച്ചുള്ള നിര്‍വ്വചനങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കുന്നത്.


'കമ്യൂണിസ്റ്റ് പച്ച' എന്ന കവിതയില്‍, ഈ ചെടിയെക്കുറിച്ചുള്ള ഗൃഹാതുരതകള്‍ ചികഞ്ഞ് മുറിവു പറ്റാത്ത സമൂഹത്തെ ലക്ഷ്യം വെക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാടിലേക്ക് എത്തിച്ചേരുന്നു കവി.
വിനോദിന്റെ കവിതകളെ സമഗ്രമായി പ്രതിനിധാനം ചെയ്യുന്നു, 'അന്ധവിശ്വാസത്തിന്റെ അഞ്ചു കവിതകള്‍'. ഈ അഞ്ചുകവിതകളും നമ്മുടെ മുന്നില്‍ വെയ്ക്കുന്ന അഞ്ച് തീര്‍പ്പുകളില്‍ തൃപ്തിയടയുമായിരുന്നു, ഒരു പക്ഷേ നാം തലക്കെട്ട് ശ്രദ്ധിച്ചില്ലായിരുന്നെങ്കില്‍. സന്ദിഗ്ദ്ധതകള്‍ മുഖമുദ്രയാക്കിയ കവിക്ക് അന്ധവിശ്വാസമാണെന്നുള്ള തുറന്നുപറച്ചിലില്ലാതെ ഒരു ഉത്തരത്തിനും പൂര്‍ണ്ണവിരാമമിടുവാന്‍ കഴിയില്ല തന്നെ.


നിരര്‍ത്ഥകത, ദുരൂഹത, ഏകാന്തത, വിരസത, സന്ദിഗ്ദ്ധത, നിശബ്ദത എന്നിവയെ നമുക്ക് ഒറ്റയ്ക്കോ കൂട്ടായോ, വിനോദിന്റെ കവിതകളില്‍ നിന്നും കയ്യോടെ പിടികൂടാം. 'ബോറടിയുടെ ദൈവം' എന്ന തലക്കെട്ടില്‍ ബോറടിക്കെന്താണ് ദൈവമില്ലാത്തത് എന്ന് ചോദിക്കുന്നു കവി. 'മൃഗശാല' തുടങ്ങിയ പല കവിതകളിലും സൂക്ഷ്മ നിരീക്ഷണങ്ങള്‍ മികവോടെ പകര്‍ത്തിവെക്കുന്നതില്‍ വിനോദ് വിജയിക്കുന്നുണ്ട്. ഒരു ശാസ്ത്രഗവേഷകന്‍ കൂടിയായ വിനോദ്, തന്റെ കവിതകളില്‍, നിരീക്ഷണങ്ങളിലൂടെ അനുമാനങ്ങളിലേക്ക് മുന്നേറുക എന്ന രീതി അവലംബിക്കുന്നത് സ്വാഭാവികമാകാം. തന്റെ അന്വേഷണങ്ങളിലൂടെ എത്തിച്ചേരുന്ന ചില നിഗമനങ്ങള്‍ കവി സംശയത്തിന്റെ ആനുകൂല്യത്തോടുകൂടി അവതരിപ്പിക്കുന്നു.
തിരിയലുകള്‍ക്കെല്ലാം ഒടുവില്‍ നിശ്ചലതയിലേക്ക് നിരര്‍ത്ഥകതയിലേക്ക് എത്തിപ്പെട്ട് ആദര്‍ശവാനാകുന്ന സ്ക്രൂവിന്റെ തലയില്‍ തുരുമ്പിന്റെ ഭാഷയുണ്ടാകുന്നു. ഭാഷയില്‍ നിന്നും സാഹിത്യങ്ങളുണ്ടാകുന്നു, വെളിവിന് തെളിവുണ്ടാകുന്നു, സംസ്കാരങ്ങളുണ്ടാകുന്നു...


ഓര്‍മ്മിക്കത്തക്ക വിസ്മയങ്ങള്‍ ഒന്നുമില്ല തനിക്കെന്നും അത് കൊണ്ടാണ് അര്‍ത്ഥങ്ങള്‍ക്ക് വേരുകിനിഞ്ഞോ എന്ന് പിഴുതുനോക്കിക്കൊണ്ടിരിക്കുന്നതെന്നും വിനോദ് തുറന്നു പറയുന്നുണ്ട് (വാക്കുകളുടെ നഴ്സറിയില്‍ ).
ഒരു കുറ്റാന്വേഷണകന്റെ ജാഗ്രത 'അപസര്‍പ്പകം' എന്ന കവിതയില്‍ കാണാം. വിരലടയാളങ്ങളിലൂടെയും, ഓര്‍മ്മകളുടെ സാക്ഷിമൊഴികളിലൂടെയും, മണം പിടിക്കലുകളിലൂടെയും തെളിവുകള്‍ ശേഖരിക്കാന്‍ പറ്റുന്ന തരത്തില്‍ വാക്കുകള്‍ എങ്ങനെയാണ് കാലത്തിന്റെ തൊണ്ടി മുതലുകളാവുന്നതെന്ന് വിനോദിന്റെ കവിതകള്‍ കാണിച്ചുതരുന്നു.


ജീവിതം, കവിത ഇവ പരസ്പരം യോജിക്കാത്ത സംഗതികളാണെന്ന് ഈ സമാഹാരത്തിലെ ചില കവിതകള്‍ വിശ്വസിക്കുന്നുണ്ട്. സിമന്റ് ചട്ടിയിലെ അവസാനത്തെ ചുരണ്ടിമാന്തിയെടുക്കലിന്റെ ഒച്ചയില്‍ നിന്നും ഒരാള്‍ ചെവിപൊത്തി ഒഴിഞ്ഞുമാറുന്നതു പോലെ വാക്കുകള്‍ തേച്ച് കവി അയാളുടെ നിലനില്‍പ്പിനെ മിനുസപ്പെടുത്തുമ്പോള്‍ ജീവിതം ഒഴിഞ്ഞുമാറുന്നതായി കവിക്കു തോന്നുന്നു(ശബ്ദാതുരം). ജീവിതമോ കവിതയോ ആദ്യമുണ്ടായതെന്നറിയുവാന്‍ ഒരു വായനക്കാരനും പരോളിലിറങ്ങുന്നില്ല എന്ന് 'കഥാര്‍സിസ്' എന്ന കവിത പറഞ്ഞുവെക്കുന്നു. 'ജീവിതത്തില്‍നിന്ന്/ കവിതയിലേക്ക്/ വിരുന്നുപോകുമ്പോള്‍/ വാക്കിന്റെ/ മടിശ്ശീലയിലുണ്ടാകുമോ/ അടുത്ത തവണ/ മറക്കില്ലെന്നേറ്റിരുന്ന/മധുരമായൊരര്‍ത്ഥം?' എന്ന് കവി ആകുലപ്പെടുന്നു (വിരുന്ന്).
ജീവിതത്തെയും മരണത്തെയും കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ വിനോദ് തന്റെ കവിതകളിലൂടെ പങ്കുവെക്കുന്നുണ്ട്. ജീവിതം/മരണം എന്ന ദ്വന്ദ്വത്തെ പറ്റി പറയാന്‍, വെളിച്ചം/ഇരുട്ട്, കാഴ്ച/നിഴല്‍ എന്നിവയുടെ സഹായം തേടുന്നു കവി (സൂചന). ജീവിതം മരണത്തെക്കുറിച്ചുള്ള സൂചനകള്‍ ആണെന്നും,വെളിച്ചം കൊണ്ട്/ കാണാനാവാത്ത /ഇരുട്ടുപോലെ,/നിറം തേച്ച് /ചിത്രമാക്കാനാവാത്ത/ നിഴലുപോലെ, അസാധ്യതകളുടെ വിരസവ്യംഗ്യമാണ് ജീവിതം എന്നും പറയുന്നു ഈ കവിത. ഇരുട്ടിനെമനസ്സിലാക്കാന്‍ വെളിച്ചത്തിന്റെ സഹായം തേടുമ്പോള്‍ ഇരുട്ട് ഇല്ലാതെയാകുമ്പോലെ ജീവിതത്തെ മനസ്സിലാക്കുമ്പോളേക്കും ജീവിതവും ഇല്ലാതാകുന്നു. മരണത്തെക്കുറിച്ചുള്ള നുണയാണ് ജീവിതമെന്നാണ് 'എഴുതുമ്പോള്‍' എന്ന കവിതക്ക് പറയാനുള്ളത്. മരണത്തെക്കുറിച്ചുള്ള ഭയമാണ് ജീവിതമെന്ന വസ്തുതയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുകയാണ് 'സോഷ്യല്‍ ആനിമല്‍' എന്ന കവിത.

പരാജയപ്പെടുന്നതുകൊണ്ട് പാവനമാകുന്നതാണ് കവിതയും പ്രണയവുമെന്ന് പറഞ്ഞ് മുന്‍കൂര്‍ ജാമ്യം നേടുന്ന കവിതയാണ്'ആംഗ്യങ്ങള്‍'. ഉജ്ജ്വലമായ താരതമ്യത്തിലൂടെ രണ്ടിനെയും കോര്‍ത്തിണക്കുന്ന കവി, ആത്മഹത്യക്കുള്ള ശ്രമം, സത്യത്തില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി യുള്ളതാകാമെന്ന് ഊഹിക്കുന്നു. നഷ്ടപ്രണയങ്ങള്‍ വിഷയമായ മറ്റുചില കവിതകളുമുണ്ട്. 'ഭാഷകള്‍'എന്ന കവിതയില്‍, പ്രണയിതാക്കള്‍ രണ്ടുപേരും പരസ്പരം മറക്കുന്നുവെന്നതാണ് വാസ്തവമെന്നിരിക്കെ, ഓര്‍മ്മ/മറവി എന്നീ വാക്കുകളാല്‍ ചിന്തകളെ പൂരിപ്പിക്കാന്‍ തുനിയുന്നു കവി. 'ലോകത്തിലെ ഏതോ ഒരു ഭാഷയില്‍ നിന്റെ പേരിന് ഓര്‍മ്മ എന്ന് അര്‍ത്ഥമുണ്ട്'എന്നു പറഞ്ഞ് നായകന്‍ അവളെ മറക്കുന്നില്ല എന്ന് സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണെങ്കിലും, യഥാര്‍ത്ഥത്തില്‍ നായികയെ ഓര്‍മ്മയില്‍ നിന്നും കുടിയൊഴിക്കുകയാണ്. രണ്ടാം ഖണ്ഡത്തില്‍ 'ലോകത്തില്‍ നിനക്കുമാത്രമറിയുന്ന ഒരു ഭാഷയില്‍ എന്റെ പേരിന് മറവി എന്ന് അര്‍ത്ഥമുണ്ട്' എന്ന വരികളിലൂടെ അവള്‍, തന്നെ മറന്നെന്ന് കുറ്റപ്പെടുത്താന്‍ നായകന്‍ പരിശ്രമിക്കുന്നു. 'പ്രണയാനന്തരം' എന്ന കവിതയില്‍ പ്രണയിതാക്കള്‍ തമ്മിലുള്ള അവസാനത്തെ ആശയവിനിമയത്തെ പറ്റി പ്രതിപാദിക്കുന്നു. പ്രണയത്തെ സമയത്തിന്റെ ഫോട്ടോ എടുക്കുന്ന ക്യാമറയായി ചിത്രീകരിച്ച് ' ഞാന്‍ ' അവസാനത്തെ ഇ-മെയില്‍ അയക്കുമ്പോള്‍ ദിനോസറുകളെക്കാളും പഴക്കമേറിയ ഒരുത്തനാണ് പ്രണയമെന്ന ക്യാമറ കൈകാര്യം ചെയ്യുന്നത് എന്ന് എപ്പോളാണ് 'നീ' മറുപടി അയക്കുക എന്ന് ഉത്കണ്ഠപ്പെടുന്നു. പ്രണയി ദിനോസറുകളുടെ കാലത്തെപ്പോലും അതിജീവിച്ച് എറ്റവും പുതിയ ഇന്റര്‍നെറ്റ് യുഗത്തിലേക്ക് കടക്കുന്നു. 'മറുപടിയില്‍ ‍ദയവായി/ ഒറ്റവരികവിത പോലും/എഴുതാതിരിക്കുക./പ്രണയത്തിന്റെ ഇരുമ്പാണി/ മന്ത്രപുരസ്സരം അടിച്ചുകേറ്റേണ്ട/പാലമരങ്ങളുടെ/വിത്തുകളാകുന്നു, കവിതകള്‍' എന്നു പറഞ്ഞ് പ്രണയത്തെ അല്ലെങ്കില്‍ പ്രണയ നൈരാശ്യത്തെ ആവാഹിച്ച് കവിതയുടെ വിത്തു വിരിഞ്ഞു വളരുന്ന പാലമരത്തില്‍ തളച്ചിടരുതെന്നും അതിനെ ഗതികിട്ടാതെ അലഞ്ഞുതിരിയുവാന്‍ വിടണമെന്നും നായികയോട് അഭ്യര്‍ത്ഥിക്കുന്നു. 'മൂന്നു പ്രണയകവിതകള്‍' എന്ന കവിതയ്ക്കും പേറാനുള്ളത് പ്രണയനൈരാശ്യത്തിന്റെ ഭാരമാണ്.


'പ്രാര്‍ത്ഥനയുടെ അദ്ധ്യായ'ത്തില്‍ മുറിയുടെ ഏകാന്തതയില്‍ നിന്നും എത്രമാത്രം ചിന്തകള്‍ സാധ്യമാകുമെന്ന് നാം അത്ഭുതപ്പെടുന്നു. ഉറക്കമില്ലാത്ത ഉറുമ്പ്, കാമിച്ചാല്‍ മരണം സുനിശ്ചിതമായ ചിലന്തി, ഉറക്കത്തില്‍ കാമം പുരണ്ട സ്വപ്നങ്ങള്‍ കാണുന്ന മനുഷ്യന്‍ ഇവര്‍ ഉള്ള മുറിയുടെ വിവരണം വളരെ ഫലപ്രദമായി സന്നിവേശിപ്പിച്ചിരിക്കുന്നു കവി.

വിയര്‍ക്കുന്നതിന്റെയും,വേദനിക്കുന്നതിന്റെയും,സ്വപ്നം കാണുന്നതിന്റെയും ദൈവത്തോട് പരാതിപ്പെടുന്നതിനു പകരം ആ ദൈവത്തിന്റെ വേദനകളെപ്പറ്റിയും പേടികളെപ്പറ്റിയും ആകുലപ്പെടുകയാണ് കവിത. ആരാണ് ഇതൊക്കെ പറയുന്നതെന്ന് നമ്മെ അമ്പരപ്പിക്കുന്നു 'മുറിയില്‍/ ഇപ്പോഴുള്ളത്/ മുറിയോ കവിതയോ/ഭാഷപോലുമോ അല്ലായിരിക്കട്ടെ' എന്ന അവസാന ഖണ്ഡിക.
പഠിച്ചിട്ടില്ലാത്തവയ്ക്കു പകരം ചോദ്യം പകര്‍ത്തിവെച്ച ഒരു കാലത്തെ പേടി, പില്‍ക്കാലത്ത് അമ്പരപ്പും അത്ഭുതവും അഭിമാനവും ഉളവാക്കുന്നു 'പ്രോഗ്രസ് കാര്‍ഡ്' എന്ന കവിതയില്‍. ഒരു കാലത്ത് തന്റെ മുന്‍കാല കവിതകള്‍ വായിച്ച് കവി തന്നെ അത്ഭുതപ്പെട്ടേക്കാം എന്ന സൂചനയും നമുക്ക് കിട്ടും.


'ട്രാജഡി'യില്‍ വൈദ്യുതി നിലച്ചപ്പോള്‍ എല്ലാം അവതാളത്തിലാകുകയും ശൂന്യത തളം കെട്ടി നില്‍ക്കുകയും ചെയ്യുന്ന അവസരത്തില്‍ ഭാ‍വിയിലേക്ക് നീളുന്ന ഇതിവൃത്തം ബാക്കിയാവുന്നു. ഈ നൈരന്തര്യം വിനോദിന്റെ കവിതകളുടെ പ്രത്യേകതയാണ്. അവസാനത്തില്‍ നിന്നുമുള്ള ഈ ഒരു പുതിയ ആരംഭം പല കവിതകളിലും നമുക്ക് കണ്ടെത്താം. ആത്മഹത്യാക്കുറിപ്പിനു ശേഷം വരുന്ന കാര്യത്തെപ്പറ്റി പറയുന്ന 'ശേഷം'എന്ന കവിത ഉദാഹരണം.


ഓര്‍മ്മയുടെ ഭാരം അവകാശപ്പെടുന്നില്ലെന്ന് ചില കവിതകളില്‍ പ്രസ്താവിക്കുന്നുണ്ടെങ്കിലും, 'കേട്ടെഴുത്ത്'എന്ന കവിത സങ്കടം കഴിഞ്ഞ് വരുമ്പോള്‍ തെറ്റിപ്പോകുന്ന വാക്കുകളുടെ ചരിത്രം അന്വേഷിച്ച് ഓര്‍മ്മകള്‍ ചികയുന്നു. തന്റെ പതിവുരീതിയില്‍ നിന്നും വ്യതിചലിച്ച ഭാഷയിലാണ് 'അങ്ങനെ', 'നുണ' , 'എണ്ണ എന്ന ആത്മകഥയെപ്പറ്റി പിണ്ണാക്ക് സംസാരിക്കുന്നു', 'ഹേമന്തത്തില്‍ ഒരു രാത്രികാല തിരക്കഥയില്‍' തുടങ്ങിയ കവിതകള്‍ വിനോദ് ഒരുക്കിയിരിക്കുന്നത്. അവസാനം പറഞ്ഞ കവിതയില്‍ കവി പതിവില്‍ നിന്നും വ്യത്യസ്തമായി ചിന്തകളുടെ ഭാരം നന്നേ കുറച്ച്, കണ്ട കാര്യങ്ങള്‍ അപ്പാടെ എഴുതിവെക്കുന്നു.

'നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍' എന്ന സമാഹാരത്തിലെ കവിതകള്‍ വായിക്കുമ്പോള്‍, കവിതയിലേക്ക് വിരുന്നുപോകുവാന്‍ വേണ്ടി മാത്രം ജീവിതത്തില്‍ നിന്ന് കുറച്ചു സമയം കടമെടുത്ത് ഏകാന്തവും നിശബ്ദവുമായി ചിന്തിക്കുകയും, തിരിച്ചു പോകാനുള്ള അനിവാര്യതകാരണം ബാക്കി ചിന്തകള്‍ക്കുള്ള സ്വാതന്ത്ര്യം വായനക്കാരന് നല്‍കുകയും ചെയ്യുന്ന ഒരു കവിയെ നമുക്ക് പരിചയപ്പെടാന്‍ കഴിയുന്നു. വാക്കുകള്‍ പൊഴിയുന്നിടത്ത് ബാക്കിയാവുന്നു, വിനോദിന്റെ കവിതകള്‍.

കൂടുതല്‍ കാഴ്ചപ്പാട്