Satchidanandan

എന്ത് കൊണ്ടാണ് നാം എഴുത്തച്ഛന്റെയോ , ആശാന്റെയോ, വൈലോപ്പിള്ളിയുടെയോ ഇടശ്ശേരിയുടെയോ കെ. ജി. ശങ്കരപിള്ളയുടെയോ, ആറ്റൂരിന്റെയോ കവിത ചര്‍ച്ച ചെയ്യുമ്പോള്‍ അവരുടെ വ്യക്തിജീവിതവുമായി കവിതയെ ചേര്‍ത്തുവായിക്കാത്തത്? എന്തുകൊണ്ട് അയ്യപ്പന്റെ കാര്യത്തില്‍ വീണ്ടും വീണ്ടും വ്യക്തിയും അയാളുടെ ജീവിതവും ശീലങ്ങളും ചര്‍ച്ചയില്‍ കടന്നു വരുന്നു? ഈ ചോദ്യത്തിന്നു പല ഉത്തരങ്ങളും ഉണ്ടാകാം. എങ്കിലും എനിക്ക് തോന്നുന്നു അയ്യപ്പന്റെ കവിത പ്രാഥമികമായും ഭാവഗീതാത്മകം ആയതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്‌ എന്ന്. ഭാവഗീതത്തിന്റെ അതിരുകള്‍ക്കപ്പുറം പോകാന്‍ അയ്യപ്പന്‍ ശ്രമിച്ചതായി കാണുന്നില്ല. അയ്യപ്പന്റെ ശക്തിയും പരിമിതിയും ഇവിടെത്തന്നെയാണ് കാണേണ്ടത്.

1982-ല്‍ "ബലിക്കുറിപ്പുകള്‍" ക്ക് എഴുതിയ അവതാരികയില്‍ ( 'സ്വപ്നത്തിന്റെ മണ്ണ്' ) ഞാന്‍ ആ കവിതയുടെ സവിശേഷതകളും പരിമിതികളും എടുത്തു പറയാന്‍ ശ്രമിച്ചിട്ടുണ്ട്. അന്നത്തെ സ്വഭാവങ്ങള്‍ ആ കവിത അവസാനം വരെ നിലനിര്‍ത്തി . അതില്‍ പരിമിതികള്‍ ആയി ഞാന്‍ ചൂണ്ടി കാണിച്ചിരുന്നത് അവനവനില്‍ നിന്ന് പുറത്തു കടക്കുവാനുള്ള വൈമുഖ്യം, ചില പദങ്ങളുടെയും പ്രയോഗങ്ങളുടെയും ബിംബങ്ങളുടെ തന്നെയും ആവര്‍ത്തനം, വൈവിദ്ധ്യത്തിന്റെ കുറവ് തുടങ്ങിയവ ആയിരുന്നു. ("നാടകീയതയിലേക്ക് പരിണമിക്കുന്ന നവീനകവിതയുടെ പൊതു പ്രവണതയില്‍ നിന്ന് ഭാവഗീതാത്മകതകൊണ്ട് വേറിട്ടു നില്‍ക്കുന്ന രചനകളാണ് അയ്യപ്പന്റെത്..."ഒരു തോട്ടത്തില്‍ വിരിയുന്ന ചെടികളുടെ വൈവിദ്ധ്യത്തേക്കാള്‍ ഒരു ചെടിയില്‍ വിരിയുന്ന ഇലകളുടെ ഏകരൂപമായ ബഹുലതയാണ് ഈ രചനകള്ക്കുള്ളത്" ) ഒപ്പം അദ്ദേഹത്തിന്റെ ശക്തികളും ഞാന്‍ കണ്ടെത്തിയിരുന്നു: "എന്നാല്‍ ഭാവങ്ങളെ ധ്വനിദീപ്തങ്ങളായ വിരുദ്ധകല്പനകളിലൂടെ വളര്‍ത്തി എടുക്കുന്നതിനു നൂതനമായ ഒരു രചനാതന്ത്രത്തിലൂടെ പഴയ ഭാവഗീതങ്ങളുടെ പരിമിതവും സ്ഥൂലവും അതിലളിതവുമായ ആവിഷ്കരണ രീതിയില്‍ നിന്ന് ഈ കവിതകള്‍ മുന്നോട്ടു പോകുന്നു; അങ്ങിനെ മലയാളത്തിന്റെ ഭാവഗീത പൈതൃകത്തെ ആകെ നവീകരിക്കുകയും ചെയ്തിരിക്കുന്നു. "എങ്ങിനെയെല്ലാമാണ് അയ്യപ്പന്‍ മലയാളഭാവഗീതപാരമ്പര്യത്തെ നവീകരിച്ചത്‌? ഞാന്‍ ചുരുക്കി പറയാന്‍ ശ്രമിക്കാം:

ഒന്ന്: അയ്യപ്പന്‍ മിഥ്യയായ പരിഹാരങ്ങള്‍ ഒന്നും തന്നെ കവിതകളില്‍ നിര്‍ദ്ദേശിക്കുന്നില്ല. വിപ്ലവത്തെ കുറിച്ചുള്ള വിദൂരസൂചനകള്‍ ഇല്ലെന്നില്ല. സ്വയം പുണ്യവാളന്‍ ചമയുന്നുമില്ല. അഭയവാസനയുടെ മേല്‍ പീഡനബോധം ആധിപത്യം നേടുന്ന ആ കവിതകളില്‍ പ്രത്യയ ശാസ്ത്രമല്ല, അനുഭവമാണ് മുന്നിട്ടു നില്‍ക്കുന്നത്. ആഗ്രഹചിന്ത ഇല്ലാത്ത ആരാച്ചാരുടെ ആത്മനിന്ദയാണ് അധികവും അവിടെ കാണുന്നത്. 'ഞാന്‍ ബലിയാടായി തുടരുകതന്നെ ചെയ്യും, ആരെങ്കിലും അതാകെണ്ടിയിരിക്കെ' എന്ന പ്രസ്താവം ശ്രദ്ധിക്കുക. വല്ലപ്പോഴും ചില ബിംബങ്ങളിലൂടെ മാത്രം പ്രത്യാശ കടന്നുവരുന്നു: മുറിച്ച തള്ളവിരലിന്റെ സ്ഥാനത്ത് ഒരു അമ്പ്‌, സ്വസ്തികയുടെ സ്ഥാനത്ത് ഒരു നക്ഷത്രം എന്നിങ്ങിനെ.

രണ്ട്: ധ്വനിദീപ്തങ്ങളായ വിരുദ്ധകല്പനകളിലൂടെ പഴയ ഭാവഗേതത്തിന്റെ മാധുര്യത്തെ അയ്യപ്പന്‍ മാറി കടക്കുന്നു. ചിലപ്പോഴൊക്കെ കുസൃതി തോന്നാറുണ്ട്, ഓ.എന്‍. വി. കവിതയെ നന്നായി ഒന്നുണക്കി എടുത്താല്‍ അയ്യപ്പന്‍ കവിത കിട്ടും എന്ന്. കാരണം, ഓ. എന്‍. വീ. കവിതയിലെ പല ഘടകങ്ങളും അയ്യപ്പന്‍ കവിതയില്‍ ഉണ്ട് : തീവ്രമായ വിഷാദം, പ്രകൃതിയുടെ സാന്നിധ്യം ,ഭൂമിയോടുള്ള സ്നേഹം, നിസ്വരോടുള്ള ആഭിമുഖ്യം എന്നിങ്ങിനെ, എന്നാല്‍ മേദസ്സില്ലാത്ത കവിതയാണ് അയ്യപ്പന്റെത്. തീര്‍ത്ഥജലത്തിനു തീ പിടിക്കുക, മുറിച്ച കാത് ശംഖുപോലെ ശബ്ദങ്ങള്‍ സംഭരിക്കുക, ശാന്തമായ മനസ്സിനെ ഭ്രാന്തന്‍ ചങ്ങലയ്ക്ക് ഇടുക, അത്താഴത്തിനു വരേണ്ടവരുടെ ചോര മഴയായി പെയ്യുക , തൊഴുതു നില്‍ക്കുന്നവനെ ശിവന്റെ പാമ്പ് കൊത്തുക, ഇങ്ങിനെ വൈരുദ്ധ്യങ്ങള്‍ കൊണ്ടാണ് അയ്യപ്പന്‍ മിക്ക ബിംബകല്പനകളും നടത്തുന്നത്.

മൂന്ന്: ചുരുങ്ങിയ വാക്കുകളുടെ ഒരു ലഘുഭാഷ- പ്രൊടോ ലാംഗ്വേജ് -അയ്യപ്പന്‍ നിര്‍മ്മിക്കുന്നു. ആ നിഘണ്ടുവില്‍ ചില താക്കോല്‍ വാക്കുകള്‍ ഉണ്ട്. ബലി, കുരുതി, ചോര, പാമ്പ്, മണ്ണ്, സ്വപ്നം, കണ്ണ്, മഴ, ജലം, ശവം, പ്രജ്ഞ, വിഷം, വെയില്‍, കിളി, ചെടി, പൂവ്, അമ്മ, സുഹൃത്ത്, കാരുണ്യം തുടങ്ങിയവ. അസ്തിത്വം, പ്രകൃതി, സ്നേഹം, കാമം, മരണം തുടങ്ങിയ അടിസ്ഥാന സങ്കല്പങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ് ഈ ഉള്ഭാഷ. വിഭക്തവും രുഗ്ണവും ആയ ആത്മാവിന്റെ ആവിഷ്കാരത്തിനുള്ള ഒരു സമാന്തര ചിഹ്നഭാഷയാണിത്.

നാല്: അയ്യപ്പന് പാരമ്പര്യബോധം ഉണ്ട്; എന്നാല്‍ പല പഴയവരും പുതിയവരും ആയ കവികള്‍ക്കുള്ള പാരമ്പര്യപീഡ ഇല്ല. ഇടയ്ക്കിടയ്ക്ക് എഴുത്തച്ഛനേയും ആശാനെയും ഇടശ്ശേരിയേയും മറ്റുമുള്ള സൂചനകള്‍ ആ കവിതകളില്‍ കാണാം ( 'എഴുത്തറിവിന്റെ വ്യഥ തന്ന എഴുത്തച്ഛനാണ് ഈ മണ്ണ്;' 'ഉള്ളു പൊട്ടി പാടിപ്പാടി കരയുന്നൊരു കിളി ഹരിനാമ കീര്‍ത്തനം', 'ഇടശ്ശേരി ഇടനെഞ്ചില്‍ ചൊല്ലിയ വാക്കുകള്‍ ഒരു പാഠം, , ഒരു പാലം, ഒരു കൊടും കാറ്റ്') തീര്‍ത്ഥജലം, പുനര്‍ജനി, എഴുത്താണി, നാരായം, സൂര്യഗായത്രി, അര്‍ത്ഥകാമങ്ങള്‍, ഇങ്ങിനെ ഭൂതകാല സൂചനയുള്ള പദങ്ങളും ഇടയ്ക്ക് കാണാം, എന്നാല്‍ ഭൂതത്തെ അയ്യപ്പന്‍ ഒരു വേതാളത്തെപ്പോലെ കൊണ്ടുനടക്കുന്നില്ല. കക്കാട്, വിഷ്ണുനാരായണന്‍, കടമ്മനിട്ട തുടങ്ങിയവരിലെല്ലാം പല രൂപത്തില്‍ ഈ ഭൂതബാധ ഉണ്ട്, അത് നല്ലതോ ചീത്തയോ എന്നതല്ല ഇവിടെ പ്രശ്നം, അയ്യപ്പനില്‍ വര്‍ത്തമാനവും ഭാവിയും ഭൂതത്തേക്കാള്‍ പ്രധാനമാകുന്നു എന്നതാണ്.

അഞ്ച്: വിഷാദം ഉള്ളപ്പോള്‍ത്തന്നെ അതിനുമപ്പുറത്തുനിന്നു വരുന്ന അവധൂതന്റെ ഫലിതബോധം അയ്യപ്പന്റെ പല കവിതകളിലും മിന്നുന്നുണ്ട്. നരകത്തില്‍ നട്ടു വളര്‍ത്താനായി നാരകച്ചെടികള്‍ക്ക് വെള്ളം കോരുക, മരിച്ചവന്റെ കീശയില്‍ നിന്ന് പറക്കുന്ന അഞ്ചുരൂപാ നോട്ടില്‍ കണ്ണ് ഉടക്കുക, ജ്ഞാനിയെ കടല്‍ത്തീരത്തെ മുതല കാത്തിരിക്കുക, ഉള്ളില്‍ തീ ഉള്ളതിനാല്‍ പുതപ്പു വേണ്ടാതിരിക്കുക, ഇങ്ങിനെ.

ആറ്: അയ്യപ്പന്‍ ചിലപ്പോള്‍ വൃത്തരൂപങ്ങള്‍ ഉപയോഗിക്കുന്നുണ്ട്, ചിലപ്പോള്‍ സ്വതന്ത്ര ഛന്ദസ്സുകളും. എന്നാല്‍ അധികം കവിതകളും ഗദ്യമാണ് ഉപയോഗിക്കുന്നത്. മറ്റു കവികളില്‍ കാണും പോലുള്ള സ്വരവൈവിദ്ധ്യം അയ്യപ്പനില്‍ ഇല്ലെന്നുതന്നെ പറയാം. അതേസമയം തന്റേതായ ഒരു മുദ്ര ആ ഗദ്യത്തിന് ഉണ്ടുതാനും. അതുവരുന്നത് മുന്‍പ് പറഞ്ഞ ചില വാക്കുകളുടെ ആവര്‍ത്തനത്തില്‍ നിന്നും ഒരുതരം ശ്ലഥ രീതിയില്‍ നിന്നുമാണ്. കടമ്മനിട്ടക്കവിതയുടെ മറുപുറം ആണ് അയ്യപ്പന്‍ കവിതയുടെ നില്പ്, പല ഭാവങ്ങളും അവയ്ക്ക് പൊതുവായിരിക്കെത്തന്നെ.

ഏഴ്: അയ്യപ്പന്റെ കാഴ്ചകള്‍ ചരങ്ങളാണ്; അവ സ്ഥലത്തോ കാലത്തോ കെട്ടിയിട്ടവയല്ല.പലപ്പോഴും പൊട്ടിപ്പോയ ഒരു കണ്ണാടിയിലെ കാഴ്ചകള്‍ പോലെ ആണ് അവയിലെ ബിംബങ്ങള്‍. ഒപ്പം അവയില്‍ ഒരു ഭ്രഷ്ടാത്മാവ് തുടിക്കുന്നുണ്ട്. ഈ അനാഥഭാവത്തെ പലപ്പോഴും അയ്യപ്പനറെ മദ്യപാനശീലവും അസ്ഥിരതയും ദാരിദ്ര്യവും എല്ലാം ആയി ബന്ധപ്പെടുത്തി കാണാറുണ്ട്‌. പക്ഷെ അയ്യപ്പന് സ്ഥിരം ജോലി ഉണ്ടായിരുന്ന, മദ്യപാനശീലം ഇല്ലാതിരുന്ന കാലത്ത് എഴുതിയ കവിതകളിലും (ബലിക്കുറിപ്പുകള്‍ എന്ന സമാഹാരത്തിലെ അധികം കവിതകളും അന്ന് എഴുതിയതാണ്) ഈ അനാധത്വഭാവവും അന്യതാബോധവും ശക്തിയായിത്തന്നെ കാണുന്നതില്‍നിന്ന് അവയുടെ ഉറവിടങ്ങള്‍ കൂടുതല്‍ ആഴത്തില്‍ ഉള്ളതാണെന്ന് കരുതണം. ബാല്യകാലത്തെ ചില പീഡാനുഭവങ്ങള്‍, വീട്ടില്‍ അനുഭവിച്ച അനാഥത്വം, ആ കാലത്തെ ആധുനികകവിതയുടെ ഒരു മുഖ്യ സ്വഭാവം ആയിരുന്ന അന്യതാബോധം, ഇവയിലെല്ലാമാവും അപ്പോള്‍ നാം ചെന്നെത്തുക. ഉദ്യാനത്തിലെ ചെടിയല്ല, പൂജാപുഷ്പവുമല്ല അയ്യപ്പന്റെ കവിത, അത് തെരുവോരത്തു വളരുന്ന കാട്ടപ്പ പോലെയോ തകര പോലെയോ സ്വാഭാവികവും പാര്ശ്വവര്‍ത്തിമാണ്.

എട്ട്: അയ്യപ്പന്‍ പാട്ടുകാരന്‍ ആയിരുന്നു, എന്നാല്‍ ആ കവിതകള്‍ സംഗീതത്തേക്കാള്‍ ചിത്രകലയോടാണ് ആഭിമുഖ്യം പുലര്‍ത്തുന്നത്. അവയിലെ ഏകകങ്ങള്‍ ബിംബങ്ങളാണ്, വരികള്‍ അല്ല. നിറങ്ങളും രൂപങ്ങളും അവയില്‍ നിറഞ്ഞു നില്‍ക്കുന്നു. 'നീല എന്നെ പെണ്‍കുട്ടി മഞ്ഞയോടു ചേര്‍ന്ന് ഹരിതം ആകുന്നു', 'നിദ്രയുടെ കട പുഴകുമ്പോള്‍ കുമ്മായവെളുപ്പാണ് കവിത', 'മഞ്ഞപ്പുലികള്‍ തുള്ളിച്ചാടുംപോലെ കൊന്നപ്പൂക്കള്‍' മുതലായ വരികള്‍ ശ്രദ്ധിക്കുക.

ഒന്‍പത്: അയ്യപ്പന്‍ കവിതയിലെ തഥാഗതസാന്നിദ്ധ്യം ധാരാളമായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 'ചിരസ്ഥായിയായ മൌനഭൂമിയില്‍ വെച്ചു അദൃശ്യബുദ്ധന്റെ സ്പര്‍ശനം കിട്ടുന്നു' (അഭയസന്ധ്യ) ,'ഇടയന്‍ നഷ്ടപ്പെട്ട കുഞ്ഞാടാണല്ലോ. ഇനി തുണ നീ മാത്രം ബുദ്ധാ, അലിവിന്‍ ഉറവു നീ' (ബുദ്ധനും ആട്ടിന്കുട്ടിയും) 'പൊയ്പോയ ദയാമയന്‍, അവന്റെ കാല്പാടുകള്‍' (ഇരുട്ടുമരം) തുടങ്ങിയ പല വരികളിലും ബുദ്ധന്‍ വരുന്നതു കൂടാതെ മറ്റുകവിതകളിലും പലതരത്തില്‍ ബുദ്ധന്റെ സാന്നിധ്യം ഉണ്ട്: കൊട്ടാരം ഉപേക്ഷിച്ചവന്‍, അലഞ്ഞു തിരിഞ്ഞവന്‍, ലോകബോധത്താല്‍ ഉണര്ത്തപ്പെട്ടവന്‍, കാരുണ്യവാന്‍ ഈ നിലകളില്‍ എല്ലാം അയ്യപ്പന്‍ ബുദ്ധനെ സാക്ഷാത്കരിയ്ക്കുന്നു. അമ്മ, ചങ്ങാതിമാര്‍ എന്നിവരും ആ കവിതയിലെ നിരന്തരസാന്നിദ്ധ്യങ്ങള്‍ തന്നെ.

കവിത തന്നെ ജ്ഞാനവും ഭക്തിയും കര്‍മവുമാക്കിയ ഒരു കവി അയ്യപ്പനിലുണ്ടായിരുന്നു. ആ കവി ഏത് അവസ്ഥയിലും അയ്യപ്പനില്‍ ഉണര്‍ന്നിരിക്കുകയും ചെയ്തു. പെരുവഴികള്‍ വിട്ടു ഇടവഴികളിലൂടെ നടക്കുന്ന കവികള്‍ക്കും കാവ്യചരിത്രം വൈകിയാണെങ്കിലും ഇടംനല്‍കുന്നു എന്ന് ഈ സഹോദരകവിയുടെ സാധനയെ മുന്‍ നിര്‍ത്തി നമുക്ക് പറയാം.

കൂടുതല്‍ കാഴ്ചപ്പാട്