Jyothibai Pariyadath

2005 ഒക്ടോബറിൽ വലത്തുചെവിയിൽ ഒരു മേജർ ശസ്ത്രക്രിയകഴിഞ്ഞ്‌ ശബ്ദങ്ങളിൽനിന്നും കാറ്റനക്കങ്ങളിൽനിന്നുപോലും അകന്ന്‌ യാത്രകൾ ഒഴിവാക്കി മൂന്നുമാസം നീണ്ടുനിന്ന വിശ്രമകാലം ജീവിതത്തിൽ ഒരു വഴിത്തിരിവാകുമെന്നു ഞാൻ കരുതിയില്ല. വേദനയുടെ ലഹരി കൂടിപ്പോയതുകൊണ്ടാവണം പുസ്തകങ്ങളേപ്പോലും മാറ്റിനിർത്താനാണു തോന്നിയത്‌. ശ്രദ്ധ പൂർണ്ണമായും ആവശ്യമുള്ള ഒന്നും ചെയ്യാനാവാത്ത ആ അവസ്ഥയിൽ ഇന്റെർനെറ്റ്‌ സഹായത്തിനെത്തി. ചാറ്റ്മുറികളിലെ നിത്യസന്ദർശനം ഓർക്കുട്ടിലെത്തിച്ചു. വായനയുടേയും എഴുത്തിന്റേയും പാചകത്തിന്റേയും ലോകത്ത്‌ തിരികെ എത്തുമ്പോൾ നെറ്റ്‌ തലയ്ക്കുപിടിച്ചിരുന്നു. വായനയുടേയും എഴുത്തിന്റേയും താല്പര്യങ്ങൾക്കനുസരിച്ച്‌ നെറ്റിനെ എങ്ങനെപ്രയോജനപ്പെടുത്താം എന്നായി ആലോചന. അങ്ങനെയാണ്‌ ജ്യോതിസ്സ്‌ എന്നെപരിൽ ഒരു വെബ്മാഗസിൻ തുടങ്ങുന്നത്‌. ഇതിനിടയിൽ പരിചയപ്പെട്ട എഴുത്തുകാരായ സുഹൃത്തുക്കൾ സൃഷ്ടികൾ അയച്ചുതന്നു. എട്ടാംക്ളാസ്സുകാരൻ അതുലായിരുന്നു പേജ്‌ ഡിസൈൻ ചെയ്തുതന്നത്‌. ഏതാണ്ട്‌ ഒരുവർഷത്തോളം ജ്യോതിസ്സിന്റെ ജോലികളിൽ പൂർണ്ണമായും മുഴുകി. ബ്ളോഗെന്ന ആശയം അപ്പോഴാണു കിട്ടുന്നത്‌(വിഷ്ണുപ്രസാദിനു നന്ദി). ജ്യോതിസ്സ്‌ എന്ന പേരിൽത്തന്നെ ഒരു ബ്ളോഗ്‌. സുഹൃദ്‌വലയം വിപുലമായി. കവിതകൾക്ക്‌ കിട്ടുന്ന ഉടനടിയുള്ള അഭിപ്രായങ്ങൾ എഴുത്തിനു പ്രചോദനമായി. രചനകൾ എല്ലാം തന്നെ വിവിധ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ വെളിച്ചം കാണുകയുംചെയ്തു. അവയിൽ 21 എണ്ണം പേശാമടന്ത എന്നപേരിൽ കവിതാ സമാഹാരമായി .പിന്നീട്‌ പേശാമടന്ത ഇ-ബുക്ക്‌ ആയി വീണ്ടും നെറ്റിലെത്തി .കവിതകൾ പ്രസിദ്ധീകരിക്കാനൊരിടം എന്നതിനപ്പുറം എന്തുചെയ്യാം എന്നത്‌ എപ്പോഴും മനസ്സിലുണ്ടായിരുന്നു. കവിതയുടെ ആലാപനത്തിനായിക്കൂടി ഒരു ബ്ളോഗ്‌ എന്നാശയം അങ്ങനെയാണ്‌ ഉരുത്തിരിഞ്ഞത്‌. 2004 ൽ പ്രസിദ്ധീകരിച്ച `മയിലമ്മ ഒരു ജീവിതതിനു ശേഷം` രണ്ടാമതൊരു പുസ്ത്കം മൈക്കലാഞ്ചലോ അന്റോണിയോനിയുടേ `ല-നൊട്ടെ` യുടേ തിരക്കഥാവിവർത്തനത്തം ചെയ്തത്‌ പി എസ്‌ മനോജ്കുമാറുമൊത്താണ്‌. കാവ്യാലാപന ബ്ളോഗ്‌ തുടങ്ങുന്നതിനെക്കുറിച്ച്‌ ആദ്യമായി അദ്ദേഹവുമായി ചർച്ച ചെയ്തു. ആദ്യത്തെ കവിത `വീണപൂവ്‌` ചൊല്ലി ബ്ളോഗിൽ പോസ്റ്റ്‌ ചെയ്തത്‌ 2008 ജനുവരി 1 നാണ്‌. നല്ല പ്രതികരണം തുടരാനുള്ള പ്രചോദനമായി. കവിയേയും ആലാപനം വഴി കവിതയേയും പരിചയപ്പെടുത്തുന്നതോടൊപ്പം തന്നെ Text വായിക്കാനുള്ള ലിങ്കും കൊടുക്കാൻ തുടങ്ങി.അതിനിടയിലാണ്‌ പാഠപുസ്തകത്തിലെ കവിതകൾ `കാവ്യശ്രീ` എല്ല ലേബലിൽ കൊടുക്കാനാരംഭിച്ചത്‌. അതിനും നല്ല പ്രതികരണമായിരുന്നു . പാലക്കാട്‌ `ഹരിശ്രീ` യ്ക്കു വേണ്ടിയായിരുന്നു അതു ചെയ്തുതുടങ്ങിയത്‌. ഇതുസംബന്ധിച്ചു കൂടിയ ചർച്ചായോഗത്തിൽ കവിതകളേ ആശയപരമായി ദൃശ്യവത്കരിക്കാനുള്ള സാധ്യതയെക്കുറിച്ച്‌ സൂചിപ്പിച്ചിരുന്നു. ആലാപനവും വായനയും കാഴ്ച്ചയും കുറച്ചുകൂടി ആഴത്തിലുള്ള കാവ്യാസ്വാദനത്തിലേയ്ക്ക്‌ കുട്ടികളെ നയിക്കും എന്നു ഉറപ്പായിരുന്നു .എങ്കിലും ഹരിശ്രീ പ്രതീക്ഷിച്ച രീതിയിൽ കാവ്യാലാപനങ്ങളെ പ്രയോജനപ്പെടുത്തിയില്ല എന്നത്‌ കുറച്ചു വിഷമമുണ്ടാക്കി. എന്നാല്പ്പോലും ധാരാളം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ബ്ളോഗ്‌ പ്രയോജനം ചെയ്യ്ന്നുണ്ടെന്നു ലഭിക്കുന്ന കത്തുകളിൽ നിന്നും കമന്റുകളിൽ നിന്നും മനസ്സിലാവുന്നു.

മേൽപ്പറഞ്ഞത്‌ ഒരു ബ്ളോഗർ എന്ന നിലയിലുള്ള സ്വാനുഭവഗീതി .പുതിയകാലത്തെ കവിതയ്ക്കനുസരണമായി ഇന്റർനെറ്റിന്റെ സാധ്യതകളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നത്‌ തീർച്ചയായും ചർച്ച ചെയ്യേണ്ട വിഷയം തന്നെയാണ്‌. ആനുകാലികങ്ങളീൽ പ്രസിദ്ധപ്പെടുത്താൻ കഴിയാത്തതിന്റെ ഖേദം അവവനവൻ പ്രസിദ്ധപ്പെടുത്തുന്നതു വഴി തീരുന്നു, ഉടനടി അഭിപ്രായങ്ങൾ അറിയുന്നു( പലപ്പോഴും പരസ്പരസഹകരണാടിസ്ഥാനത്തിൽ. കൊടുത്താൽ കൊല്ലത്തും കിട്ടും ), എഡിറ്ററുടെ കത്രികയിൽ നിന്നുള്ള രക്ഷ എനിങ്ങനെയുള്ള ഗുണഫലങ്ങൾ മാത്രമേ ബ്ളോഗർമാർ കാര്യമായി കാണുന്നുള്ളൂ. ഒരു പോസ്റ്റിനെക്കുറിച്ചുള്ള ആരോഗ്യപരമായ ചർച്ചകൾ പോലും അപൂർവമായിട്ടേ നടക്കുന്നുള്ളൂ. പലപ്പോഴും മനസ്സിൽതോന്നിയ സത്യസന്ധമായ അഭിപ്രായം ഗ്രൂപ്പുകളികളും ചീത്തവിളികളൂം കാണുമ്പോൾ പലരും പറയാതിരിക്കാറാണു പതിവ്‌ .`പുതിയ കവിത പുതിയ മാധ്യമം` സംവാദം തുടങ്ങിവെച്ച അൻവർഅലി പറഞ്ഞ ഒരു കാര്യം ഓർക്കുന്നു ബ്ളോഗിൽ പ്രസിദ്ധപ്പെടുത്തുന്ന നമ്മുടെ രചനകൾക്കു ആർക്കാണ്‌ അധികാരം എന്നു ചിന്തിക്കേണ്ടതുണ്ടെന്നു. ശരിയാണ്‌ അൻവർഅലിയെപ്പോലെ മുൻനിരയിൽ നിൽക്കുന്നവരും ബ്ളോഗർമാരുമായ സെലിബ്രിറ്റികവികൾ ആവിഷ്കാരത്തിനൊപ്പം അധികാരത്തിനെക്കുറിച്ചും ചിന്തിയ്ക്കേണ്ടത്‌ അത്യാവശ്യംതന്നെ. പക്ഷേ കൂടുതല്‍പ്പേരും അവരുടെ ആത്മാവിഷ്കാരം, അതു കുറച്ചുപേർ കാണുന്നു വായിക്കുന്നു എന്നതിനപ്പുറം അത്തരം കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിച്ചുതുടങ്ങിയിട്ടില്ലെന്നു വേണം കരുതാൻ. പ്രകാശനത്തിന്റെ ലോകം കൂടുതലായും ഇ- മാധ്യമങ്ങങ്ങളുടെ ആധിപത്യത്തിലാവുന്ന കാലം വിദൂരമല്ല. സാഹിത്യചോരണം കലയാക്കിയിരിക്കുന്ന ഒരുപാടുപേർക്ക്‌ നെറ്റ്‌ നല്ല കളരിയാണെന്ന വസ്തുതയും മറക്കത്തക്കതല്ല.

മലയാള കവിതയെ സംബന്ധിച്ചിടത്തോളം ഇന്റർനെറ്റ്‌ എന്ന അ മാധ്യമത്തിന്‌ കുറേയേറെ ചെയ്യാൻ കഴിയും എന്നു തന്നെയാണ്‌ എന്റെ വിശ്വാസം. ഓഡിയോ വീഡിയോ അച്ചടിച്ച ടെക്സ്റ്റ്‌ എന്നിവയ്ക്കൊപ്പംതന്നെ അനന്തമായി പ്രയോജനപ്പെടുത്താവുന്ന അക്ഷയഖനികളാണ്‌ ലിങ്കുകൾ. എന്തിലേയ്ക്കും ഏതിലേയ്ക്കും ചെറിയ ചെറിയ അടയാളവാക്കുകളിലൂടേ കടന്നുചെല്ലാൻ പാതയൊരുക്കുന്ന ഈ കൊളുത്തുകൾകൊണ്ടു ചെന്നെത്തിക്കുന്ന ഇടങ്ങൾ കൈമാറുന്ന വിവരങ്ങൾ എത്രത്തോളം വിശ്വസനീയമാണ്‌ എന്നതിൽ മാത്രമാണ്‌ ആശങ്ക. വിശ്വസനീയമാണെന്നുറപ്പായാൽ (അതിനുള്ള വഴി വീണ്ടും പ്രിന്റ്‌ മീഡിയയിലേയ്ക്ക്‌ നമ്മളെ കൊണ്ടുചെന്നെത്തിക്കുന്നു എന്ന സത്യത്തെ അംഗീകരിച്ചേ മതിയാവൂ) സംഗതി എളുപ്പമാണ്‌ വലക്കണ്ണിയിൽ നമ്മുടെ സൃഷ്ടിയും ഒരു ഭാഗമാകുന്നു. ഒരു കാര്യം ഉറപ്പ്‌ .തിരച്ചിലുകളെ അങ്ങേയറ്റം ആയാസരഹിതമാക്കാൻ ലിങ്കുകൾ നല്ലപോലെ പ്രയോജനപ്പെടുന്നു എന്നത്‌. ലോകകവിതകളിൽ ഏതാണ്ട്‌ പ്രധാനപ്പെട്ട കവികളുടേയെല്ലാം തന്നെ കവിതകൾ നെറ്റില്‍ ലഭ്യമാണ്‌.

വിരലിലെണ്ണാവുന്നവരെങ്കിലും ഇടയില്‍ ചില പ്രതിഭകളും സൃഷ്ടിക്കപ്പെടുന്നു ,നല്ല ചില കൂട്ടായ്മകൾ പ്രശംസനീയമായ്‌ രീതിയിൽത്തന്നെ പ്രവർത്തിക്കുന്നു എന്നതൊക്കെ വാസ്തവം തന്നെ . എങ്കിലും ഒന്നു പറയാതെ വയ്യ ഒട്ടും ആയാസപ്പെടാതെയുള്ള എഴുത്തിനാണ്‌ പുതിയ കവികൾക്ക്‌ താല്പര്യം(ഒരു വിരൽ സ്വയം ചൂണ്ടുന്നു ) എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്‌. അല്ലെങ്കിൽ ഒന്നുമാറ്റി ഒട്ടും ആയാസപ്പെടാതെയുള്ള വായനയ്ക്കാണ്‌ പുതിയകാലത്തെ വായനക്കാരനും താൽപര്യം എന്നും പറയാമെന്നു തോന്നുന്നു. ബ്ളോഗ്‌ എന്ന മാധ്യമത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയം കവിതയാണെന്നിരിക്കേ ഇക്കാര്യം ഇപ്പോൾ ഏറ്റവും യോജിക്കുന്നത്‌ ബ്ളോഗ്‌ എഴുത്തുകാർക്കും വായനക്കാർക്കുമാണ്‌. എഴുത്ത്‌ വായനയെ മാറ്റിയെടുത്തതാണോ അതോ വായന എഴുത്തിനെ മാറ്റിയെടുത്തതാണൊ എന്നത്‌ `അണ്ടിയോ മാങ്ങയോ` എന്ന മാറ്റിൽ ചർച്ച ചെയ്യേണ്ട വിഷയം.

കൂടുതല്‍ കാഴ്ചപ്പാട്