Manoj Kuroor

കവിത ജീവിതത്തോടെന്നപോലെ അതു പ്രത്യക്ഷപ്പെടുന്ന മാധ്യമവുമായിക്കൂടി ബന്ധം പുലര്‍ത്തുന്നത്‌ ആധുനികതയുടെ ആരംഭം മുതല്‍ക്കു കാണാവുന്ന സവിശേഷതയാണ്‌. അതുവരെ കേള്‍വിയെയും ദൃശ്യകലാരൂപങ്ങളെയും ആശ്രയിച്ചിരുന്ന കവിത അച്ചടിയിലൂടെ നിശ്ചലമായ കാഴ്‌ചകൂടിയായിത്തീര്‍ന്നു. എന്നാല്‍ അപ്പോഴും കവിത അനുഭവതലത്തില്‍ കേള്‍വിയെത്തന്നെ ഉന്നം വയ്‌ക്കുന്നുവെന്നാണ്‌ ഹാര്‍വേ ഗ്രോസ്‌, റിച്ചാര്‍ഡ്‌ ഡി. ക്യുറെടോണ്‍ എന്നിവരുടെ ശ്രാവ്യഭാവന എന്ന സങ്കല്‌പനം മുന്നോട്ടുവയ്‌ക്കുന്ന വാദം. ക്യുറെടോണിന്റെ സിദ്ധാന്തം ഇങ്ങനെ സംഗ്രഹിക്കാം:

എഴുതപ്പെട്ട വാക്കിന്‌ അധീശത്വമുള്ള സമകാലികസംസ്‌ക്കാരത്തില്‍ കവിതയുടെ താളപരമായ ഏകകങ്ങള്‍ അച്ചടിച്ച വരികളായി പ്രത്യക്ഷപ്പെടുന്നു. അങ്ങനെ കാവ്യപരമായ താളചലനത്തെക്കുറിച്ചുള്ള നമ്മുടെ ചിന്ത കേള്‍ക്കുന്ന വരികള്‍ എന്നതിനെക്കാള്‍ കാണുന്ന വരികള്‍ എന്ന തരത്തിലാണ്‌ വികസിക്കുന്നത്‌. എങ്കിലും വാക്കുകളില്‍ കാണുന്നതെന്തെന്നു വിവരിക്കുമ്പോള്‍ത്തന്നെ രൂപകാത്മകമായ ഭാഷയില്‍ നാം കേള്‍വിയിലൂടെയുള്ള സംവേദനവും ആര്‍ജ്ജിക്കാന്‍ ശ്രമിക്കുന്നു. ഏതായാലും നമ്മുടെ ശ്രാവ്യാനുഭവങ്ങള്‍ അവയുടെ ചലനാത്മകവും ക്ഷണികവുമായ സ്വഭാവത്തിലൂടെ ദൃശ്യാനുഭവങ്ങളുടെ പൊതുസ്വഭാവമായ മനസ്സിന്റെ ഭൗതികമായ പ്രവര്‍ത്തനങ്ങളില്‍നിന്നു രക്ഷപ്പെടുന്നു. അതുകൊണ്ടുതന്നെ അവ ഭാഷയുടെ പ്രതീകാത്മകമായ ശക്തിക്കു വിഷയീഭവിക്കാന്‍ വിസമ്മതിക്കുന്നു.

ഇക്കാരണങ്ങളാല്‍ ദൃശ്യജീവിതലോകവുമായുള്ള നമ്മുടെ ബന്ധം ശ്രാവ്യജീവിതലോകവുമായുള്ള ബന്ധത്തില്‍നിന്നു വളരെ വ്യത്യസ്‌തമാണ്‌. ദൃശ്യലോകം ആപേക്ഷികമായി സ്ഥിരവും അതുകൊണ്ടുതന്നെ വിശദീകരിക്കുകയും അടയാളപ്പെടുത്തുകയും ചെയ്യാവുന്നതുമാണ്‌. അതിന്റെ ഫലമായി അതു നമുക്കു പുറത്തായി നിലനില്‌ക്കുന്നു. ശ്രാവ്യലോകമാകട്ടെ അസ്ഥിരവും അവ്യവസ്ഥിതവുമായതുകൊണ്ട്‌ അതിനെ നമ്മുടെ ആന്തരികജീവിതത്തിലേക്ക്‌ ഉള്‍ച്ചേര്‍ക്കുന്നതിനുള്ള പ്രേരണയുണ്ടാകുന്നു. ശബ്‌ദത്തെ സംബന്ധിച്ച അനുഭവങ്ങളുടെ അസ്ഥിരവും പ്രവാഹാത്മകവുമായ അവസ്ഥ മൂലം നാം അവയെ നമ്മുടെ കാലബോധത്തില്‍ ഉള്‍പ്പെടുത്തുന്നു. ഈ കാലബോധമാകട്ടെ നമ്മുടെ വൈകാരികജീവിതവുമായ ഗാഢബന്ധമുള്ളതാണ്‌.

ക്യുറെടോണിന്റെ ഈ വാദം അച്ചടിച്ച കവിതയുടെ കാഴ്‌ചയെ അനുഭവതലത്തില്‍ എങ്ങനെ മറ്റൊരു തരത്തില്‍ ഉള്‍ക്കൊള്ളുന്നുവെന്നതിനെ വിശദീകരിക്കുന്നു. കാഴ്‌ചയായി പ്രത്യക്ഷപ്പെടുന്ന കവിതകളില്‍പ്പോലും വൈയക്തികമായ കാലബോധം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന്‌ അതു വ്യക്തമാക്കുന്നു. എങ്കിലും അക്കാലത്തെ കവിതകളില്‍ പ്രചാരം നേടിയ പല തരത്തിലുള്ള ചിത്രബന്ധങ്ങള്‍, കാഴ്‌ചയെക്കുറിക്കുന്ന പ്രതീകങ്ങള്‍ എന്നിവ കൂടി പരിഗണിക്കുമ്പോള്‍ കവിതയുടെ ദൃശ്യാനുഭവത്തെയും അതിന്റെ സ്ഥലപരമായ ബന്ധത്തെയും അവഗണിക്കാനുമാവില്ല. അച്ചടിച്ച കവിതയ്‌ക്ക്‌ അതു നിലനില്‌ക്കുന്ന മാധ്യമവുമായുള്ള ബന്ധമാണ്‌ പറഞ്ഞുവന്നത്‌.

തുടര്‍ന്നുവന്ന ടെലിവിഷന്‍ കവിതയുടെ കേള്‍വിയില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. കവിതാവതരണത്തിനുള്ള ബഹുമുഖസാധ്യതകളുണ്ടായിട്ടും ഈ മാധ്യമം അത്‌ വേണ്ടത്ര ഉപയോഗിച്ചെന്നു തോന്നുന്നില്ല. എച്ച്‌. ബി. ഒ. ചാനലിലെ 'ഡെഫ്‌ ജാം പോയട്രി' പോലുള്ള പരിപാടികളെ ചില കവികള്‍ ജനങ്ങളിലേക്കുള്ള കവിതയുടെ മടങ്ങിവരവായി കാണുന്നുണ്ടെങ്കിലും 'ആ കലയുടെ മരണം' എന്നാണ്‌ പോയട്രി സ്ലാം പോലുള്ള പരിപാടികളെ മുന്‍നിര്‍ത്തി ഹാരോല്‍ഡ്‌ ബ്ലൂമിനെപ്പോലുള്ള നിരൂപകര്‍ വിലയിരുത്തുന്നതെന്നും ഓര്‍ക്കേണ്ടതുണ്ട്‌. മലയാളത്തിലെ ഒരു ചാനല്‍ അവതരിപ്പിക്കുന്ന 'മാമ്പഴം' എന്ന കവിതാവതരണപരിപാടി കവിയരങ്ങ്‌, ചൊല്‌ക്കാഴ്‌ച എന്നിങ്ങനെ കവിതാവതരണത്തിലെ വികാസഘട്ടങ്ങളെ തിരസ്‌കരിച്ചുകൊണ്ട്‌ രാഗബദ്ധമായ കവിതാലാപനത്തില്‍ ഒതുങ്ങിനില്‌ക്കുന്നതിനു മാത്രമാണ്‌ താല്‌പര്യം കാണിക്കുന്നത്‌. അച്ചടിയിലായാലും ടെലിവിഷന്‍ പരിപാടിയിലായാലും സംവേദനത്തിന്റെ ഘട്ടത്തില്‍ നേരിട്ട്‌ ഇടപെടാനാവാത്ത ആസ്വാദകസമൂഹത്തെയാണ്‌ അവതരണങ്ങള്‍ അഭിമുഖീകരിക്കുന്നതെന്നത്‌ അതത്‌ മാധ്യമങ്ങളുടെകൂടി സവിശേഷതയാണ്‌.

ഈ മാധ്യമങ്ങളില്‍നിന്നൊക്കെ വ്യത്യസ്‌തമാണ്‌ സമീപകാലത്തു പ്രചാരം നേടിയ ഇന്റര്‍നെറ്റ്‌. അച്ചടിയുടെയും ടെലിവിഷന്റെയും സവിശേഷതകള്‍ ഒരേ സമയം ഉപയോഗിക്കാനാവുന്നു എന്നതു മാത്രമല്ല, ഈ പുതിയ മാധ്യമത്തിന്റെ പ്രത്യേകത. കവിതയുടെ വിനിമയഘട്ടത്തില്‍ത്തന്നെ വായനക്കാര്‍ക്ക്‌ സക്രിയമായി ഇടപെടാനാകുന്നു എന്നത്‌ ഇവിടെ പ്രധാനമാകുന്നു. മാത്രമല്ല, ഈ മാധ്യമം സമകാലികജീവിതവുമായിത്തന്നെ അത്രമേല്‍ ഇഴചേര്‍ന്നിരിക്കുന്നു. വിനിമയത്തിന്റെ ഈ പാരസ്‌പര്യവും ജീവിതബന്ധവും കവിതയെ അതു പ്രസിദ്ധീകരിക്കുന്ന സ്ഥലവുമായി ചേര്‍ത്തു നിര്‍ത്തുന്നു. എഴുത്തിന്റെ കാലത്ത്‌ അക്ഷരവിജ്ഞാനംപോലെതന്നെയുള്ള അടിസ്ഥാനപരമായ സാക്ഷരത ഈ മാധ്യമം ആവശ്യപ്പെടുന്നു. ഈ സാക്ഷരത ഉള്ളവരെന്നും ഇല്ലാത്തവരെന്നും ഈ പുതിയ മാധ്യമം ജനതയെ രണ്ടായി പിളര്‍ത്തുന്നു. 'ഈ' സാക്ഷരതയില്ലാത്തവര്‍ പുതിയ ലോകത്ത്‌ സ്വയം അപ്രസക്തരാകുന്നു. കാരണം സമകാലികജീവിതത്തില്‍ അറിവിന്റെയും അനുഭവത്തിന്റെയും പ്രധാനമാധ്യമംതന്നെ ഇന്റര്‍നെറ്റ്‌ എന്ന ഈ മായികയാഥാര്‍ത്ഥ്യവുമായാണല്ലൊ കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്‌. പി. പി. രാമചന്ദ്രന്‍ അടുത്ത കാലത്ത്‌ കമ്പ്യൂട്ടറിനു മുന്നിലും കുട്ടികളെ എഴുത്തിനിരുത്തുന്നത്‌ ഒരു കൗതുകമായല്ല, സമകാലികജീവിതത്തിന്റെ അനിവാര്യതയായി വേണം കാണേണ്ടത്‌.

നമ്മുടെ സൈബര്‍ ജീവിതംതന്നെ ഒന്നു പരിശോധിക്കുക. സൈബര്‍ സ്‌പേസ്‌ എന്ന വാക്ക്‌ ആദ്യമായി ഉപയോഗിച്ച സൈബര്‍ പങ്ക്‌ നോവലിസ്റ്റായ വില്യം ഗിബ്‌സന്റെ ന്യൂറോമാന്‍സര്‍ എന്ന നോവല്‍ പുറത്തുവരുന്നത്‌ 1984 ല്‍ ആണ്‌. ജൈവികമോ സാമൂഹികമോ ആയ വിനിമയത്തിന്റെ നിയന്ത്രണത്തെപ്പറ്റിയുള്ള സൈബര്‍നെറ്റിക്‌സ്‌ എന്ന സിദ്ധാന്തത്തില്‍നിന്നു സ്വീകരിച്ചതാണ്‌ അതിലെ സൈബര്‍ എന്ന വാക്ക്‌. തങ്ങളുടെ ബോധത്തെ കമ്പ്യൂട്ടര്‍ ശൃംഖലയുമായി ബന്ധിപ്പിച്ച കഥാപാത്രങ്ങളാണ്‌ ഗിബ്‌സന്റെ നോവലിലുള്ളത്‌. ഇന്റര്‍നെറ്റിനു പ്രചാരമില്ലാതിരുന്ന ഒരു കാലത്ത്‌ നോവലെഴുതുമ്പോള്‍ താന്‍ പ്രയോഗിച്ച പുതിയ വാക്ക്‌ അതിന്റെ പരിമിതമായ അര്‍ത്ഥത്തില്‍നിന്നു സ്വതന്ത്രമായി വികസിക്കുമെന്ന്‌ ഗിബ്‌സണ്‍ പോലും കരുതിയിരിക്കില്ല. ഒരു വൈറസ്‌ പോലെ, സംസ്‌കാരങ്ങളില്‍നിന്ന്‌ സംസ്‌കാരങ്ങളിലേക്കു പടര്‍ന്നു പിടിക്കുന്ന ആശയത്തെയും ചിന്തയെയും കുറിക്കുന്ന 'മിമി' എന്ന സാംസ്‌കാരികവൈറസ്‌ പോലെ, സൈബര്‍ സ്‌പേസ്‌ എന്ന വാക്ക്‌ പ്രചാരം നേടുകയും അതിന്റെ സ്വതന്ത്രമായ അര്‍ത്ഥങ്ങളിലേക്കെത്തിച്ചേരുകയും ചെയ്യുന്നു.

ഇന്നത്തെ ജീവിതത്തില്‍ വ്യക്തിയുടെ ബോധതലം ഈ സൈബര്‍ ശൃംഖലയുമായി കണ്ണിചേര്‍ക്കപ്പെട്ടിരിക്കുന്നു. വീട്ടിലും തൊഴിലിടത്തിലും യാത്രയിലും അത്‌ അയാളോടൊപ്പമുണ്ട്‌. ലാപ്‌ടോപ്പ്‌, ഐ പോഡ്‌, മൊബൈല്‍ ഫോണ്‍, നെറ്റ്‌ബുക്ക്‌ എന്നിങ്ങനെ ഏതു സമയത്തും ഈ ബന്ധത്തെ നിലനിര്‍ത്തുന്ന സാങ്കേതികോപകരണങ്ങളുമുണ്ട്‌. മനുഷ്യരുടെ പ്രാഥമികചോദനകളില്‍ ആഹാരവും വായുവും ഒഴിച്ചുള്ളവയെല്ലാം മറ്റൊരു തരത്തില്‍ തൃപ്‌തിപ്പെടുത്താനുള്ള ശേഷി ഈ നവസാങ്കേതികതയ്‌ക്കുണ്ട്‌. അത്‌ ലോകത്തെയും അധോലോകത്തെയും ഒന്നാക്കുന്നു. ഴാക്‌ ദരിദയുടെ 'ആക്‌ടുവിര്‍ച്വാലിറ്റി', 'ആര്‍ട്ടിഫാക്‌ച്വാലിറ്റി' എന്നീ പദച്ചേരുവകളെ ഓര്‍മ്മിപ്പിക്കുംവിധത്തില്‍ അത്‌ യാഥാര്‍ത്ഥ്യത്തെയും മിഥ്യയെയും സ്വാഭാവികതയെയും കൃത്രിമത്വത്തെയും വേര്‍പിരിക്കാനാവാത്ത വിധം ഇഴചേര്‍ക്കുന്നു. ഭൗതികലോകത്തിലെ അയല്‍ക്കാരെ അറിയില്ലെങ്കിലും ലോകത്തിന്റെ പലയിടങ്ങളിലുമുള്ളവര്‍ പുതിയ അയല്‍ക്കാരായിത്തീരുന്നു. അവര്‍തന്നെ യാഥാര്‍ത്ഥ്യമോ മിഥ്യയോ എന്നറിയാനാവാത്ത അവസ്ഥയുണ്ടാകുന്നു. ഇത്തരത്തില്‍ സൗഹൃദങ്ങളും പ്രണയങ്ങളും ലോകബോധവുമെല്ലാം പുതിയൊരു രീതിയില്‍ നിര്‍ണയിക്കാന്‍ ശേഷിയുള്ള ഈ കാലത്തെ ജീവിതവും കവിത പ്രസിദ്ധീകരിക്കുന്ന മാധ്യമവും ഒന്നുതന്നെയാകുമ്പോള്‍ ആ ജീവിതചിഹ്നങ്ങള്‍ മാത്രമല്ല കവിതയുടെ രചനാസങ്കേതങ്ങളും പ്രസിദ്ധീകരണരീതിയും വായനയുംതന്നെ സ്വാഭാവികമായും പരിവര്‍ത്തനപ്പെടുന്നു.

ഇത്തരത്തിലുള്ള ഒരു പരിവര്‍ത്തനത്തെ മലയാളത്തിലെ സൈബര്‍ കവിത അധികമൊന്നും അഭിമുഖീകരിച്ചതായി തോന്നുന്നില്ല. അച്ചടിമാധ്യമങ്ങള്‍ തിരസ്‌കരിച്ചവയോ അവയുടെ പരിഗണന ലക്ഷ്യമാക്കാത്തവയോ ആയ കവിതകള്‍ സ്വയം പ്രസിദ്ധീകരിക്കുക എന്ന സാധ്യതയാണ്‌ ബ്ലോഗ്‌ കവിതകള്‍ ഇപ്പോഴും കൂടുതലായി പ്രയോജനപ്പെടുത്തുന്നത്‌. വായനശാലയെന്ന ചര്‍ച്ചാവേദിയെ പകരംവയ്‌ക്കുന്ന തരത്തിലുള്ള കമന്റുകളുമുണ്ട്‌. എങ്കിലും കവിതന്നെ ഒരു മായികമായ സ്വത്വമായിത്തീരുന്ന അവസ്ഥ ബ്ലോഗ്‌ കവികള്‍ സ്വാഭാവികമായിത്തന്നെ ഉള്‍ക്കൊണ്ടുവെന്നു സൂചനകളുണ്ട്‌. ഉമ്പാച്ചി, ലാപുട തുടങ്ങിയ പുതിയ കവിപ്പേരുകള്‍ക്ക്‌ ലിംഗം, വംശം, ദേശം തുടങ്ങിയ ചിഹ്നങ്ങളെ മറയ്‌ക്കാനാവുന്നതു നോക്കുക. എന്നാല്‍ കണ്ണികളില്‍നിന്നു കണ്ണികളിലേക്കു സംക്രമിക്കുന്ന വായനയുടെയും ചിത്രങ്ങള്‍, ചലനചിത്രങ്ങള്‍, ശബ്‌ദങ്ങള്‍ എന്നിങ്ങനെ കവിതയുടെ ഭാഗമായിത്തന്നെ ഉപയോഗിക്കാവുന്ന സങ്കേതങ്ങളുടെയും സാധ്യതകള്‍ ബ്ലോഗ്‌ കവിതകള്‍ അധികമൊന്നും പ്രയോജനപ്പെടുത്തിയിട്ടില്ല എന്നു തോന്നുന്നു.

പ്രസിദ്ധീകരണകാര്യത്തിലുള്ള സ്വാതന്ത്ര്യം അധോതലസംസ്‌കാരത്തിന്റെയും വ്യവസ്ഥാപിതത്വത്തിനെതിരായ ആവിഷ്‌കാരത്തിന്റെയും ഭാഗമായാണ്‌ മറ്റു പല ഭാഷകളിലും ഉപയോഗിക്കപ്പെട്ടതെന്നുമോര്‍ക്കാം. ബോധപൂര്‍വമുള്ള ഉള്‍ച്ചേര്‍ക്കലിനു പകരം സ്വാഭാവികമായിത്തന്നെ ഇത്തരം കാര്യങ്ങള്‍ സൈബര്‍ സ്ഥലത്തു പ്രത്യക്ഷപ്പെടുന്ന കവിതകളില്‍ സംഭവിക്കുമെന്നു ഞാന്‍ കരുതുന്നു. പുതിയ സ്ഥല-കാലങ്ങളോട്‌ അങ്ങനെ കവിതയും പൊരുത്തപ്പെടുന്നതിനുള്ള സാധ്യതയാണ്‌ ഇപ്പോള്‍ നമുക്ക്‌ പ്രവചിക്കാനാവുക. അങ്ങനെ കവിത അച്ചടിമാധ്യമത്തിനു സാധ്യമല്ലാത്ത തലങ്ങള്‍ ഈ നവമാധ്യമത്തിലൂടെ സ്വാംശീകരിക്കുമെന്നു പ്രതീക്ഷിക്കാം.

കൂടുതല്‍ കാഴ്ചപ്പാട്