Ramachandran. P.P

1

ഏറെനാള്‍ക്കുശേഷം അഭിരാമിയുടെ ഒരു കവിത അയച്ചുകിട്ടി. അതു വായിച്ചപ്പോള്‍ അവള്‍ വളര്‍ന്നുപോയല്ലോ എന്ന് സന്തോഷവും അഭിമാനവും തോന്നി. അഭിരാമി ഏഴാംതരത്തില്‍ പഠിക്കുമ്പോഴാണ് അവളുടെ കവിതകള്‍ ഞാന്‍ ഹരിതകത്തില്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയത്. ഇന്നോളം അവളെഴുതിയ എല്ലാ കവിതകളും ഹരിതകത്തിലുണ്ട്. നിരീക്ഷണത്തിലും ഭാവനയിലും അവളുടെ രചനകള്‍ വേറിട്ടു നിന്നു. മുതിര്‍ന്നവരെ അതിശയിപ്പിച്ച ഒരു കുട്ടിത്തം ആദ്യരചനകളില്‍ത്തന്നെ അവള്‍ പ്രകടിപ്പിച്ചു. നിരവധി സഹൃദയര്‍ അവളെ അഭിനന്ദിച്ചുകൊണ്ട് എഴുതി. ചെറുതല്ലാത്ത ചില പുരസ്‌കാരങ്ങളും ലഭിച്ചു. അതിലാളനം ആപത്താകുമോ എന്നുപോലും ഞാന്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ അവള്‍ നിശ്ശബ്ദയായി എഴുതിക്കൊണ്ടിരുന്നു. മറ്റുപല നവാഗതപ്രതിഭകളേയും പോലെ അച്ചടിപ്പുസ്തകമിറക്കാനോ അവതാരികയെഴുതിക്കാനോ പ്രമുഖരെക്കൊണ്ട് പ്രകാശനം ചെയ്യിക്കാനോ അവള്‍ ധൃതികൂട്ടിയില്ല.

കഥയല്ലിതു ജീവിതം എന്നത് അമൃത ടി.വിയിലെ ഒരു റിയാലിറ്റി ഷോ ആണ്. ഫാമിലി കൌണ്‍സിലിങ് വിഷയമായ ഒരു കുടുംബക്കോടതി. അസംതൃപ്തദമ്പതിമാരുടെ ഉള്ളുതുറക്കല്‍. കണ്ണീരും നെടുവീര്‍പ്പും ശാപവചനങ്ങളും തത്സമയം. അന്യരുടെ കുടുംബപ്രശ്‌നങ്ങള്‍ മണത്തറിയാനും പറഞ്ഞുപരത്താനുമുള്ള അയല്‍പക്കത്തിന്റെ സഹജവാസനയാണ് ഈ പരിപാടിയുടെ വിജയം. താക്കോല്‍പ്പഴുതിലൂടെ ഒളിഞ്ഞുനോക്കുമ്പോഴെന്നപോലെയുള്ള സുഖം.

അഭിരാമിയുടെ കവിതയില്‍ ജീവിതരഹസ്യങ്ങള്‍ പങ്കുവെക്കുന്നത് രാമനും സീതയുമാണ്. എത്ര വിദഗ്ദ്ധമായ കൌണ്‍സിലിങ്ങിനും പരിഹരിക്കാനാവാത്തവിധം അവര്‍ വേര്‍പിരിഞ്ഞിരിക്കുന്നു.

വരൂ,
അങ്ങ് ഈ കരയില്‍ കല്ലിട്ടുതുടങ്ങൂ,
ഞാന്‍ ആ കരയിലെ മരച്ചോട്ടില്‍
കാത്തിരിപ്പു തുടരാം.

എന്നാണ് അഭിരാമിയുടെ സീത പറയുന്നത്. സീതാന്വേഷണം സീതയ്ക്കുവേണ്ടിയായിരുന്നില്ല എന്നറിഞ്ഞ സീത. തങ്ങളുടെ വിധി മുന്‍കൂട്ടി അറിയാവുന്ന, അവസാനിക്കാതെ ആവര്‍ത്തിക്കുന്ന, മുതിര്‍ന്നവരുടെ ഒരു കളി. ജീവിതം എന്ന റിയാലിറ്റി ഷോ.

അഭിരാമി ഇപ്പോള്‍ പത്താംതരത്തിലാണ് പഠിക്കുന്നത്. അവളുടെ ലോകം വികസ്വരമായിക്കൊണ്ടിരിക്കുന്നു. ഒപ്പം അവളുടെ കാഴ്ചപ്പാടുകളും.

2

നിയന്ത്രിക്കാനും നിലയ്ക്കുനിര്‍ത്താനും തുനിയുന്ന ലോകത്തോടുള്ള കുതറലാണ് ഗിരിജ പാതേക്കരയുടെ പ്രതീകാത്മകഭാഷണങ്ങളുടെ കാതല്‍. മുനവെച്ച ആത്മഗതങ്ങള്‍. നനവറ്റ ബന്ധങ്ങളുടെ ഡ്രൈവാഷ്. അടിവരയിടാത്ത പ്രിയങ്ങള്‍. തോല്‍പ്പിച്ചാലും തലയുയര്‍ത്തുന്ന ജയങ്ങള്‍.

വരികള്‍ വെട്ടിമാറ്റി അവന്‍ തന്നെ നേര്‍വരയാക്കി. പിന്നെ ബിന്ദുവാക്കി ഒതുക്കി. അപ്പോള്‍ അവള്‍:

ഇനിയുമെന്നെ വെട്ടി മുറിക്കാനോ
മായ്ച്ചു കളയാനോ
നിനക്കാവില്ല
കാരണം
നിന്റെ വാക്യങ്ങളെല്ലാം
അര്‍ത്ഥപൂര്‍ണ്ണങ്ങളായി
അവസാനിക്കണമെങ്കില്‍
അടയാളപ്പെടുത്താന്‍
എന്നെത്തന്നെ വേണ്ടേ
നിനക്ക്?

3

എഴുത്തിലെ പെണ്‍മ ലിംഗനീതിയ്ക്കുവേണ്ടിയുള്ള നിലപാടുമാത്രമാണോ? ലിംഗാഭിമാനവും പെണ്മയെ എടുത്തുകാട്ടുന്നില്ലേ? അങ്ങനെയുള്ള കവിതകള്‍ ബാലാമണിയമ്മയും സുഗതകുമാരിയും മാധവിക്കുട്ടിയും വിജയലക്ഷ്മിയും രചിച്ചിട്ടുണ്ട്. കടുത്ത സ്ത്രീവാദികള്‍ക്ക് അവ ഒരു പക്ഷേ ആസ്വാദ്യമായിക്കൊള്ളണമെന്നില്ല. തന്നിലെ പെണ്മയെ ആസ്വദിക്കുകയും അതിനെ ആവിഷ്‌കരിക്കുകയും ചെയ്യുന്ന ഒരു വീട്ടമ്മക്കവിയാണ് സന്ധ്യ. അമ്മിഞ്ഞ കൊടുക്കുകയും തുണിയലക്കുകയും പാത്രം കഴുകുകയും മുറ്റമടിക്കുകയും എല്ലാം ചെയ്യുമ്പോഴും അതിലെല്ലാം സൂക്ഷ്മമായ കാവ്യാനുഭവം കണ്ടെത്തുന്ന ഒരു വീട്ടമ്മ.

ഭൂമി
ഉരുണ്ടതാണെന്നവള്‍
പഠിച്ചുകഴിഞ്ഞു.

അമ്മിഞ്ഞയില്‍ത്തൊട്ട്
അമ്മിഞ്ഞയില്‍ച്ചവിട്ടി
അമ്മിഞ്ഞയില്‍ക്കടിച്ച്
മെല്ലെയവള്‍ പറയുന്നു:

'ദാ അമ്മേ പൂമി'
ബ്ലൗസിനിടയിലൂടെ
തൂക്കിയിട്ട
പൂമിയില്‍ നിന്നും
പാലു കുടിച്ചുകൊണ്ടിരുന്നു
അവള്‍.

പുതുകവിതയിലെ പെണ്‍വഴിയില്‍ ഇങ്ങനെ മുലചുരത്തുന്ന ഒരമ്മയെ മുമ്പു കണ്ടിട്ടില്ല.