Ramachandran. P.P

പൂര്‍വ്വകവികളുടെ അപ്രശസ്തവും അപരിചിതവുമായ രചനകളിലൂടെയുള്ള  പി. രാമന്റെ ഏകാന്തസഞ്ചാരത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. വായനയില്‍ തുടക്കംമുതലേ രാമന്‍ വേറിട്ട വഴികളിലൂടെ നടന്നു. എല്ലാവരും വായിക്കുന്നത് രാമന്‍ വായിച്ചില്ല. രാമന്‍ വായിച്ചതിലാകട്ടെ എല്ലാവരും പുതുമ കണ്ടെത്തി. ചിരപരിചയംകൊണ്ട് ശ്രദ്ധയില്‍പ്പെടാതിരുന്ന ഈരടികള്‍ രാമന്‍ ചൊല്ലിക്കേള്‍ക്കുമ്പോള്‍ ആദ്യമായി കേള്‍ക്കുന്നപോലെ ആഹ്ലാദമുണ്ടാക്കി. അങ്ങനെ കാലം കല്ലാക്കിമാറ്റിയ ചില രചനകളെങ്കിലും രാമസ്പര്‍ശത്താല്‍ അഹല്യകളായി പുനര്‍ജ്ജനിച്ചിട്ടുണ്ട്. ഈയ്യിടെ രാമന്‍ അതിനെക്കുറിച്ചെല്ലാം എഴുതിവരുന്നുണ്ട്.  സി.എ.ജോസഫ്, എ.പി. ഇന്ദിരാദേവി, ടി.ആര്‍.ശ്രീനിവാസ്, വി.വി.കെ. വാലത്ത്, പുലാക്കാട്ട് രവീന്ദ്രന്‍ , സുധാകരന്‍ തേലക്കാട്, ഏറ്റുമാനൂര്‍ സോമദാസന്‍ തുടങ്ങിയവരുടെ അനന്യതയെക്കുറിച്ച്. കാവ്യചരിത്രത്തില്‍ അവരെ അടയാളപ്പെടുത്തേണ്ട അക്ഷാംശബിന്ദുവിനെക്കുറിച്ച്..

രാമന്‍ പഴയ കാവ്യപുസ്തകങ്ങള്‍ തേടി നടന്നു. പാലക്കാട്ടെ നാഷണല്‍ ബുക്‌സ്റ്റാളിലെ 'നിലത്തിറക്കിക്കിടത്തിയ' പൊടിയണിഞ്ഞ പഴമ്പുസ്തകക്കൂമ്പാരത്തില്‍നിന്നാണ് പലപ്പോഴും അയാള്‍ അറുപതുകളിലും എഴുപതുകളിലും ഇറങ്ങിയ, രണ്ടും മൂന്നും രൂപ വിലവരുന്ന, കാവ്യസമാഹാരങ്ങള്‍ കണ്ടെടുത്തത്. ആവര്‍ത്തിച്ചുവായിച്ച് അയാളതു മിക്കവാറും ഹൃദിസ്ഥമാക്കുകയും ചെയ്യും. ഏതരങ്ങിലും സന്ദര്‍ഭോചിതമായി വരികള്‍ ഉദ്ധരിക്കാന്‍ രാമനു പുസ്തകം ആവശ്യമില്ല.

ഞങ്ങളുടെ കോലായചര്‍ച്ചകള്‍ രാമന്റെ മുഴങ്ങുന്ന കാവ്യാലാപംകൊണ്ട് എപ്പോഴും സമ്പന്നമായിരുന്നു. 'ഒരു കാര്‍മുകില്‍ക്കീറ്' എന്ന കവിതയില്‍ എന്റെ അനുഭവം മുമ്പു ഞാനെഴുതിയിട്ടുണ്ട്.

നേരമല്ലാനേരമിപ്പോള്‍ ആരു വിളിക്കുന്നു?
വാതിലുതുറക്കെയൊരു കാര്‍മുകിലിന്‍ കീറ്.
കണ്ണിലതേ മിന്നലുണ്ട് തൊണ്ടയില്‍ മുഴക്കം
കണ്ണടയും പുഞ്ചിരിയും മുന്നിലിതാ രാമന്‍!

കുഞ്ഞിരാമന്‍നായ,രിടശ്ശേരി,വൈലോപ്പിള്ളി
എന്നിവര്‍തന്‍ സമുദ്രത്തില്‍നിന്നു നീരുമോന്തി
മണ്ണുവിട്ടുയര്‍ന്നുമെന്നാല്‍ വിണ്ണുവിട്ടു താഴ്ന്നും
കാറ്റിലെങ്ങോനിന്നുമെത്തി കാത്തുനില്പാണെന്നെ!

രാമന്‍ വീട്ടിലെത്തിയാല്‍ കവിതയുടെ കര്‍ക്കടകപ്പേമാരിയായി. അച്ചടിപ്പാഠങ്ങളില്‍ ജഡമായിക്കിടന്ന വരികള്‍ക്ക് രാമന്‍ സ്വന്തം പ്രാണവായുകൊണ്ട്  ഉച്ചാരണത്തിലൂടെ ജീവന്‍ നല്കും. രാത്രി പുലരുവോളം ഞങ്ങളിരിക്കും. ഉണര്‍ന്നാലും പല്ലുതേപ്പും പ്രാതലും മറന്ന് ആ ഇരിപ്പുതുടരും. സഹൃദയനായ രാമന്റെ തോളിലിരുന്നു സഞ്ചരിക്കുകയായിരുന്നു കവിയായ രാമന്‍ എന്നു തോന്നാറുണ്ട്.

രാമന്‍ പട്ടാമ്പിയില്‍നിന്നു മറയൂരിലേക്കും പിന്നെ നെന്മാറയിലേക്കും താമസംമാറിയതോടെ പഴയപോലെയുള്ള കൂടിക്കാഴ്ചകള്‍ക്ക് അവസരം കുറഞ്ഞു. ആയിടെയാണ് അയാള്‍ അപ്രശസ്തരുടെ  രചനകളിലേയ്ക്കു തിരിഞ്ഞത്. പിന്നീട് ടെലിഫോണിലായി കവിത ചൊല്ലിക്കേള്‍പ്പിക്കല്‍. കഴിഞ്ഞയാഴ്ച താന്‍ പുതിയൊരു പഴങ്കവിയെ കണ്ടെത്തിയ കാര്യം വലിയ ആവേശത്തോടെ വിളിച്ചുപറഞ്ഞു. കവിയാരെന്നു പറയാതെ ഏതാനും കവിതകള്‍ ചൊല്ലിത്തന്നു. ആധുനികതാകാലത്തെ ചൊല്‍വഴക്കമുള്ള, തീക്ഷ്ണബിംബങ്ങള്‍ നിറഞ്ഞ രചനകള്‍. എഴുപതുകള്‍ എഴുതിയതാവാനേ തരമുള്ളു എന്നു ഞാന്‍ പറഞ്ഞു.

"ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ ആദ്യം വായിച്ചവര്‍ ഈ കവി അയാളുടെ മാറ്റൊലിയാണെന്നേ പറയൂ. എന്നാല്‍ ബാലചന്ദ്രന്റെ മുന്‍ഗാമിയാണിയാള്‍. പില്‍ക്കാലത്ത് ബാലചന്ദ്രന്‍ തന്റെ കവിതയില്‍ വികസിപ്പിച്ച ഭ്രമാത്മകബിംബകല്പനകളുടെ പ്രാഗ്രൂപം ഈ കവിതളിലുണ്ട്. ഇടപ്പള്ളിയില്‍നിന്ന് ചുള്ളിക്കാടിലേക്കുള്ള ഇടവഴിയിലാണ് ഇയാളുടെ സ്ഥാനം. ഈ വരികള്‍ കേള്‍ക്കൂ:

" സ്നേഹമേ നിശ്ചലസമുദ്രത്തില്‍നിന്നുമെത്തുന്നു
ശീതമൃത്യുവിന്‍ നിമന്ത്രണം
വേപഥുകൊള്ളും ശപ്തജന്മത്തെ
പൊതിയൂ നിന്‍ തൂവലാല്‍
ശിലാഭൂവില്‍ നീ എന്റെ രക്ഷാദുര്‍ഗ്ഗം
സ്വപ്നത്തിന്‍ ഹരിതസംഗീതമായ് ഒഴുകി
നീയെത്തുക ജ്വരതപ്തനിദ്രയില്‍
ജനിയുടെ അനന്തസമസ്യ നീയഴിയ്ക്ക ...."

ശരിയാണ്. നല്ല സാദൃശ്യമുണ്ട്. വേറെയും വരികള്‍ രാമന്‍ ചൊല്ലിത്തന്നു. എന്നിട്ടും കവി ആരെന്നു വെളിവാക്കാതെ ആകാംക്ഷയില്‍ നിര്‍ത്തിക്കൊണ്ട് തന്റെ കണ്ടെത്തലിനെക്കുറിച്ച് രാമന്‍ വാചാലനായിക്കൊണ്ടിരുന്നു. ഒടുവില്‍ പറഞ്ഞു. 1976 ല്‍ പ്രസിദ്ധീകരിച്ച ഒരു പുസ്തകമാണ്. ശീര്‍ഷകം പ്രവാസഗീതം. കവി കെ.വി. തമ്പി.

ഹരിതകത്തില്‍ ചേര്‍ക്കുന്നതിനുവേണ്ടി ആ കവിതകളിലൂടെ കടന്നുപോയപ്പോള്‍ രാമനു തോന്നിയ അത്ഭുതമോ ആവേശമോ എനിക്കുണ്ടായില്ലെന്ന് തുറന്നുപറയട്ടെ. എങ്കിലും തന്റെ സവിശേഷമായ ശൈലിയില്‍ രാമന്‍ അതു ചൊല്ലിക്കേള്‍ക്കുമ്പോള്‍ രസിക്കാതിരുന്നുമില്ല. അത്രമാത്രം. ഇത്തരം വീണ്ടുവായനകളെ ഒരു മാനുഷികപ്രവര്‍ത്തനമായാണ്  താന്‍ കാണുന്നതെന്ന് രാമന്‍ പറയുന്നു. "എത്ര അപ്രസിദ്ധരാണെങ്കിലും അവര്‍ക്കു ചിലതു പറയാനുണ്ട്. അതിനു കാതോര്‍ക്കുക എന്നത് മാനുഷികമായ ധര്‍മ്മമാണ്. അവരുടെ കാലം അതു ചെയ്തില്ലെങ്കില്‍ നമുക്ക് ഇന്നതു കഴിയും."

മാനുഷികമെന്നതിനേക്കാള്‍  രാമന്റെ വീണ്ടുവായനയ്ക്ക് തീര്‍ച്ചയായും ചരിത്രപരവും രാഷ്ട്രീയവുമായ മാനങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നു.  ഓരങ്ങളിലേക്കു മാറ്റിയൊതുക്കപ്പെട്ട ജനതയെ പരിഗണിക്കുന്നതുപോലെ അതു സാഹിത്യത്തിലെ അവഗണിക്കപ്പെട്ട പ്രകാശനങ്ങളെ  വിസ്മൃതിയില്‍നിന്നു വീണ്ടെടുക്കുന്നു.

പ്രവാസഗീതത്തിലെ ഏതാനും കവിതകള്‍ ശ്രീ. കെ.വി. തമ്പിയുടെ അനുവാദത്തോടെ ഹരിതകത്തില്‍ ചേര്‍ക്കുന്നു. രാമന്റെ വായനയുടെ ശബ്ദരേഖയോടൊപ്പം.തമ്പിയ്ക്കും രാമനും നന്ദി.