Ramachandran. P.P

കവിത ജനകീയമാക്കുന്നതിന് ഏതെല്ലാം മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്താമെന്ന് പഴയകാലംതൊട്ടേ ആലോചനകളും പരീക്ഷണങ്ങളും നടന്നിരുന്നു. മൂന്നു നൂറ്റാണ്ട് മുമ്പ് കുഞ്ചന്‍ നമ്പ്യാര്‍ ഈ വഴിക്കു ചിന്തിച്ച കവിയാണ്. കവിത അവതരിപ്പിക്കുന്നതിനുമാത്രമായി ഉണ്ടാക്കിയ കലാരൂപമാണല്ലോ തുള്ളല്‍. കവിത എന്ന ഭാഷാനിഷ്ഠമായ വ്യവഹാരത്തെ ഗീതം, വാദ്യം, വേഷം, നാട്യം തുടങ്ങിയ ഇതരകലാസാദ്ധ്യതകളെക്കൂടി പ്രയോജനപ്പെടുത്തിക്കൊണ്ട് ആകര്‍ഷകമാക്കുകയായിരുന്നു നമ്പ്യാര്‍.

ഓരോ കാലത്തും സാങ്കേതികവിദ്യയിലും പ്രസിദ്ധീകരണവിദ്യയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ സാഹിത്യരൂപങ്ങളുടെ ഘടനയെ പുനര്‍നിര്‍വ്വചിക്കുന്നുണ്ട്. വാമൊഴിക്കാലത്തെ കവിതയല്ല, താളിയോലക്കാലത്തേത്. അതല്ല അച്ചടിക്കാലത്തേത്. ഇലക്ട്രോണിക് മാധ്യമങ്ങളുടെ സമകാലം കവിതയുടെ രൂപഘടനയെയും ആവിഷ്കാരരീതിയെയും സ്വാധീനിക്കുന്നത് നാമറിയുന്നു. ഹൈപ്പര്‍ ടെക്സ്റ്റും മള്‍ട്ടിമീഡിയയും ആനിമേഷനും മറ്റും നമ്മുടെ കവിതക്ക് (ഭാഷയ്ക്കു) ഇനിയും പുതിയപുതിയ ആഖ്യാനഘടനകള്‍ ഉണ്ടാക്കിയേക്കാം.

മലയാളത്തില്‍ കവിതാവതരണത്തിന് സവിശേഷമായ ഒരു വഴക്കമുണ്ട്. നൂറ്റാണ്ടുകള്‍ക്കുമുമ്പത്തെ വാചികാഭിനയപാരമ്പര്യവുമായി ബന്ധപ്പെട്ടതാണത്. കൂത്തുമുതല്‍ അക്ഷരശ്ലോകവും കവിയരങ്ങും കോലായയും ചൊല്‍ക്കാഴ്ചയും എല്ലാം അതുപിന്നിട്ട വഴികളാണ്. ഇപ്പോള്‍ ടെലിവിഷനും ഇന്‍റര്‍നെറ്റും അതിന് വേറെയൊരു മാനംകൂടി നല്‍കാന്‍ ശ്രമിക്കുന്നു.

കൈരളി ടി.വി തുടങ്ങിവെച്ച മാമ്പഴം എന്ന കവിതാറിയാലിറ്റിഷോ വളരെപ്പെട്ടെന്ന് ജനപ്രീതിയാര്‍ജ്ജിച്ചത് എന്തുകൊണ്ടാണ്? കാവ്യാസ്വാദനത്തിലെ ഏത് അഭാവത്തെ നിറവേറ്റിക്കൊണ്ടാണ് ആ പ്രകടനം ശ്രദ്ധയാകര്‍ഷിക്കുന്നത്? പൊതുവേ ആലാപനസുഖമുള്ള പദ്യകവിതകളാണ് മുന്‍നിശ്ചയപ്രകാരം ഇതിലേക്കായി തെരഞ്ഞെടുക്കുന്നത്. ഐഡിയാ സ്റ്റാര്‍ സിംഗറിലെ ജഡ്ജിമാരുടെ അതേ മട്ടില്‍ത്തന്നെയാണ് ഇവിടേയും ജഡ്ജിമാര്‍ വിധി പ്രഖ്യാപിക്കുന്നത്. ചലച്ചിത്രഗാനത്തിനു പകരം കവിതകള്‍ എന്നുമാത്രം. ഗദ്യത്തിലുള്ള കവിതകളൊന്നും ആരും അവതരിപ്പിക്കാന്‍ മുതിര്‍ന്നു കണ്ടിട്ടില്ല. കവിത എന്നാല്‍ പദ്യംമാത്രമാണെന്നും ഇടയ്ക്കകൊട്ടിപ്പാടേണ്ട ഒന്നാണെന്നും ഒരു മുന്‍വിധിയുള്ളതുപോലെ തോന്നും.

എന്തുകൊണ്ട് ഭാഷയിലെ മികച്ച ഗദ്യകവിതകള്‍ക്ക് വ്യത്യസ്തമായ ഒരവതരണരീതി അവലംബിച്ചുകൂടാ? അവതരിപ്പിക്കുന്നത് കവിതകള്‍തന്നെയാവണമെന്നോ കവികള്‍തന്നെയാവണമെന്നോ പോലും നിഷ്കര്‍ഷിക്കേണ്ടതില്ല. വിശാലമായ അര്‍ത്ഥത്തില്‍ Performing Language എന്നു പറയാം. ചന്ത്രക്കാരന്റെ ആത്മഗതംപോലെ അത്യുജ്ജ്വലമായ മോണോലോഗുകള്‍. തട്ടകം പോലെ, തൃക്കോട്ടൂര്‍ പെരുമ പോലെ ദേശമുദ്രയും സ്വത്വമുദ്രയും പതിഞ്ഞുകിടക്കുന്ന മലയാളത്തിലെ മികച്ച ആഖ്യാനങ്ങള്‍.

ടെലിവിഷന് പരിമിതികളുണ്ട്. ഏകപക്ഷീയതയാണ് മുഖ്യം. അതിനെ മറികടക്കുന്ന ഇന്റര്‍ആക്ടിവിറ്റി എന്ന സാദ്ധ്യത ഇന്റര്‍നെറ്റിലാണുള്ളത്. പാരസ്പര്യമാണ് അതിന്റെ കാതല്‍. ടെലിവിഷനില്‍ കവിത മാമ്പഴമാണെങ്കില്‍ ഇന്റര്‍നെറ്റില്‍ അത് ചക്കപ്പഴമാണ്. മാമ്പഴത്തിന്റേത് ഏകപക്ഷീയമായി ആസ്വദിക്കേണ്ട മാധുര്യമാണെങ്കില്‍ ചക്കപ്പഴം പലര്‍കൂടി പങ്കിട്ടെടുക്കേണ്ട ആസ്വാദനമാണ്. ചക്ക ആരും ഒറ്റയ്ക്കു തിന്നാറില്ല. കൂട്ടായിരുന്ന് തുണ്ടംവെട്ടി മുളഞ്ഞും ചകിണിയും മാറ്റി തിന്നുകയാണ് അതിന്റെ രീതി.

എന്നാല്‍ ആവഴിക്ക് നമ്മുടെ ബൂലോകം സഞ്ചരിച്ചിട്ടുണ്ടോ? മുദ്രണാനന്തരയുഗം (അച്ചുകള്‍ക്കുശേഷം വന്ന അടിക്കാലം) നമ്മുടെ കവിതാവതരണരീതികളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവരുമോ? ഇക്കഴിഞ്ഞ ഒക്ടോബര്‍ 15ന് ഹരിതകം.കോമും പട്ടാമ്പി ഗവ.കോളേജ് മലയാളവകുപ്പും സംയുക്തമായി സംഘടിപ്പിച്ച കവിസംഗമത്തിന്റെ മുഖ്യപ്രമേയമായിരുന്നു ഇത്. കവിതവായനയും സംവാദവുമുണ്ടായി. കാലംതെറ്റി കോരിച്ചൊരിഞ്ഞമഴയത്തും കവിതയുടെ ആത്മമിത്രങ്ങളായ ഏതാനുംപേര്‍ പട്ടാമ്പിയിലെത്തി. പി.രാമന്‍, കെ.ആര്‍.ടോണി, അന്‍വര്‍ അലി, ജ്യോതിബായി പരിയാടത്ത്, സാബു, മനോജ് കുറൂര്‍, എം.ആര്‍.അനില്‍കുമാര്‍, ജയകൃഷ്ണന്‍ വല്ലപ്പുഴ, ശ്രീനാഥ്, അഭിരാമി… കവിത വായിക്കാന്‍ നിരഞ്ജന്‍, അജിത്, ലതീഷ് മോഹന്‍, ടി.പി.വിനോദ്, രാജേഷ് നന്തിയങ്കോട്. സന്തോഷ്. എഛ്.കെയും വിഷ്ണുപ്രസാദും പട്ടാമ്പിയില്‍ ആതിഥ്യമൊരുക്കി.